എട്ടാം വയസിൽ അമിതവണ്ണത്തിന് ആഴ്സണൽ അക്കാദമി പുറത്താക്കി; 33-ാം വയസിൽ ബാലൺ ഡി ഓർ നേടി; ഇത് ഹാരി കെയൻ ഹീറോയിസം
Harry Kane's football career so far: ഒരുകാലത്ത് ഫുട്ബോൾ കളിക്കാൻ തന്നെ കഴിയുമോ എന്ന് ആശങ്കപ്പെട്ടിരുന്ന ഒരു ബാലൻ തന്റെ 33-ാം വയസിൽ ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തിന് ലഭിക്കുന്ന പുരസ്കാരങ്ങളിൽ ഏറ്റവും മുന്നിലുള്ള ബാലൺ ഡി ഓർ സ്വന്തമാക്കുമ്പോൾ അതിൽ സിനിമയെ വെല്ലുന്ന ഒരു ഹീറോയിസവും കാലത്തിന്റെ ഒരു കരുതലും ഒളിഞ്ഞിരിക്കുന്നുണ്ട്.
ഈ വർഷത്തെ ബാലൺ ഡി ഓർ വിജയിക്കായി കാത്തിരുന്ന ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ സാക്ഷിയാക്കി ഇംഗ്ലിഷ് താരം ഹാരി കെയ്ൻ പുരസ്കാരം ഏറ്റുവാങ്ങിയിരിക്കുകയാണ്. 25 വർഷങ്ങൾക്കുശേഷം ആദ്യമായി ഈ പുരസ്‌കാരം സ്വന്തമാക്കുന്ന ഇംഗ്ലീഷ് താരം എന്ന നേട്ടവും ഇതിലൂടെ ഹാരി കെയ്ൻ കൈവരിച്ചിരിക്കുന്നു. ഈ വർഷം ബാലൺ ഡി ഓർ നേടാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെട്ടിരുന്നത് ഇംഗ്ലണ്ടിന്റെയും ബയേൺ മ്യൂണിക്കിന്റെയും സ്ട്രൈക്കറായ ഹാരി കെയ്ന് തന്നെയായിരുന്നു. ഒരുകാലത്ത് ഫുട്ബോൾ കളിക്കാൻ തന്നെ കഴിയുമോ എന്ന് ആശങ്കപ്പെട്ടിരുന്ന ഒരു ബാലൻ തന്റെ 33-ാം വയസിൽ ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തിന് ലഭിക്കുന്ന പുരസ്കാരങ്ങളിൽ ഏറ്റവും മുന്നിലുള്ള ബാലൺ ഡി ഓർ സ്വന്തമാക്കുമ്പോൾ അതിൽ സിനിമയെ വെല്ലുന്ന ഒരു ഹീറോയിസവും കാലത്തിന്റെ ഒരു കരുതലും ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നു.
വെറും 8 വയസ്സുള്ളപ്പോൾ, “അമിതവണ്ണമുണ്ട്” എന്ന കാരണത്താൽ ആഴ്സണൽ അക്കാദമിയിൽ നിന്ന് ഒഴിവാക്കപ്പെട്ട ചരിത്രം ഹാരി കെയ്ന് ഉണ്ട്. ആഴ്സണൽ പോലുള്ള ഒരു മുൻനിര ക്ലബ്ബിലെ സ്കൗട്ടുകൾക്കും പരിശീലകർക്കും പോലും അദ്ദേഹത്തിലെ പ്രതിഭ തിരിച്ചറിയാൻ കഴിഞ്ഞില്ല എന്നുവേണം പറയാൻ. ഒരു പ്രൊഫഷണൽ താരത്തിന് ആവശ്യമായ ശാരീരികക്ഷമത കെയ്നിനില്ലെന്ന് അന്ന് അദ്ദേഹത്തോട് അവർ പറയുകയുണ്ടായി.
Also Read: ഹാരി കെയ്ൻ അല്ലാതെ വേറെയാര്? ചരിത്രം കുറിച്ച് ഇംഗ്ലീഷ് താരം; ബാലൺ ഡി ഓർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
ഫുട്ബോളിൽ ഉയരാൻ ആവശ്യമായ കഴിവ് കെയ്നിനുണ്ടെന്ന് ആഴ്സണൽ വിശ്വസിച്ചില്ല. അതിനാൽത്തന്നെ അദ്ദേഹം അവിടെ തഴയപ്പെട്ടു. മിക്ക കുട്ടികളും ഇത്തരമൊരു തിരിച്ചടിയിൽ തളർന്നുപോയേനെ, എന്നാൽ ഒരു യഥാർഥ പ്രതിഭ ജയിക്കുന്നത് വെല്ലുവിളികളെ അതിജീവിച്ച് വിജയം വരിക്കുമ്പോഴാണ് എന്ന് ഹാരി കെയ്ൻ തന്റെ ജീവിതം കൊണ്ട് തെളിയിച്ചു.
നോർത്ത് ലണ്ടനിലെ ആഴ്സണലിന്റെ എതിരാളികളായ ടോട്ടനം ഹോട്സ്പറിൽ സ്ഥിരമായി കളിക്കാൻ അവസരം ലഭിക്കുന്നതിന് മുൻപ്, തന്റെ കഴിവ് തെളിയിക്കുന്നതിനായി നാല് വ്യത്യസ്ത ക്ലബ്ബുകളിലേക്ക് ലോൺ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് പോകേണ്ടി വന്നു. ലീഗ് വണ്ണിലെ ലെയ്റ്റൺ ഓറിയന്റ്, ചാമ്പ്യൻഷിപ്പിലെ മിൽവാൾ, പ്രീമിയർ ലീഗിലെ നോർവിച്ച് സിറ്റി, തുടർന്ന് ചാമ്പ്യൻഷിപ്പിലെ തന്നെ ലെസ്റ്റർ സിറ്റി എന്നിങ്ങനെ വിവിധ ക്ലബ്ബുകളിൽ കെയ്ൻ സമയം ചെലവഴിച്ചു.
താഴ്ന്ന ലീഗുകളിലെ ഈ നാല് കഠിനമായ ലോൺ കാലയളവുകൾ അദ്ദേഹത്തിന് നിരവധി തിരിച്ചടികൾ നൽകി, ഒപ്പം മനക്കരുത്തും. ഇംഗ്ലീഷ് ഫുട്ബോളിന്റെ ഉന്നത തലത്തിൽ കളിക്കാൻ ആവശ്യമായ വേഗതയോ, കൃത്യതയോ, കഴിവോ അദ്ദേഹത്തിനുണ്ടോ എന്ന് വിമർശകർ നിരന്തരം ചോദ്യം ചെയ്തുകൊണ്ടിരുന്ന ആ വർഷങ്ങളിൽ, അദ്ദേഹം നിശബ്ദമായി കഠിനാധ്വാനം ചെയ്തു. തന്നെ സംശയിച്ചവർക്ക് തെറ്റുപറ്റിയെന്ന് തെളിയിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
കളിക്കളത്തിലെ തന്റെ നീക്കങ്ങൾ ഹാരി അതീവ ശ്രദ്ധയോടെ പരിഷ്കരിച്ചു, ഇരു കാലുകൾ കൊണ്ടും ഗോളുകൾ നേടാനുള്ള കഴിവ് വികസിപ്പിച്ചെടുത്തു, ഒപ്പം അചഞ്ചലമായ മാനസിക കരുത്തും കെട്ടിപ്പടുത്തു. ടോട്ടൻഹാമിൽ അവസരം ലഭിച്ചപ്പോൾ, അത് പ്രയോജനപ്പെടുത്തിയ ഹാരി ചരിത്രം തിരുത്തിയെഴുതി. ടോട്ടൻഹാം ഹോട്‌സ്‌പറിനായും ഇംഗ്ലണ്ടിനായും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായി മാറിയ കെയ്ൻ, ലോക ഫുട്ബോളിലെ ഏറ്റവും അപകടകാരികളായ സ്ട്രൈക്കർമാരിൽ ഒരാളായി തന്നെ അടയാളപ്പെടുത്തി.
മറ്റുള്ളവരുടെ കണക്കുകൂട്ടലുകൾ തന്റെ കരിയറിന്റെ ഗതി നിർണയിക്കാൻ ഹാരി കെയ്ൻ ഒരിക്കലും അനുവദിച്ചില്ല. 30-ാം വയസ്സിൽ ജർമ്മൻ ക്ലബ് ബയേൺ മ്യൂണിക്കിലെത്തിയ അദ്ദേഹം, ബുണ്ടസ്‌ലിഗ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി മാറി. 95 ദശലക്ഷം യൂറോ എന്ന വമ്പൻ തുകയാണ് ഈ ഇംഗ്ലീഷ് താരത്തിനായി ബവേറിയൻ വമ്പന്മാർ മുടക്കിയത്. തുടർന്ന് 31-ാം വയസ്സിലാണ് കെയ്‌ന് ഒടുവിൽ ഒരു പ്രധാന കിരീടം ഉയർത്താനായത്.
ഒടുവിൽ 33-ാം വയസിൽ ലോകത്തെ എല്ലാ ഫുട്ബോൾ താരങ്ങളുടെയും സ്വപ്നനേട്ടമായ ബാലൺ ഡി ഓർ പുരസ്കാര ജേതാവായി ഹാരി കെയ്ൻ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ”നിശബ്ദമായി കഠിനാധ്വാനം ചെയ്യുക. വിജയം നിങ്ങളുടെ ശബ്ദമാകട്ടെ” എന്ന പുരസ്കാര നേട്ടത്തിന് ശേഷമുള്ള ഹാരിയുടെ രണ്ടുവരി ട്വീറ്റിൽ അദ്ദേഹത്തിന്റെ മുഴുവൻ ഫുട്ബോൾ യാത്രയുടെയും ആഴം അടങ്ങിയിരിക്കുന്നു.
അതെ, ശാരീരികക്ഷമത പോരാ എന്ന കാരണത്താൽ എട്ടാം വയസ്സിൽ ക്ലബ്ബിൽ നിന്ന് ഒഴിവാക്കപ്പെട്ട ഹാരി കെയ്ൻ, ഇന്ന് ലോക ഫുട്ബോളിന്റെ നെറുകയിൽ, ‘ബാലൺ ഡി ഓർ’ ജേതാവായി തലയുയർത്തി നിൽക്കുന്നു. എഴുതിത്തള്ളപ്പെട്ടവന്റെ വിശ്വ വിജയമായി ഈ പുരസ്കാര നേട്ടത്തെ നമുക്ക് നോക്കിക്കാണാം.
English Summary
Harry Kane’s receipt of the 2026 Ballon d’Or is not merely a recognition of his talent or a testament to a London-born star reaching the pinnacle of football; it also signifies the long, arduous journey he has undertaken and the stories that unfolded along the way. The fact that Harry Kane, who was released from the Arsenal Academy at the age of eight now stands at the very summit of world football, smiling with the Ballon d’Or in his hands, is a feat of heroism that rivals the drama of any film.