Kerala Blasters: ‘ടീമിന്റെ ഊര്‍ജ്ജം ചോര്‍ന്നു’! നിരാശ പങ്കുവെച്ച് ആഷ്‌ലി വെസ്റ്റ്‌വുഡ്; കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി മാസ്റ്റര്‍ പ്ലാന്‍
Kerala Blasters master plan: ഇനി ഫിറ്റ്‌നസ് മെച്ചപ്പെടുത്തി മത്സരത്തിലേക്ക് കരുത്തോടെ തിരിച്ചെത്തുകയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ നീക്കം. ചെന്നൈയിനെതിരായ മത്സരശേഷം ലഭിക്കുന്ന ഇടവേളയില്‍ അതിനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് ടീം കടക്കുമെന്ന് വ്യക്തമാക്കുന്നതായിരുന്നു വെസ്റ്റ്‌വുഡിന്റെ വാര്‍ത്താ സമ്മേളനം. മുംബൈ സിറ്റിക്കെതിരായ മത്സരത്തില്‍ താരങ്ങള്‍ക്ക് ഫിറ്റ്‌നസ് ഇല്ലായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.
കൊച്ചി: ടീമിന്റെ ഫിറ്റനസ് ലെവല്‍ കുറവായതാണ് മുംബൈ സിറ്റിക്കെതിരായ ഹോം മത്സരത്തില്‍ സമനില വഴങ്ങേണ്ടി വന്നതെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ആഷ്‌ലി വെസ്റ്റ്‌വുഡ്. ഇതേക്കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്ല. കാരണം അതൊരു ഒഴികഴിവായി തോന്നാം. എന്നാൽ അതൊരു ഒഴികഴിവല്ല, മറിച്ച് യാഥാർത്ഥ്യമാണ്. നമുക്ക് അൽപ്പം കൂടി സമയം ആവശ്യമാണ്. താരങ്ങള്‍ ഫിറ്റ്‌നസ് മെച്ചപ്പെടുത്തേണ്ടതുണ്ട്. കളിക്കാർക്ക് 95-96 മിനിറ്റ് മുഴുവൻ കളിക്കാനുള്ള ശാരീരികക്ഷമത ലഭിക്കേണ്ടതുണ്ട്. നിലവിൽ അതിന് കഴിയുന്നില്ലെന്ന് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ വ്യക്തമാക്കി.
തയ്യാറെടുപ്പിന് മതിയായ സമയം ലഭിച്ചില്ല. സാധാരണയായി നമുക്ക് 6 പ്രീ-സീസൺ മത്സരങ്ങൾ ലഭിക്കാറുണ്ട്. മറ്റു ടീമുകൾ ഡ്യൂറന്റ് കപ്പ് പോലുള്ള ടൂര്‍ണമെന്റുകളും മറ്റും കളിച്ചിട്ടുണ്ട്. 90 മിനിറ്റ് പൂർണ്ണമായി കളിക്കാനുള്ള ഫിറ്റ്‌നസ് നമുക്ക് ആവശ്യമാണ്. മാച്ച് ഫിറ്റ്‌നസ് ഇല്ലാത്തതിനാൽ സബ്സ്റ്റിറ്റ്യൂഷനുകൾ നടത്തേണ്ടി വരുന്നത് പരിശീലകന്‍ എന്ന നിലയിൽ നിരാശാജനകമാണെന്നും അദ്ദേഹം മുംബൈക്കെതിരായ മത്സരശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
വാര്‍ത്താ സമ്മേളനത്തിന്റെ വീഡിയോ
എങ്കിലും ഇതുവരെയുള്ള 3 മത്സരങ്ങളിൽ നിന്ന് നമ്മൾ 4 പോയിന്റുകൾ നേടിയിട്ടുണ്ട്. നിലവിലെ അവസ്ഥയിൽ നമ്മൾ ടോപ്പ് 6 ഫിനിഷിനുള്ള അവസ്ഥയിലാണ്. ശനിയാഴ്ച ചെന്നൈക്കെതിരെ എവേ മത്സരത്തിൽ വിജയിച്ചാൽ 12 കളിയിൽ നിന്ന് 7 പോയിന്റാകും. ഈ ക്ലബ്ബ് ഒരു ഘട്ടത്തിൽ ഇല്ലാതാകാൻ പോയതായിരുന്നു എന്നതും അവസാന നിമിഷമാണ് ടീമിനെ കൂട്ടിച്ചേർത്തത് എന്നതും ഓർക്കണം. അങ്ങനെ നോക്കുമ്പോൾ നമ്മൾ ശരിയായ കാര്യങ്ങളാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഊര്‍ജ്ജം ചോര്‍ന്നുപോയി
മുംബൈക്കെതിരായ മത്സരത്തില്‍ അവസാന 30 മിനിറ്റില്‍ ഫിറ്റ്‌നസ് കുറഞ്ഞതായിരുന്നു പ്രശ്‌നം. നെബോജ്സ കൊസോവിചും അഡ്രിയാന്‍ ലൂണയുമടക്കമുള്ള താരങ്ങള്‍ നന്നായി കളിച്ചെങ്കിലും അവസാന നിമിഷം അവര്‍ തളര്‍ന്നുപോയി. രണ്ടാം പകുതി കഴിഞ്ഞ് 10 മിനിറ്റ് പിന്നിട്ടപ്പോള്‍ മുതല്‍ തന്നെ അവര്‍ തളര്‍ന്നു തുടങ്ങിയിരുന്നു. മോമോയും ക്ഷീണിതനായിരുന്നു. ടീമെന്ന നിലയില്‍ ഊര്‍ജ്ജം ചോര്‍ന്നുപോയി എന്ന് തന്നെ പറയാമെന്നും ആഷ്‌ലി വെസ്റ്റ്‌വുഡ് കൂട്ടിച്ചേര്‍ത്തു.
അതുകൊണ്ടാണ് പകരക്കാരെ ഇറക്കേണ്ടി വന്നത്. സബ്സ്റ്റിറ്റ്യൂഷനുകൾ നടത്തേണ്ടി വന്നു. ഒന്നിലധികം മാറ്റങ്ങൾ വരുത്തുമ്പോൾ കളിയിൽ ചെറിയ നിയന്ത്രണം നഷ്ടപ്പെടാം. ഒന്നിലേറെ സബ്സ്റ്റിറ്റ്യൂഷനുകൾ നടത്തുമ്പോള്‍ അസ്ഥിരത വരാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബ്ലാസ്‌റ്റേഴ്‌സിന്റെ മാസ്റ്റര്‍ പ്ലാന്‍
ഇനി ഫിറ്റ്‌നസ് മെച്ചപ്പെടുത്തി മത്സരത്തിലേക്ക് കരുത്തോടെ തിരിച്ചെത്തുകയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ നീക്കം. ചെന്നൈയിനെതിരായ മത്സരശേഷം ലഭിക്കുന്ന ഇടവേളയില്‍ അതിനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് ടീം കടക്കുമെന്ന് വ്യക്തമാക്കുന്നതായിരുന്നു വെസ്റ്റ്‌വുഡിന്റെ വാര്‍ത്താ സമ്മേളനം.
“താരങ്ങള്‍ ഫിറ്റ്‌നസ് വീണ്ടെടുക്കും. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പരിശീലിക്കും. വെള്ളിയാഴ്ച പരിശീലനത്തിന് ശേഷം ചെന്നൈയിലേക്ക് പുറപ്പെടും. സമയം വളരെ വേഗത്തിലാണ് കടന്നുപോകുന്നത്. ചെന്നൈയിനെതിരായ മത്സരശേഷം ജിം വര്‍ക്കുകളടക്കം നടത്തി ഫിറ്റ്‌നസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കുറച്ച് സമയം ലഭിക്കും. നവംബര്‍ അവസാനത്തിലും, ഡിസംബര്‍ തുടക്കത്തിലും വരാനിരിക്കുന്ന മത്സരങ്ങള്‍ക്കായി കൂടുതല്‍ ഫിറ്റാകും”-ആഷ്‌ലി വെസ്റ്റ്‌വുഡ് പറഞ്ഞു.
English Summary
Kerala Blasters coach Ashley Westwood blamed poor player fitness for their draw against Mumbai City. He noted that crucial players ran out of energy during the final 30 minutes of the match. Lack of adequate pre-season preparation forced him to make late subbing decisions. The team plans to focus heavily on fitness training before their upcoming fixtures.