മിശിഹയുടെ കുപ്പായമല്ലേ വില കൂടും! മെസിയുടെ ജഴ്സി വിറ്റുപോയത് റോണോയുടെ ജഴ്സിയെക്കാൾ ആറിരട്ടി വിലയ്ക്ക്
Messi's jersey sold at auction for six times more than Cristiano's: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജഴ്സിയെക്കാൾ ആറിരട്ടി വിലയ്ക്ക് ലയണൽ മെസിയുടെ ജഴ്സി വിറ്റുപോയി. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ദീർഘകാല മസാജറായിരുന്ന റോഡ് തോൺലി തന്റെ ശേഖരത്തിലുണ്ടായിരുന്ന അപൂർവ്വ വസ്തുക്കൾ ലേലത്തിൽ വച്ചപ്പോഴാണ് ഈ മെസി- റോണോ ജഴ്സി ഏറ്റുമുട്ടൽ ഉണ്ടായിരിക്കുന്നത്. മെസിയുടെയും റോണോയുടെയും മാത്രമല്ല, റോഡ് തോൺലിയുടെ ശേഖരത്തിലുണ്ടായിരുന്ന ഡേവിഡ് ബെക്കാം ഉൾപ്പെടെയുള്ള മറ്റ് ചില താരങ്ങളുടെ ജഴ്സികളും ലേലത്തിൽ വിറ്റുപോയിട്ടുണ്ട്.
ഇപ്പോഴും കളിക്കളത്തിൽ തുടരുന്ന ഫുട്ബോൾ താരങ്ങളിലെ ഇതിഹാസങ്ങളാണ് ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. രണ്ട് പേരും തങ്ങളുടെ പ്രതിഭകൊണ്ട് ഫുട്ബോൾ ചരിത്രത്തിൽ ഇതിഹാസങ്ങൾ രചിച്ചിട്ടുണ്ടെങ്കിലും ഇവരിൽ ആരാണ് കൂടുതൽ കേമൻ എന്ന തർക്കം ആരാധകർക്കിടയിൽ ഇപ്പോഴും എപ്പോഴും നിലനിൽക്കുന്നു. അതിനാൽത്തന്നെ ഏത് മേഖലയിലും ഇരുവരുടെയും നേട്ടങ്ങൾ താരതമ്യപ്പെടുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ ജഴ്സി ലേലത്തിൽ പോലും മെസി- റോണോ മത്സരം കടന്നുവരികയും ഇതിൽ മെസിയുടെ ജഴ്സി റോണോയുടെ ജഴ്സിയെക്കാൾ ആറിരട്ടി വിലയ്ക്ക് വിൽക്കപ്പെടുകയും ചെയ്തിരിക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ദീർഘകാല മസാജറായിരുന്ന റോഡ് തോൺലി തന്റെ ശേഖരത്തിലുണ്ടായിരുന്ന അപൂർവ്വ വസ്തുക്കൾ ലേലത്തിൽ വച്ചപ്പോഴാണ് ഈ മെസി- റോണോ ജഴ്സി ഏറ്റുമുട്ടൽ ഉണ്ടായിരിക്കുന്നത്.
ലേലത്തുക
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റയൽ മഡ്രിഡ് (2014-15) കാലഘട്ടത്തിലെ ജഴ്സി ലേലത്തിൽ 10,601 യു.എസ് ഡോളർ (ഏകദേശം 9.05 ലക്ഷം രൂപ). വിലയിലാണ് വിറ്റുപോയത്. അതേസമയം ലയണൽ സെമിയുടെ 2012 ബാഴ്സലോണക്കാലത്തെ ജഴ്സി വിറ്റുപോയത് 66,107 യു.എസ് ഡോളർ (ഏകദേശം 56.4 ലക്ഷം രൂപ) വിലയിലായിരുന്നു. അതായത് റോണോയുടെ ജഴ്സിയെക്കാൾ പലമടങ്ങ് മൂല്യം മെസിയുടെ ജഴ്സിക്ക് കിട്ടി.
Also Read: കിരീടമില്ലാതെ എന്ത് ക്യാപ്റ്റൻ; ബാഴ്സയുടെ ക്യാപ്റ്റനായതിന് പിന്നാലെ ജോയൻ ഗാംപർ ട്രോഫി നേടി റാഫിഞ്ഞ
ജഴ്സികളുടെ പ്രത്യേകത
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജഴ്സി റയൽ മാഡ്രിഡിന്റെ 2014-15 സീസണിലെ മത്സരത്തിനായി തയ്യാറാക്കിയ ജഴ്സിയായിരുന്നു. റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിച്ചിരുന്ന കാലത്ത് തോൺലിയുമായി നല്ല സൗഹൃദത്തിലായിരുന്നു. അതിനാൽ തോൺലിക്ക് വേണ്ടി ഒരു പ്രത്യേക പഴ്സണൽ മെസേജ് എഴുതി ഒപ്പിട്ട് റൊണാൾഡോ സമ്മാനിച്ചതാണ് ഈ ജഴ്സി.
മെസിയുടെ ജഴ്സി
2012 ഓഗസ്റ്റിൽ ബാഴ്സലോണയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ ഒൾഡ് ട്രാഫോർഡിൽ വച്ച് നടന്ന പ്രീ-സീസൺ സൗഹൃദ മത്സരത്തിൽ (0-0) മെസി ധരിച്ചതാണ് ഈ ജഴ്സി. ചരിത്രത്തിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ (91 ഗോളുകൾ) മെസി നേടിയ അതേ വർഷത്തിലായിരുന്നു ഈ മത്സരം.
മത്സരശേഷം ബാഴ്സലോണ താരം ജെറാർഡ് പിക്വെയുടെ സഹായത്തോടെ ഡ്രസ്സിംഗ് റൂമിലെത്തിയ റോഡ് തോൺലിക്ക് മെസി താൻ ധരിച്ചിരുന്ന ജഴ്സി അഴിച്ചുനൽകുകയും അതിൽ ഒപ്പിട്ടു നൽകുകയുമായിരുന്നു. ഇതാണ് ഇപ്പോൾ ലേലത്തിൽ റോണോയുടെ ജഴ്സിയെക്കാൾ വിലയിൽ വിറ്റുപോയത്. അതേസമയം ലേലത്തിൽ വന്ന റോണോയുടെ ജഴ്സി അദ്ദേഹം നേരിട്ട് ഒപ്പിട്ട് സമ്മാനിച്ചതാണെങ്കിലും അത് അദ്ദേഹം ഏതെങ്കിലും മത്സരത്തിൽ ധരിച്ചതായിരുന്നില്ല.
മെസിയുടെയും റോണോയുടെയും മാത്രമല്ല, റോഡ് തോൺലിയുടെ ശേഖരത്തിലുണ്ടായിരുന്ന മറ്റ് ചില താരങ്ങളുടെ ജഴ്സികളും ലേലത്തിൽ വിറ്റുപോയിട്ടുണ്ട്. അതിൽ റയാൻ ഗിഗ്സ് ($10,103 ഡോളർ- ഏകദേശം 8.62 ലക്ഷം രൂപ), പോൾ സ്കോൾസ് ($4,585- ഏകദേശം 3.91 ലക്ഷം രൂപ), ഡേവിഡ് ബെക്കാം ($3,884- ഏകദേശം 3.32 ലക്ഷം രൂപ), ഗാരി നെവിൽ ($1,758- ഏകദേശം 1.50 ലക്ഷം രൂപ) എന്നിവയും ഉൾപ്പെടുന്നു.
English Summary
Lionel Messi’s jersey sold for six times more than Cristiano Ronaldo’s. The Messi-Ronaldo jersey clash came about when Rod Thornley, a long-time Manchester United masseur, put up rare items from his collection for auction. Not only Messi and Ronaldo’s jerseys, but also some other players’ jerseys from Rod Thornley’s collection, including David Beckham, were also sold at auction.