ഏറിന് ‘ബലമില്ല’, യെല്ലോ മതി! മെസിയുടേത് വയലന്റ് കണ്ടക്ട് അല്ലെന്ന് റഫറി; റെഡ് കാർഡ് കുറ്റമെന്ന് കോർട്ടോയിസ്
Lionel Messi throw-ball controversy: കൊളംബസ് ക്രൂ - ഇൻർ മയാമി മത്സരത്തിന്റെ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു വിവാദ സംഭവം ഉണ്ടായത്. വേഗത്തിൽ ത്രോ-ഇൻ എടുക്കാൻ ശ്രമിച്ച മെസിയുടെ മുമ്പിലായി കൊളംബസ് താരം ഗോൺസാലോ ടാപിയ നിലയുറപ്പിച്ചത് തർക്കത്തിന് കാരണമായി. തുടർന്ന് മെസി പന്ത് ടാപിയയുടെ മുഖത്തേക്ക് തള്ളുകയും സമീപത്തുനിന്ന് എറിയുകയുമായിരുന്നു.

Lionel Messi Vs Gonzalo Tapia Throw Ball Controversy
കഴിഞ്ഞ ദിവസം എംഎൽഎസ് കപ്പ് പ്ലേഓഫ് ഫസ്റ്റ് റൗണ്ടിൽ കൊളംബസ് ക്രൂവിനെതിരായ മത്സരത്തിനിടെ ഇന്റർ മയാമി താരം ലയണൽ മെസി എതിർ ടീം താരം ഗോൺസാലോ ടാപിയയുടെ മുഖത്തേക്ക് ബോൾ എറിഞ്ഞ സംഭവത്തിൽ റെഡ് കാർഡ് ശിക്ഷ നൽകണമെന്ന് ആവശ്യം. കൊളംബസ് ക്രൂ കോച്ച് ലോറന്റ് കോർട്ടോയിസ് ആണ് മെസിയുടെ ശിക്ഷ റഫറി യെല്ലോ കാർഡിൽ ഒതുക്കിയതിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. എതിർതാരത്തിന് നേർക്ക് ബോൾ ത്രോ ചെയ്ത മെസിയുടെ നടപടി ഇതിനകം ഫുട്ബോൾ ലോകത്ത് വൻ ചർച്ചകൾക്ക് വഴിയിട്ടു. നേരത്തെ 2024-ൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ചുവപ്പ് കാർഡ് ലഭിച്ച സംഭവവുമായി മെസിയുടെ ത്രോ വിവാദത്തെ താരതമ്യപ്പെടുത്തി വരെ ചർച്ചകൾ കൊഴുക്കുകയാണ്.
കൊളംബസ് ക്രൂ – ഇൻർ മയാമി മത്സരത്തിന്റെ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു വിവാദ സംഭവം ഉണ്ടായത്. വേഗത്തിൽ ത്രോ-ഇൻ എടുക്കാൻ ശ്രമിച്ച മെസിയുടെ മുമ്പിലായി കൊളംബസ് താരം ഗോൺസാലോ ടാപിയ നിലയുറപ്പിച്ചത് തർക്കത്തിന് കാരണമായി. തുടർന്ന് മെസി പന്ത് ടാപിയയുടെ മുഖത്തേക്ക് തള്ളുകയും സമീപത്തുനിന്ന് എറിയുകയുമായിരുന്നു.
സംഭവത്തിൽ ഇരുവർക്കും യെല്ലോ കാർഡ് നൽകിക്കൊണ്ടാണ് അലൻ ചാപ്മാൻ ഈ സംഭവം മൈതാനത്ത് തീർത്തത്. എന്നാൽ മഞ്ഞ കാർഡിനേക്കാൾ വലിയ ശിക്ഷ മെസി അർഹിച്ചിരുന്നുവെന്നും എല്ലാവർക്കും ഇക്കാര്യം അറിയാം എന്നുമായിരുന്നു കൊളംബസ് പരിശീലകൻ ലോറന്റ് കോർട്ടോയിസിന്റെ നിലപാട്. ഇത് ശരിക്കും സങ്കടകരമാണെന്നും ലോറന്റ് കോർട്ടോയിസ് മത്സരശേഷം പ്രതികരിച്ചു.
അതേസമയം മെസി എതിർ താരത്തിന്റെ നേർക്ക് പന്ത് എറിയാൻ വളരെ കുറച്ച് ബലം മാത്രമേ പ്രയോഗിച്ചുള്ളൂ എന്നതാണ് റഫറി കണക്കിലെടുത്തത്. പ്രയോഗിച്ച ബലം വളരെ കുറവായതിനാൽ മെസിയുടെ ഏറ് ‘വയലന്റ് കണ്ടക്ട്’ ആയി കണക്കാക്കാനാവില്ലെന്നാണ് റഫറിയുടെ വിശദീകരണം. അതിനാൽത്തന്നെ തന്റെ തീരുമാനം ശരിയായിരുന്നു എന്നാണ് റഫറിയുടെ നിലപാട്.
റൊണാൾഡോ വിവാദം
2024-ൽ സൗദി സൂപ്പർ കപ്പ് സെമിഫൈനലിൽ അൽ-നസ്റിനായി കളിക്കവെ എതിർ താരത്തെ കൈമുട്ടുകൊണ്ട് ഇടിച്ചതിന് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ചുവപ്പ് കാർഡ് ലഭിച്ചിരുന്നു. ആ സംഭവത്തെ ഇപ്പോഴത്തെ ഏറുമായി താരതമ്യം ചെയ്തുകൊണ്ട്, മെസിക്കെതിരേ മയപ്പെടുത്തിയുള്ള നടപടിയാണ് ഉണ്ടായതെന്നും അമ്പയറിങ് നിലപാടുകളിലെ വ്യത്യാസം പ്രകടമാണെന്നും ചിലർ വാദിക്കുന്നുണ്ട്.
എന്നാൽ രണ്ട് സംഭവങ്ങളും തമ്മിൽ ആനയും ആടും പോലുള്ള വ്യത്യാസം ഉണ്ടെന്ന് മെസി അനുകൂലികൾ വാദിക്കുന്നു. അടുത്തുനിന്ന് ബലം കുറച്ചാണ് മെസി എതിർത്താരത്തിന് നേർക്ക് പന്തെറിഞ്ഞത്, എന്നാൽ ത്രോ-ഇൻ തർക്കത്തിനിടെ സൗദ് അബ്ദുൽഹമീദിനെതിരെ റൊണാൾഡോ ശരീരം ഉപയോഗിച്ച് നേരിട്ട് ശാരീരിക ആക്രമണം നടത്തിയിരുന്നു. തുടർന്നാണ് റോണോയ്ക്ക് റെഡ് കാർഡ് ലഭിച്ചത്.
ശാരീരിക ആക്രമണങ്ങളെ വളരെ ഗൗരവത്തോടെയാണ് ഫുട്ബോൾ നിയമങ്ങൾ കൈകാര്യം ചെയ്യുന്നത്. എങ്കിലും ഉദ്ദേശ്യവും പ്രയോഗിച്ച ശക്തിയും നിർണായകമാണ്. ഇവിടെ മെസിയുടെയും റോണോയുടെയും സംഭവങ്ങളിൽ ത്രോ-ഇൻ തടസ്സപ്പെടുത്തിയതാണ് പ്രകോപനം സൃഷ്ടിച്ചത്. എന്നാൽ, മെസി പന്ത് ഉപയോഗിച്ചാണ് എതിരാളിയെ നേരിട്ടതെങ്കിൽ, റൊണാൾഡോ ശാരീരികമായി നേരിട്ട് സമ്പർക്കം പുലർത്തുകയായിരുന്നു എന്നതാണ് വ്യത്യാസം.
English Summary
During the match between Columbus Crew and Inter Miami, Columbus Crew coach Laurent Courtois argued that Lionel Messi should have been shown a red card for throwing the ball at the face of opposing player Gonzalo Tapia during a throw-in. However, the referee explained that the action did not constitute “violent conduct” because the force used was minimal. The referee issued yellow cards to both Messi and Tapia in connection with the incident.