AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Luka Modric: അഭയാർത്ഥി ക്യാമ്പിൽ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക്; ട്രോഫികളല്ല, മോഡ്രിച്ച് കീഴടക്കിയത് ജനഹൃദയങ്ങളാണ്‌

Luka Modric’s world cup dream ends: റൊണാള്‍ഡോയ്ക്കും, മെസിക്കുമൊപ്പം ചേര്‍ത്തുവായിക്കേണ്ട പേരാണ് ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ചിന്റേതും. 'റൗണ്ട് ഓഫ് 32' പോരാട്ടത്തില്‍ പോര്‍ച്ചുഗലിനോട് പൊരുതിത്തോറ്റ ക്രൊയേഷ്യന്‍ പട, ഒരു ടൂര്‍ണമെന്റില്‍ നിന്ന് മാത്രമല്ല പുറത്തായത്, മറിച്ച് സുവര്‍ണ കാലഘട്ടത്തിന്റെ അന്ത്യം കുറിക്കുക കൂടിയായിരുന്നു അത്.

Luka Modric: അഭയാർത്ഥി ക്യാമ്പിൽ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക്; ട്രോഫികളല്ല, മോഡ്രിച്ച് കീഴടക്കിയത് ജനഹൃദയങ്ങളാണ്‌
Luka ModricImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 03 Jul 2026 | 10:01 PM

ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും ഹൃദയഭേദകമായ വിടപറച്ചിലുകള്‍ക്കാണ് ഈ ലോകകപ്പ് സാക്ഷ്യം വഹിക്കുന്നത്. ഇതിഹാസങ്ങളായ ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടങ്ങിയവരുടെ അവസാന ലോകകപ്പായിരിക്കുമെന്നതില്‍ ആര്‍ക്കും സംശയമില്ല. റൊണാള്‍ഡോയ്ക്കും, മെസിക്കുമൊപ്പം ചേര്‍ത്തുവായിക്കേണ്ട പേരാണ് ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ചിന്റേതും. ‘റൗണ്ട് ഓഫ് 32’ പോരാട്ടത്തില്‍ പോര്‍ച്ചുഗലിനോട് പൊരുതിത്തോറ്റ ക്രൊയേഷ്യന്‍ പട, ഒരു ടൂര്‍ണമെന്റില്‍ നിന്ന് മാത്രമല്ല പുറത്തായത്, മറിച്ച് സുവര്‍ണ കാലഘട്ടത്തിന്റെ അന്ത്യം കുറിക്കുക കൂടിയായിരുന്നു അത്. ക്രൊയേഷ്യയുടെ ഇതിഹാസ നായകന്‍ ലൂക്കാ മോഡ്രിച്ച് കണ്ണീരോടെ ഈ ലോകകപ്പിനോട് വിടപറയുകയാണ്. ഇത് അദ്ദേഹത്തിന്റെ കരിയറിലെ തന്നെ അവസാന ലോകകപ്പ് പോരാട്ടമാണെന്ന് ഉറപ്പാകുമ്പോള്‍, ആരാധകരുടെ ഹൃദയവും തേങ്ങുന്നു.

യുദ്ധക്കനലുകളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ കുട്ടിക്കാലമായിരുന്നു മോഡ്രിച്ചിന്റേത്. ക്രൊയേഷ്യൻ സ്വാതന്ത്ര്യസമരത്തിന്റെ കനല്‍ വഴികള്‍ താണ്ടിയാണ് ലൂക്ക വളര്‍ന്നത്. ക്രൊയേഷ്യയിലെ സാദറിലായിരുന്നു ജനനം. മുത്തശ്ശനെ സെർബ് വിമത സേന വധിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന്‌ അവിടെനിന്നും ജീവനുംകൊണ്ട് പലായനം ചെയ്യേണ്ടി വന്നു.

കനല്‍വഴികള്‍ താണ്ടിയ കുഞ്ഞുലൂക്ക

തുടർന്നുള്ള ഏഴ് വർഷക്കാലം അഭയാർത്ഥി ക്യാമ്പുകളിലെ ഇടുങ്ങിയ മുറികളിലായിരുന്നു ജീവിതം. ആ നാളുകളിൽ നഗരത്തിൽ നിരന്തരം പീരങ്കിയുണ്ടകൾ വർഷിച്ചുകൊണ്ടിരുന്നു. സൈറൺ മുഴങ്ങുമ്പോൾ ജീവനും കയ്യിലെടുത്ത് മോഡ്രിച്ചിനും മറ്റ് കുട്ടികൾക്കും ബങ്കറുകളിൽ അഭയം തേടേണ്ടി വന്നു. യുദ്ധത്തിന്റെ ഭീകരമായ യാഥാർത്ഥ്യങ്ങളിൽ നിന്ന് മനസിനെ തിരിച്ചുവിടാൻ, അദ്ദേഹം ആ മതിലുകളിലേക്കും പാർക്കിംഗ് ഏരിയകളിലേക്കും മണിക്കൂറുകളോളം പന്ത് തട്ടിക്കളിക്കുമായിരുന്നു. അതെ, കുഞ്ഞ് മോഡ്രിച്ച് കാല്‍പ്പന്തിലേക്ക് തിരിഞ്ഞത് അവിടം മുതലാണ്.

Also Read: എനിക്ക് ഉച്ചയ്ക്കേ തോന്നി… ഇന്ന് ഞങ്ങൾക്ക് പെനാൽറ്റി കിട്ടുമെന്ന്; ഗോൾ വന്ന വഴി പറഞ്ഞ് റോണോ

ഇല്ലായ്മകള്‍ പിന്തുടര്‍ന്നപ്പോഴും, അദ്ദേഹം പ്രാദേശിക ഫുട്‌ബോള്‍ അക്കാദമിയായ എന്‍കെ സാദറില്‍ ചേര്‍ന്നു. യുദ്ധക്കാലത്തെ അതിജീവിച്ച അനുഭവമായിരുന്നു മോഡ്രിച്ചിന്റെ പോരാട്ടവീര്യത്തെ രാകിമിനുക്കിയത്. ഒരുപക്ഷേ, അഭയാർത്ഥി ക്യാമ്പുകളിൽ നിന്ന് പന്തുരുട്ടി തുടങ്ങിയ ആ കുഞ്ഞു കാലുകൾ പിന്നീട് ലോക ഫുട്ബോളിന്റെ നെറുകയിലെത്തുമെന്ന് അന്ന് ആരും കരുതിയിരിക്കില്ല.

റൊണാള്‍ഡോയുടെയും, മെസിയുടെയും യുഗത്തില്‍ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടി ലോകത്തിന്റെ നെറുകയിലെത്തിയ മാന്ത്രികനാണ് അയാള്‍. എന്നാല്‍ മാതൃരാജ്യത്തിന് ഒരു ലോകകപ്പ് കിരീടം നേടിക്കൊടുക്കുക എന്ന സ്വപ്നം ആ മാന്ത്രികന് ഇന്നും ഒരു നോവായി അവശേഷിക്കുന്നു.

2018-ല്‍ കലാശപ്പോരാട്ടം വരെയെത്തി കൈയ്യെത്തും ദൂരത്ത് നഷ്ടപ്പെട്ടതാണ് ആ വിശ്വകിരീടം. 2022-ല്‍ മൂന്നാം സ്ഥാനത്തെത്തി പോരാട്ടം അവസാനിപ്പിക്കുമ്പോഴും, 2026-നായി പ്രതീക്ഷയോടെ കാത്തിരുന്നു. എന്നാല്‍ പോര്‍ച്ചുഗലിനോടേറ്റ അപ്രതീക്ഷിത തോല്‍വി ആ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നു.

ഫുട്‌ബോള്‍ ലോകത്തിന് മുന്നില്‍ മോഡ്രിച്ച് കിരീടമില്ലാത്ത രാജാവാണ്. എന്നാല്‍ ആ വിശേഷണം ഒരിക്കലും അദ്ദേഹത്തിന് ഒരു കുറവല്ല, മറിച്ച് തന്നിലെ പോരാട്ടവീര്യത്തിന്റെ അടയാളമാണ്. അല്ലെങ്കിലും ചില നായകമാര്‍ വിലയിരുത്തപ്പെടുന്നത് അവര്‍ സ്വന്തമാക്കിയ കിരീടങ്ങളുടെ എണ്ണം കൊണ്ടല്ലല്ലോ?

മറക്കാനാകില്ല ആ കാഴ്ച!

അവസാന വിസില്‍ മുഴങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ മനസില്‍ ഒരു കടല്‍ ഇരമ്പിയിട്ടുണ്ടാകാം. എന്നാല്‍ മുഖം സൗമ്യമായിരുന്നു. ആ സൗമ്യതയായിരുന്നു എന്നും മോഡ്രിച്ചിന്റെ അടയാളപ്പെടുത്തലും. ചെറുപുഞ്ചിരിയോടെ മൈതാനത്ത് നിസഹായനായി നില്‍ക്കുന്ന അദ്ദേഹത്തിന്റെ ചിത്രം ആരാധകരുടെ ഉള്ളുലയ്ക്കുന്നതായിരുന്നു.

പ്രായം നാല്‍പതിന്റെ പടവുകള്‍ കയറിയിട്ടും അദ്ദേഹത്തിന്റെ കാല്‍പന്ത് മികവിന് ഒട്ടും കുറവുവന്നിട്ടില്ല. എന്നിട്ടും വേദനാജനകമായ വിധിയാണ് അദ്ദേഹത്തെ കാത്തിരുന്നത്. നന്ദി, ലൂക്കാ മോഡ്രിച്ച്, ഹൃദയങ്ങള്‍ കീഴടക്കിയാണ് നിങ്ങള്‍ മടങ്ങുന്നത്. ക്രൊയേഷ്യന്‍ ഫുട്‌ബോളിന്റെ ചരിത്രം എഴുതപ്പെടുമ്പോള്‍ അതില്‍ സുവര്‍ണ്ണാക്ഷരങ്ങളാല്‍ അങ്ങേയുടെ പേര് തിളങ്ങിനില്‍ക്കും.

English Summary

Croatia is out of the World Cup after a shocking defeat against Portugal. This marks the heartbreaking end of Luka Modric’s World Cup tournament. The legendary midfielder leaves the biggest stage without an international trophy. However, Modric is an unforgettable icon who won millions of hearts.

Follow Us