Rafael Nadal: കളിമൺ കോർട്ടിലെ രാജാവ്, റാഫേൽ നദാൽ കളം വിടുന്നു
Rafael Nadal Retirement: 22 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയാണ് റാഫേൽ നദാൽ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. ആരാധകർ നൽകിയ പിന്തുണയ്ക്കും സഹതാരങ്ങളോടും നദാൽ നന്ദി പറഞ്ഞു.

Image Credits: PTI
കളിമൺ കോർട്ടിലെ രാജാവ് ടെന്നീസ് ഇതിഹാസം റാഫേൽ നദാൽ വിരമിക്കൽ പ്രഖ്യാപിച്ചു. 22 തവണ ഗ്രാന്‍ഡ്സ്ലാം കിരീടമണിഞ്ഞാണ് നദാൽ കോർട്ടിനോട് വിടപറയുന്നത്. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ച ഹൃദയ സ്പർശിയായ വീഡിയോയിലൂടെയായിരുന്നു വിരമിക്കൽ പ്രഖ്യാപനം. ഡേവിസ് കപ്പ് ഫൈനലില്‍ സ്പെയിനിനായി 38 കാരനായ താരം അവസാനമായി കോർട്ടിലിറങ്ങും. നവംബറിൽ മലാഗയിൽ വച്ചാണ് ഡേവിസ് കപ്പ് ഫൈനൽ.
‘പ്രൊഫഷണല്‍ ടെന്നീസില്‍ നിന്ന് ഞാന്‍ വിരമിക്കുകയാണെന്ന് നിങ്ങളെ അറിയിക്കുന്നു. ഇത് കുറച്ച് ബുദ്ധിമുട്ടുള്ള വര്‍ഷങ്ങളാണെന്നതാണ് യാഥാര്‍ത്ഥ്യം, കഴിഞ്ഞ രണ്ട് വര്‍ഷം പ്രത്യേകിച്ച്. വിരമിക്കൽ തീരുമാനവും ബുദ്ധിമുട്ടേറിയതായിരുന്നു. സമയമെടുത്ത് ആലോചിച്ചതിന് ശേഷമാണ് ഇത്തരത്തിലൊരു തീരുമാനം കെെക്കൊണ്ടത്’. വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ടുള്ള വീഡിയോയിൽ നദാല്‍ പറഞ്ഞു.
കരിയറിലായാലും ജീവിതത്തിലായാലും എല്ലാത്തിനും തുടക്കവും അവസാനവുമുണ്ട്. എനിക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും അപ്പുറമുള്ള വിജയകരമായ കരിയർ അവസാനിപ്പിക്കാനുള്ള ഏറ്റവും ഉചിതമായ സമയമാണിതെന്ന് ഞാൻ കരുതുന്നു. ഡേവിസ് കപ്പ് ഫെെനലാണ് എന്റെ കരിയറിലെ അവസാന മത്സരം. ആ ടൂർണമെന്റിൽ സ്പെയിനിനെ പ്രതിനിധീകരിക്കുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്. ഒരു പ്രൊഫഷണൽ ടെന്നീസ് താരമെന്ന നിലയിൽ എൻ്റെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന് 2004-ൽ സെവില്ലയിൽ നടന്ന ഡേവിസ് കപ്പ് ഫൈനൽ ലാണ്.
ആരാധകർ നൽകിയ പിന്തുണയ്ക്കും സഹതാരങ്ങളോടും നദാൽ നന്ദി പറഞ്ഞു. കോർട്ടിനകത്തെയും പുറത്തെയും നിങ്ങളുടെ പിന്തുണ എനിക്ക് പലപ്പോഴും ഉൗർജം പകർന്നിട്ടുണ്ട്. ലോകത്തിലെ മുഴുവൻ ടെന്നീസ് താരങ്ങളോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എതിരാളികളായ സഹപ്രവർത്തകർ, അവർക്കൊപ്പം കോർട്ടിനകത്തും പുറത്തും മണിക്കൂറുകൾ ചെലവഴിച്ചു. ജീവിതകാലം മുഴുവൻ ഓർക്കുന്ന നിരവധി ഓർമ്മകളാണ് കളിമൺ കോർട്ട് സമ്മാനിച്ചത്. കോർട്ടിൽ കഴിവിന്റെ പരമാവധി പുറത്തെടുത്തിട്ടുണ്ട്. മികച്ച പ്രകടനം കാഴ്ചവയക്കാനായി പരിശ്രമിച്ചു എന്ന വിശ്വാസത്തോടെയാണ് ഞാൻ വിരമിക്കുന്നത്. പിന്തുണച്ചതിനും കൂടെ നിന്നതിനും എല്ലാവർക്കും നന്ദി..!
Mil gracias a todos
Many thanks to all
Merci beaucoup à tous
Grazie mille à tutti
谢谢大家
شكرا لكم جميعا
תודה לכולכם
Obrigado a todos
Vielen Dank euch allen
Tack alla
Хвала свима
Gràcies a tots pic.twitter.com/7yPRs7QrOi— Rafa Nadal (@RafaelNadal) October 10, 2024
പാരിസ് ഒളിമ്പിക്സിന് ശേഷം നദാൽ പങ്കെടുക്കുന്ന ഏക മത്സരം കൂടിയാണ് ഡേവിഡ് കപ്പ്. നവംബർ 19 നും 21 നും ഇടയിലുള്ള ഫൈനലിൽ സ്പെയിൻ നെതർലൻഡിനെ നേരിടും. 2004-ൽ സ്‌പെയിനിനെ ഡേവിസ് കപ്പ് കിരീടം നേടാൻ സഹായിക്കുന്നതിൽ നദാൽ സുപ്രധാന പങ്കുവഹിച്ചിരുന്നു.
പരിക്കിനെ തുടർന്ന് 2023 സീസൺ നദാലിന് നഷ്ടമായിരുന്നു. 2024-ൽ താൻ വിരമിക്കൽ പ്രഖ്യാപിക്കുമെന്നുള്ള സൂചനകൾ നദാൽ നേരത്തെ തന്നെ നൽകിയിരിക്കുന്നു. പുരുഷ സിംഗിൾസിലെ ഏറ്റവും മികച്ച താരമായിട്ടാണ് നദാല്‍ കരിയറിനോട് വിടപറയുന്നത്. 14 തവണ ഫ്രഞ്ച് ഓപ്പണ്‍ സിംഗിള്‍സ് കിരീടവും നാലു തവണ യുഎസ് ഓപ്പണ്‍ ചാമ്പ്യനുമായിരുന്നു. രണ്ട് തവണ വീതം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവും വിംബിള്‍ഡണും സ്വന്തമാക്കി. ഒളിമ്പിക്സ് സിംഗിൾസിലും ഡബിൾസിലും സ്വർണം നേടിയിട്ടുണ്ട്.