ചേരാനെല്ലൂർ അപകടം: ജഡ്ജി അനുമതി വാങ്ങാതെ പൊലീസ് സ്റ്റേഷനിൽ പോയത് തെറ്റ്, സസ്പെൻഡ് ചെയ്യണമെന്ന് റിപ്പോർട്ട്
Cheranalloor accident: അപകടത്തിൽ പ്രതിയായ കുട്ടിയുടെ പിതാവും കാറുടമയുമായ അഡിഷനൽ ജഡ്ജിക്ക് വീഴ്ച പറ്റിയെന്ന് പോർട്ട്ഫോളിയോ ജഡ്‌ജ് ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ ഹൈക്കോടതി അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിക്ക് റിപ്പോർട്ട് നൽകി. ജഡ്ജിയുടെ പെരുമാറ്റം ജുഡീഷ്യറിക്ക് അവമതിപ്പുണ്ടാക്കിയെന്നും ഇദ്ദേഹത്തെ ഉടൻ സസ്പെൻഡ് ചെയ്യണമെന്നും ചീഫ് ജസ്റ്റിസിന് നൽകിയ കത്തിൽ ജസ്റ്റിസ് കുഞ്ഞിക്കൃഷ്ണൻ ആവശ്യപ്പെട്ടുവെന്നും റിപ്പോർട്ട്.
കൊച്ചി: ചേരാനല്ലൂരിൽ 17 വയസുകാരൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ജയബാലകൃഷ്ണൻ മരിച്ച കേസിൽ, കുട്ടിയുടെ പിതാവും കാറുടമയുമായ അഡിഷനൽ ജഡ്ജിക്ക് വീഴ്ച പറ്റിയെന്ന് പോർട്ട്ഫോളിയോ ജഡ്‌ജ് ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ ഹൈക്കോടതി അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിക്ക് റിപ്പോർട്ട് നൽകി. ജഡ്ജിയുടെ പെരുമാറ്റം ജുഡീഷ്യറിക്ക് അവമതിപ്പുണ്ടാക്കിയെന്നും ഇദ്ദേഹത്തെ ഉടൻ സസ്പെൻഡ് ചെയ്യണമെന്നും ചീഫ് ജസ്റ്റിസിന് നൽകിയ കത്തിൽ ജസ്റ്റിസ് കുഞ്ഞിക്കൃഷ്ണൻ ആവശ്യപ്പെട്ടുവെന്നും റിപ്പോർട്ട്. ഔദ്യോഗിക ജോലിയുടെ ഭാഗമായല്ലാതെ ജുഡീഷ്യൽ ഓഫിസർ പൊലീസ് സ്റ്റേഷനിൽ നേരിട്ടുപോകുന്നത് സുപ്രീം കോടതി വിലക്കിയിട്ടുണ്ട്. ഇത് ഉൾപ്പെടെ പരിഗണിച്ച് സസ്പെൻഷനിൽ ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഇന്ന് തീരുമാനമെടുക്കും.
ജയബാലകൃഷ്ണന്റെ കുടുംബം ശക്തമായ പ്രതിഷേധം ഉയർത്തിയതോടെ, അപകടമുണ്ടായി 32 മണിക്കൂറിനു ശേഷം വാഹനമുടമയായ ജഡ്ജിക്കെതിരേയും പൊലീസ് കേസെടുത്തിരുന്നു. പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ വാഹന ഉടമ അല്ലെങ്കിൽ രക്ഷിതാവിനെതിരെ കേസെടുക്കാമെന്ന മോട്ടർ വാഹന നിയമത്തിലെ 199എ വകുപ്പു ചുമത്തിയാണു കേസ്. 3 വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.
Also Read: സർക്കാരുണ്ട് കൂടെ; ജയബാലകൃഷ്ണന്റെ മകളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി; കർശന നടപടി ഉറപ്പ്
കേസുമായി ബന്ധപ്പെട്ട് പ്രതിയായ വിദ്യാർഥിയുടെ പിതാവായ ജഡ്ജിയെ ആലുവ കമ്പനിപ്പടിയിലെ ഫ്ലാറ്റിലെത്തി പൊലീസ് ചോദ്യം ചെയ്തു. ഇതിനൊപ്പം അപകടമുണ്ടാക്കിയ 17 വയസുകാരന്റെ വിശദമായ മൊഴിയും പോലീസ് സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ അറിവോടെയല്ല മകൻ വാഹനമോടിച്ചതെന്നാണ് ജഡ്ജി മൊഴി നൽകിയത്. എന്നാൽ ഈ മൊഴി പോലീസ് പൂർണ്ണമായി വിശ്വസിച്ചിട്ടില്ല.
യൂട്യൂബ് നോക്കിയാണ് താൻ ഡ്രൈവിങ് പഠിച്ചതെന്നും കൊതികൊണ്ടാണ് പിതാവിന്റെ കാർ അറിയാതെ എടുത്തുകൊണ്ടുപോയതെന്നുമാണ് പ്രതി മൊഴി നൽകിയത്. കുട്ടിയുടെ മൊഴിയും പോലീസ് പൂർണമായി വിശ്വസിക്കുന്നില്ല. യൂട്യൂബ് വീഡിയോകൾ കണ്ടുമാത്രം ഒരാൾക്ക് വാഹനം ഓടിക്കാൻ കഴിയില്ലെന്നാണ് പോലീസിന്റെ അനുമാനം. ഇതിനിടെ, മുൻപ് വാഹനമോടിച്ചതിന്റെ തെളിവുകൾ നശിപ്പിക്കുന്നതിനായി 17-കാരൻ സ്വന്തം ഇൻസ്റ്റാഗ്രാം പേജ് ഡിലീറ്റ് ചെയ്തതായും വിവരമുണ്ട്.
ഇപ്പോഴത്തെ അപകടത്തിന്റെ പശ്ചാത്തലത്തിൽ, പ്രതിയായ 17 വയസുകാരന് 25 വയസ്സ് വരെ ലൈസൻസ് എടുക്കുന്നത് വിലക്കാൻ മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം എംവിഡി നടപടി സ്വീകരിക്കും. അപകടമുണ്ടാക്കിയ ബെൻസ് കാറിന്റെ ആർസി സസ്പെൻഡ് ചെയ്യും. കേസിന്റെ അന്വേഷണം ഇപ്പോൾ ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് ഇപ്പോൾ അന്വേഷണസംഘം ലക്ഷ്യമിടുന്നത്.
ഇതിനിടെ എഡിജിപി പി. വിജയൻ ഇന്ന് കൊച്ചിയിലെത്തും. അപകടത്തിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബത്തെ എഡിജിപി കാണും. പ്രതികൾക്കെതിരേ ശക്തമായ നടപടി ഉണ്ടാകണം എന്നാവശ്യപ്പെട്ട് ജയബാലകൃഷ്ണന്റെ മകളും മറ്റ് കുടുംബാംഗങ്ങളും ചേരാനല്ലൂർ പോലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചിരുന്നു. ഇന്നലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിളിച്ച് നടപടി ഉറപ്പ് നൽകിയതിനെ തുടർന്നാണ് കുടുംബം പ്രതിഷേധം അവസാനിപ്പിച്ചത്. മുഖ്യമന്ത്രി വി.ഡി.സതീശനും ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തിയുമായി ഫോണിൽ സംസാരിച്ചു.
English Summary
In the case involving the death of a scooter rider, Jayabalakrishnan- who was struck by a car driven by a 17-year-old in Cheranalloor- Portfolio Judge Justice P.V. Kunhikrishnan has submitted a report to the High Court Administrative Committee, stating that the boy’s father, an Additional Judge and the owner of the car, committed a lapse. The Supreme Court has prohibited judicial officers from visiting a police station in person, except in the course of their official duties. Taking this and other factors into account, the High Court Administrative Committee will decide today on the suspension of the judge.