Smriti Mandhana: ഏകദിനത്തിൽ 11ആം സെഞ്ചുറി; ക്രിക്കറ്റ് ചരിത്രത്തിൽ റെക്കോർഡിട്ട് സ്മൃതി മന്ദന
Smriti Mandhana Record vs Srilanka: ശ്രീലങ്കക്കെതിരായ ത്രിരാഷ്ട്ര ടൂർണമെൻ്റ് ഫൈനൽ മത്സരത്തിൽ സെഞ്ചുറി നേടിയ സ്മൃതി മന്ദനയ്ക്ക് റെക്കോർഡ് നേട്ടം. മത്സരത്തിൽ 116 നേരിട്ട മന്ദനയുടെ മികവിൽ ഇന്ത്യ കളി ജയിച്ചിരുന്നു.
വനിതാ ഏകദിന ക്രിക്കറ്റിൽ റെക്കോർഡിട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദന. വനിതാ ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവുമധികം സെഞ്ചുറി നേടിയ താരമെന്ന റെക്കോർഡിലാണ് മന്ദന ഇടം പിടിച്ചത്. ത്രിരാഷ്ട്ര പരമ്പരയിൽ ശ്രീലങ്കക്കെതിരായ ഫൈനലിൽ സെഞ്ചുറി നേടിയതോടെ സ്മൃതി മന്ദന ഈ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. മത്സരത്തിൽ 101 പന്തുകൾ നേരിട്ട മന്ദന 116 റൺസ് നേടി പുറത്താവുകയായിരുന്നു.
പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഓസ്ട്രേലിയയുടെ മുൻ ക്യാപ്റ്റൻ മെഗ് ലാനിങ് ആണ്. 103 മത്സരങ്ങളിൽ നിന്ന് 15 സെഞ്ചുറികളാണ് ലാനിംഗിനുള്ളത്. ന്യൂസീലൻഡിൻ്റെ സൂസി ബേറ്റ്സ് 13 സെഞ്ചുറികളുമായി രണ്ടാം സ്ഥാനത്തുണ്ട്. 168 മത്സരങ്ങളാണ് ബേറ്റ്സ് കളിച്ചത്. 102 മത്സരങ്ങൾ കളിച്ചാണ് സ്മൃതി 11 സെഞ്ചുറികൾ സ്വന്തമാക്കിയത്. 126 മത്സരങ്ങളിൽ നിന്ന് 10 സെഞ്ചുറിയുള്ള ഇംഗ്ലണ്ടിൻ്റെ തമി ബ്യൂമോണ്ടിനെയാണ് മന്ദന പിന്നിലാക്കിയത്.
മത്സരത്തിൽ 97 റൺസിന് ശ്രീലങ്കയെ തകർത്ത ഇന്ത്യ പരമ്പരയിലെ ജേതാക്കളായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 342 റൺസെന്ന പടുകൂറ്റൻ സ്കോർ പടുത്തുയർത്തി. മന്ദനയ്ക്കൊപ്പം ഹർലീൻ ഡിയോൾ (47), ജമീമ റോഡ്രിഗസ് (44), ഹർമൻപ്രീത് കൗർ (41) എന്നിവരും തിളങ്ങി. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ ഇന്ത്യ 245 റൺസെടുക്കുന്നതിനിടെ ഓൾ ഔട്ടാക്കി. ചമരി അത്തപ്പത്തു (51) ആണ് ശ്രീലങ്കയുടെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി സ്നേഹ് റാണ നാല് വിക്കറ്റ് വീഴ്ത്തി.
പരമ്പരയിൽ നാല് മത്സരങ്ങളിൽ മൂന്നെണ്ണവും ജയിക്കാൻ ഇന്ത്യക്കായിരുന്നു. ശ്രീലങ്കക്കെതിരായ ഒരു മത്സരത്തിലാണ് ഇന്ത്യ പരാജയപ്പെട്ടത്. ശ്രീലങ്ക നാല് മത്സരങ്ങളിൽ രണ്ടും വിജയിച്ചു. ജൂലായ് മാസത്തിൽ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യക്ക് അഞ്ച് ടി20 യും മൂന്ന് ഏകദിന മത്സരങ്ങളുമാണ് കളിക്കാനുള്ളത്.