Super League Kerala 2025: റോയ് കൃഷ്ണയെയും കൊണ്ട് മലപ്പുറം എഫ്സി എത്തുന്നു; എതിരാളികൾ തൃശൂർ മാജിക് എഫ്സി
Malappuram FC vs Thrissur Magic FC Preview: സൂപ്പർ ലീഗ് കേരള രണ്ടാം സീസണിൽ ഇന്ന് രണ്ടാം മത്സരം. മലപ്പുറം എഫ്സിയും തൃശൂർ മാജിക് എഫ്സിയും തമ്മിലാണ് ഇന്ന് ഏറ്റുമുട്ടുക.
സൂപ്പർ ലീഗ് കേരള രണ്ടാം സീസണിലെ രണ്ടാം മത്സരത്തിൽ ഇന്ന് മലപ്പുറം എഫ്സിയും തൃശൂർ മാജിക് എഫ്സിയും തമ്മിൽ ഏറ്റുമുട്ടും. രാത്രി 7.30ന് മലപ്പുറത്തിൻ്റെ ഹോം ഗ്രൗണ്ടായ പയ്യനാട് സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. കഴിഞ്ഞ സീസണിൽ ഇരു ടീമുകൾക്കും സെമിയിലെത്താൻ സാധിച്ചിരുന്നില്ല.
പോയ സീസണിൽ, അവസാന രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത ടീമുകളാണ് മലപ്പുറവും തൃശൂരും. മലപ്പുറം 10 മത്സരങ്ങളിൽ നിന്ന് രണ്ടെണ്ണം മാത്രം വിജയിച്ച് 10 പോയിൻ്റുമായി അഞ്ചാമതും തൃശൂർ ഒരു കളി വിജയിച്ച് അഞ്ച് പോയിൻ്റുമായി അവസാന സ്ഥാനത്തുമായിരുന്നു. അതുകൊണ്ട് തന്നെ അടിമുടി മാറിയാണ് ഇരു ടീമുകളും ഇത്തവണ എത്തുന്നത്.
കഴിഞ്ഞ സീസണിലെ രണ്ട് താരങ്ങൾ മാത്രമാണ് ഇക്കുറി മലപ്പുറം എഫ്സിയിലുള്ളത്. കഴിഞ്ഞ സീസണിൽ ഏറ്റവുമധികം ബുദ്ധിമുട്ടിയ ഗോൾ സ്കോറിങിലേക്ക് ഇത്തവണയെത്തുന്നത് ഫിജിയൻ സ്ട്രൈക്കർ റോയ് കൃഷ്ണയാണ്. ഐഎസ്എലിലെ വിവിധ ക്ലബുകളിൽ കളിച്ച് 50ലധികം ഗോളുകൾ നേടിയ റോയ് കൃഷ്ണയുടെ വരവ് മലപ്പുറത്തിൻ്റെ ഏറ്റവും വലിയ പോസിറ്റീവാണ്. യുവാക്കളുടെ സംഘത്തെ പരിശീലിപ്പിക്കുന്നതും 34 വയസുള്ള യുവാവാണ്. സ്പാനിഷ് പരിശീലകൻ മിഗ്വേൽ കോറർ ടൊറേറയാണ് മലപ്പുറത്തിൻ്റെ പരിശീലകൻ.
തൃശൂർ മാജിക് എഫിസിയിലും ഐഎസ്എൽ കണക്ഷനുകളുണ്ട്. ഗോൾകീപ്പർ ലക്ഷ്മികാന്ത് കട്ടിമണി, മധ്യനിര താരം ലെന്നി റോഡ്രിഗസ്, പ്രതിരോധ താരം സുമിത് റാഠി തുടങ്ങിയവരൊക്കെ മുൻപ് ഐഎസ്എലിലെ വിവിധ ക്ലബുകളിൽ കളിച്ചവരാണ്. ഐലീഗ്, ഐഎസ്എൽ ക്ലബ് മുഹമ്മദൻ എസ്‌സിയുടെ മുൻ പരിശീലകൻ ആന്ദ്രേ ചെർണിഷോവ് ആണ് ഇക്കുറി തൃശൂരിനെ പരിശീലിപ്പിക്കുക.