AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Local Body Election 2025: വോട്ട് ചെയ്യേണ്ടത് എങ്ങനെ? കൊണ്ടുപോകേണ്ട രേഖകൾ ഇതെല്ലാം….

How to Vote in Kerala Local Body Election 2025: കന്നി വോട്ടിന് ഒരുങ്ങുകയാണോ? വോട്ട് ചെയ്യേണ്ടത് ഒരാൾക്കാണോ മൂന്ന് പേർക്കാണോ... നോട്ട ഉണ്ടാകുമോ... കൊണ്ടുപോകേണ്ട രേഖകൾ എന്തെല്ലാമാണ്... ഇനി കൺഫ്യൂഷൻ വേണ്ട, എങ്ങനെയാണ് വോട്ട് ചെയ്യേണ്ടതെന്ന് വിശദമായി അറിയാം....

Kerala Local Body Election 2025: വോട്ട് ചെയ്യേണ്ടത് എങ്ങനെ? കൊണ്ടുപോകേണ്ട രേഖകൾ ഇതെല്ലാം….
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Published: 08 Dec 2025 09:08 AM

തദ്ദേശ തിരഞ്ഞെടുപ്പിൽ കന്നി വോട്ടിന് ഒരുങ്ങുകയാണോ? വോട്ട് ചെയ്യേണ്ടത് ഒരാൾക്കാണോ മൂന്ന് പേർക്കാണോ… നോട്ട ഉണ്ടാകുമോ… കൊണ്ടുപോകേണ്ട രേഖകൾ എന്തെല്ലാമാണ്… ഇത്തരത്തിൽ സംശയങ്ങൾ നിരവധിയുണ്ടോ? എന്നാൽ ഇനി കൺഫ്യൂഷൻ വേണ്ട, എങ്ങനെയാണ് വോട്ട് ചെയ്യേണ്ടതെന്ന് വിശദമായി അറിയാം….

 

വോട്ട് ചെയ്യേണ്ടത് എങ്ങനെ?

 

ബൂത്തിന് പുറത്ത് വോട്ടർമാർ വരിനിൽക്കണം

തിരിച്ചറിയൽ കാർഡ് പരിശോധിച്ച് സുരക്ഷാ ഉദ്യോ​ഗസ്ഥൻ അകത്തേക്ക് പ്രവേശിപ്പിക്കും.

ഒന്നാം പോളിങ് ഓഫീസർ തിരിച്ചറിയൽ രേഖയും വോട്ടർപട്ടികയിലെ വിവരങ്ങളും പരിശോധിക്കും.

പോളിങ് ഏജന്റുമാർ തർക്കം ഉന്നയിക്കുന്നില്ലെങ്കിൽ രണ്ടാം പോളിങ് ഓഫീസർ ഇടകുകയ്യിലെ ചൂണ്ടുവിരലിൽ മഷി പുരട്ടി നൽകും.

രജിസ്റ്ററിൽ വോട്ടറുടെ ഒപ്പോ വിരലടയാളമോ പതിക്കേണ്ടതാണ്. ശേഷം വോട്ടർ പട്ടികയിലെ ക്രമനമ്പർ രേഖപ്പെടുത്തി കഴിഞ്ഞ് സ്ലിപ്പ് നൽകും.

സ്ലിപ്പുമായി പ്രിസൈഡിങ് ഓഫീസറുടെ അടുത്തേക്ക് പോകണം. മഷി പുരട്ടിയത് പരിശോധിച്ച ശേഷം സ്ലിപ് വാങ്ങിവച്ച് വോട്ട് ചെയ്യാൻ അനുവദിക്കും.

മൂന്നാം പോളിങ് ഓഫിസർ കൺട്രോൾ യൂണിറ്റിലെ ബട്ടൺ അമർത്തും. അപ്പോൾ ബാലറ്റ് യൂണിറ്റ് മെഷീന്റെ അടുത്തേക്ക് പോകാം.

വോട്ടിങ് മെഷീനിലെ ബൾബ് പച്ച നിറത്തിൽ പ്രകാശിക്കും. ഈ സമയം വോട്ടർ സ്ഥാനാർത്ഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള നീല ബട്ടൺ അമർത്തിയാണ് വോട്ട് ചെയ്യേണ്ടത്.

അപ്പോൾ പച്ച ബൾബ് അണഞ്ഞ് ചുവന്ന ബൾബ് കത്തും. നീണ്ട ബീപ് ശബ്ദവും കേൾക്കുന്നതാണ്.‌

ALSO READ: തദ്ദേശ തിരഞ്ഞെടുപ്പ്; 7 പോളിങ് ബൂത്തിലേക്ക്, ആദ്യഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച്ച

 

എത്ര വോട്ട് ചെയ്യണം?

 

നിങ്ങൾ മുൻസിപ്പാലിറ്റിയിലോ കോർപ്പറേഷനിലെ ഉൾപ്പെട്ടവരാണെങ്കിൽ ഒരു വോട്ട് മാത്രമേ ഉണ്ടാവൂ. പോളിങ് ബൂത്തിലെ വെള്ള നിറത്തിലുള്ള ബാലറ്റ് യൂണിറ്റിൽ വോട്ട് രേഖപ്പെടുത്താം.

​ഗ്രാമപഞ്ചായത്ത് തലത്തിലാണ് വോട്ട് ചെയ്യുന്നതെങ്കിൽ മൂന്ന് വോട്ട് ചെയ്യണം. ​ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് എന്ന ക്രമത്തിലാണ് ബാലറ്റ് യൂണിറ്റുകൾ.

ഗ്രാമപഞ്ചായത്തിലേക്ക് വോട്ട് ചെയ്യാനുള്ള ബാലറ്റ് യൂണിറ്റിൽ വെള്ള നിറത്തിലുള്ള ലേബലും, ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള ബാലറ്റ് യൂണിറ്റിൽ പിങ്ക് നിറത്തിലുള്ള ലേബലും, ജില്ലാ പഞ്ചായത്തിലേക്കുള്ള ബാലറ്റ് യൂണിറ്റിൽ ഇളംനീല നിറത്തിലുള്ള ലേബലുമായിരിക്കും ഉണ്ടാവുക.

 

‘നോട്ട’ ഓപ്ഷൻ ഉണ്ടോ?

 

തദ്ദേശ തിരഞ്ഞെടുപ്പിൽ ‘നോട്ട’ ഓപ്ഷൻ ഇല്ല. ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്ത് സ്ഥാനാർഥികളിൽ ആർക്കും വോട്ടുചെയ്യാൻ താൽപര്യമില്ലെങ്കിൽ ‘എൻഡ്’ ബട്ടൺ അമർത്താം. ജില്ലാ പഞ്ചായത്തിലേക്കുള്ള ബാലറ്റിൻ്റെ അവസാനമാണ് ‘എൻഡ് ബട്ടൺ’ ഉള്ളത്. കൂടാതെ, ഇഷ്ടമുള്ള ഒരു സ്ഥാനാർഥിക്ക് മാത്രം വോട്ട് ചെയ്തശേഷം ‘എൻഡ് ബട്ടൺ’ അമർത്തുകയും ചെയ്യാവുന്നതാണ്. എന്നാൽ മുനിസിപ്പാലിറ്റിയിലും കോർപ്പറേഷനിലും ബാലറ്റിൽ എൻഡ് ബട്ടണില്ല.

 

തിരിച്ചറിയൽ രേഖ

 

വോട്ട് ചെയ്യുന്നതിനായി തിരിച്ചറിയൽ രേഖ കൈവശം വയ്ക്കേണ്ടതാണ്. അതിനായി, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചുള്ള എസ്എസ്എൽസി ബുക്ക്, പുതുതായി പേര് ചേർത്തിട്ടുള്ളവർക്ക് സംസ്ഥാന കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് എന്നിവയിൽ ഏതെങ്കിലും ഉപയോഗിക്കാം.