Sanju Samson: സ്‌ക്വാഡില്‍ ഉള്‍പ്പെട്ടാലും സഞ്ജു സാംസണ്‍ ഓസ്‌ട്രേലിയക്കെതിരെ കളിക്കില്ല? പുതിയ വെല്ലുവിളി
Sanju Samson is unlikely to be included in the playing XI in ODI series against Australia: സഞ്ജു സാംസണ്‍ ഏകദിന സ്‌ക്വാഡില്‍ ഉള്‍പ്പെട്ടേക്കുമെന്നാണ് സൂചന. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിന സ്‌ക്വാഡില്‍ ഉള്‍പ്പെട്ടാലും സഞ്ജു പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടാനുള്ള സാധ്യത കുറവാണ്. ടോപ് ഓര്‍ഡറിലും, മധ്യനിരയിലും വേക്കന്‍സി ഇല്ലാത്തതാണ് കാരണം
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഒരാഴ്ചയ്ക്കകം പ്രഖ്യാപിച്ചേക്കും. ഒക്ടോബര്‍ 19നാണ് മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യത്തെ പോരാട്ടം നടക്കുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ ഏകദിന സ്‌ക്വാഡില്‍ ഉള്‍പ്പെട്ടേക്കുമെന്നാണ് സൂചന. 2023 ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് സഞ്ജു അവസാനമായി ഏകദിനത്തില്‍ കളിച്ചത്. ആ മത്സരത്തില്‍ സെഞ്ചുറി നേടിയിരുന്നു. ഏകദിനത്തില്‍ 16 മത്സരങ്ങളിലെ 14 ഇന്നിങ്‌സുകളിലായി താരം 510 റണ്‍സ് നേടിയിട്ടുണ്ട്. 56.67 ആണ് ശരാശരി. എന്നാല്‍ ഇത്രയും മികച്ച പ്രകടനം പുറത്തെടുത്തിട്ടും ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡില്‍ ഇടം പിടിയ്ക്കാനായില്ല. ഓസ്‌ട്രേലിയന്‍ പര്യടനത്തോടെ തിരിച്ചുവരവിന് ശ്രമിക്കുകയാണ് താരം.
എന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിന സ്‌ക്വാഡില്‍ ഉള്‍പ്പെട്ടാലും സഞ്ജു പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടാനുള്ള സാധ്യത കുറവാണ്. ടോപ് ഓര്‍ഡറിലും, മധ്യനിരയിലും വേക്കന്‍സി ഇല്ലാത്തതാണ് കാരണം. രോഹിത് ശര്‍മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ എന്നിവര്‍ക്ക് പ്ലേയിങ് ഇലവനില്‍ സ്ഥാനം ഉറപ്പാണ്. രാഹുലാകും ടീമിലെ പ്രധാന വിക്കറ്റ് കീപ്പറും. ബാക്ക് അപ്പ് കീപ്പറായി മാത്രമാകും സഞ്ജുവിനെ പരിഗണിക്കുന്നത്. ശുഭ്മാന്‍ ഗില്ലിന് വിശ്രമം അനുവദിക്കാന്‍ സാധ്യതയുണ്ട്.
വിശ്രമം അനുവദിച്ചില്ലെങ്കില്‍ ഗില്ലും പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കും. ഗില്ലിന് വിശ്രമം അനുവദിച്ചാല്‍ യശ്വസി ജയ്‌സ്വാള്‍, അഭിഷേക് ശര്‍മ എന്നിവരില്‍ ആരെങ്കിലും രോഹിതിനൊപ്പം ഓപ്പണറായി കളിച്ചേക്കും. അഭിഷേക് ഇതുവരെ ഏകദിനത്തില്‍ അരങ്ങേറിയിട്ടില്ല. എങ്കിലും ടി20യിലെ പ്രകടനം താരത്തിന് ഏകദിന ടീമിലേക്കും വഴി തുറന്നേക്കും. ജയ്‌സ്വാള്‍ ഒരു മത്സരം മാത്രമാണ് കളിച്ചിട്ടുള്ളത്. എന്നാല്‍ ബാറ്റിങ് ഓര്‍ഡറില്‍ ഇടതു കയ്യന്‍മാരില്ലെന്നത് ഇരുതാരങ്ങളില്‍ ഒരാള്‍ക്ക് പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കാനുള്ള സാധ്യത ശക്തമാക്കുന്നു.
അതായത്, ആദ്യ അഞ്ചു നമ്പറിലും താരങ്ങള്‍ ഇതിനകം ഇടംപിടിച്ചുകഴിഞ്ഞു. ഇതാണ് സഞ്ജുവിന്റെ സാധ്യതകള്‍ക്ക് തിരിച്ചടിയാകുന്നത്. ഓള്‍ റൗണ്ടര്‍മാര്‍, ബൗളര്‍മാര്‍ തുടങ്ങിയവര്‍ കൂടി പ്ലേയിങ് ഇലവനിന്റെ ഭാഗമാകുന്നതോടെ മറ്റ് പൊസിഷനുകളും നികത്തപ്പെടും. അതുകൊണ്ട് തന്നെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജു കളിക്കാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഓസീസിനെതിരായ ടി20 പരമ്പരയില്‍ സഞ്ജു പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഗില്ലിന് വിശ്രമം അനുവദിച്ചാല്‍ സഞ്ജു ഓപ്പണറായി കളിച്ചേക്കും.