AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

U19 Women’s World Cup: സ്പിൻ കുരുക്കിൽ ദക്ഷിണാഫ്രിക്കയും വീണു; അണ്ടർ 19 വനിതാ ലോകകപ്പിൽ കിരീടം നിലനിർത്തി ഇന്ത്യ

U19 Womens World Cup India Champions: അണ്ടർ 19 വനിതാ ലോകകപ്പ് കിരീടം ഇന്ത്യക്ക്. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 9 വിക്കറ്റിന് തോല്പിച്ചാണ് ഇന്ത്യ തുടർച്ചയായ രണ്ടാം തവണയും കിരീടം നേടിയത്. ഇന്ത്യൻ ഓപ്പണർ ഗോങാഡി ട്രിഷ ടൂർണമെൻ്റിലെ താരമായി.

U19 Women’s World Cup: സ്പിൻ കുരുക്കിൽ ദക്ഷിണാഫ്രിക്കയും വീണു; അണ്ടർ 19 വനിതാ ലോകകപ്പിൽ കിരീടം നിലനിർത്തി ഇന്ത്യ
ഇന്ത്യ അണ്ടർ 19 വനിതാ ടീംImage Credit source: Social Media
Abdul Basith
Abdul Basith | Published: 02 Feb 2025 | 03:33 PM

അണ്ടർ 19 ലോകകപ്പിൽ കിരീടം നിലനിർത്തി ഇന്ത്യ. ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ഫൈനലിൽ 9 വിക്കറ്റിന് വിജയിച്ചാണ് തുടർച്ചയായ രണ്ടാം തവണയും ഇന്ത്യ കിരീടനേട്ടത്തിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 82 റൺസിന് പുറത്താക്കിയ ഇന്ത്യ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അനായാസവിജയത്തിലെത്തുകയായിരുന്നു. ഇന്ത്യക്കായി സ്പിന്നർമാരും ഗോങാഡി ട്രിഷയും വീണ്ടും തിളങ്ങി.

മലയാളി താരം ജോഷിത വിജെ ഒഴികെ ബാക്കിയുള്ള എല്ലാ ബൗളർമാരും വിക്കറ്റ് കോളത്തിൽ ഇടംപിടിച്ച മത്സരമായിരുന്നു ഇത്. മലയാളി താരത്തിൻ്റെ രണ്ട് ഓവറിൽ 17 റൺസ് നേടാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചെങ്കിലും പരുണിക സിസോദിയ, ആയുഷി ശുക്ല, വൈഷ്ണവി ശർമ്മ എന്നീ സ്പിന്നർമാർക്കൊപ്പം പാർട്ട് ടൈം സ്പിന്നറായ ഗോങാഡി ട്രിഷയും തകർത്തെറിഞ്ഞു. ട്രിഷ മൂന്ന് വിക്കറ്റ് നേടിയപ്പോൾ മറ്റ് മൂന്ന് സ്പിന്നർ രണ്ട് വിക്കറ്റ് വീതം നേടി. ഷബ്നം ഷക്കീലിലാണ് ബാക്കിയുള്ള ഒരു വിക്കറ്റ്. 23 റൺസ് നേടിയ മീക് വാൻ വൂസ്റ്റ് ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറർ. വെറും നാല് പേർ മാത്രമേ പ്രോട്ടീസ് നിരയിൽ ഇരട്ടയക്കം കടന്നുള്ളൂ.

മറുപടി ബാറ്റിംഗിൽ ജി കമാലിനിയെ വേഗം നഷ്ടമായെങ്കിലും ട്രിഷയും സാനിക ചൽകെയും ചേർന്ന് ഇന്ത്യയെ അനായാസ വിജയത്തിലെത്തിച്ചു. 33 പന്തിൽ 44 റൺസ് നേടിയ ട്രിഷയും 22 പന്തിൽ 26 റൺസ് നേടിയ ചൽകെയും നോട്ടൗട്ടാണ്. കളിയിൽ ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ ഗോങാഡി ട്രിഷ ലോകകപ്പിലെയും താരമാണ്. ഏഴ് മത്സരങ്ങളിൽ നിന്ന് 309 റൺസുമായി റൺ വേട്ടക്കാരിൽ ഒന്നാമതുള്ള താരം ഒരു സെഞ്ചുറിയും നേടിയിരുന്നു. ടൂർണമെൻ്റിൽ താരത്തിന് ഏഴ് വിക്കറ്റുമുണ്ട്. 17 വിക്കറ്റുള്ള ഇന്ത്യയുടെ തന്നെ വൈഷ്ണവി ശർമ്മയാണ് വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമത്.

Also Read: U19 Womens World Cup: സ്പിന്നിൽ കറങ്ങിവീണ് ഇംഗ്ലണ്ട്; അണ്ടർ 19 വനിതാ ലോകകപ്പിൽ തുടർച്ചയായ രണ്ടാം തവണയും ഇന്ത്യ ഫൈനലിൽ

2023 ലോകകപ്പ്
കഴിഞ്ഞ അണ്ടർ 19 ലോകകപ്പിലും ഇന്ത്യയായിരുന്നു ജേതാക്കൾ. 2023ൽ ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിച്ച ലോകകപ്പിൻ്റെ ഫൈനലിൽ ഇംഗ്ലണ്ടിനെ കീഴടക്കിയായിരുന്നു ഇന്ത്യയുടെ കിരീടധാരണം. കലാശപ്പോരിൽ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് കീഴടക്കി ഇന്ത്യ പ്രഥമ അണ്ടർ 19 ജേതാക്കളായി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 68 റൺസിന് ഓളൗട്ടാക്കിയ ഇന്ത്യ 14 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയത്തിലെത്തി. ഇന്ത്യൻ സീനിയർ ടീമിലെ സൂപ്പർ ഓപ്പണർ ഷഫാലി വർമ്മയായിരുന്നു കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യയുടെ ക്യാപ്റ്റൻ. അണ്ടർ 19 ലോകകപ്പിൽ കളിക്കുന്നതിന് മുൻപ് തന്നെ ഷഫാലി ഇന്ത്യൻ സീനിയർ ടീമിൽ കളിച്ചിരുന്നു. മുൻപ് തന്നെ സീനിയർ ടീമിൽ കളിച്ച വിക്കറ്റ് കീപ്പർ റിച്ച ഘോഷ്, നിലവിൽ ടീമിലുള്ള പേസർ തിതസ് സാധു എന്നിവരും കഴിഞ്ഞ തവണ ജേതാക്കളായ ഇന്ത്യൻ ടീമിൽ കളിച്ചിരുന്നു. ഗോങാഡി ട്രിഷയും കഴിഞ്ഞ തവണ ജേതാക്കളായ ഇന്ത്യൻ ടീമിൻ്റെ ഭാഗമായിരുന്നു. താരത്തിൻ്റെ രണ്ടാം ലോകകപ്പാണിത്.

Follow Us