AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

FIFA Controversy: ഫിഫയ്‌ക്കെതിരെ യുവേഫയുടെ റെഡ് കാര്‍ഡ്! പിന്തുണച്ച് എഎഫ്‌സി; ഒറ്റപ്പെട്ട് ഇന്‍ഫാന്റിനോ

FIFA World Cup Private Equity Controversy: വേൾഡ് കപ്പ് ഉൾപ്പെടെയുള്ള ഫിഫയുടെ മുൻനിര ടൂർണമെന്റുകളുടെ ഓഹരികൾ സ്വകാര്യ നിക്ഷേപക സ്ഥാപനങ്ങൾക്കു വിൽക്കാനുള്ള ഫിഫ പ്രസിഡന്റ് ജിയാന്നി ഇൻഫന്റീനോയുടെ പദ്ധതിയിൽ പ്രതിഷേധിച്ച് എല്ലാ ഫിഫ മത്സരങ്ങളും ബഹിഷ്കരിക്കാൻ യുവേഫ അംഗങ്ങളുടെ തീരുമാനം.

FIFA Controversy: ഫിഫയ്‌ക്കെതിരെ യുവേഫയുടെ റെഡ് കാര്‍ഡ്! പിന്തുണച്ച് എഎഫ്‌സി; ഒറ്റപ്പെട്ട് ഇന്‍ഫാന്റിനോ
Gianni Infantino Image Credit source: PTI
Jayadevan AM
Jayadevan AM | Published: 31 Jul 2026 | 09:30 PM

വേൾഡ് കപ്പ് ഉൾപ്പെടെയുള്ള ഫിഫയുടെ മുൻനിര ടൂർണമെന്റുകളുടെ ഓഹരികൾ സ്വകാര്യ നിക്ഷേപക സ്ഥാപനങ്ങൾക്കു വിൽക്കാനുള്ള ഫിഫ പ്രസിഡന്റ് ജിയാന്നി ഇൻഫന്റീനോയുടെ പദ്ധതിയിൽ പ്രതിഷേധിച്ച് എല്ലാ ഫിഫ മത്സരങ്ങളും ബഹിഷ്കരിക്കാൻ യുവേഫ അംഗങ്ങളുടെ തീരുമാനം. വ്യാഴാഴ്ച ചേർന്ന അടിയന്തര യോഗത്തിലാണ് യുവേഫയും അതിലെ 55 അംഗ അസോസിയേഷനുകളും ഈ തീരുമാനമെടുത്തത്. ഇക്കാര്യത്തില്‍ യുവേഫയും അതിന്റെ 55 അംഗ അസോസിയേഷനുകളും ഒറ്റക്കെട്ടായി നില്‍ക്കുമെന്നും, വേൾഡ് കപ്പിന്റെയും മറ്റ് ഫിഫ ടൂർണമെന്റുകളുടെയും ഉടമസ്ഥാവകാശ പങ്കാളിത്തം സ്വകാര്യ നിക്ഷേപകർക്ക് കൈമാറാനുള്ള ഫിഫയുടെ നിർദ്ദേശം തള്ളിക്കളയുകയാണെന്നും യുവേഫ പ്രസ്താവനയില്‍ വ്യക്തമാക്കി.

വേൾഡ് കപ്പിനെ ഒരു നിക്ഷേപ ഉൽപ്പന്നമായി കാണാൻ കഴിയില്ലെന്നും, അത് ലോക ഫുട്ബോളിന്റെ ഏറ്റവും വലിയ കായിക പാരമ്പര്യങ്ങളിലൊന്നാണെന്നും യുവേഫ ഓർമ്മിപ്പിച്ചു. തലമുറകളായി താരങ്ങളും ദേശീയ ടീമുകളും ലോകമെമ്പാടുമുള്ള ആരാധകരും ചേർന്ന് പടുത്തുയർത്തിയ ഈ പാരമ്പര്യത്തിന്റെ ഒരു ഭാഗം പോലും സ്വകാര്യ നിക്ഷേപകർക്ക് അടിയറവ് വെക്കാനാവില്ലെന്നും ലോകകപ്പ്‌ വിൽപ്പനയ്ക്കുള്ളതല്ലെന്നും യുവേഫ മുന്നറിയിപ്പ് നൽകി.

സെപ്റ്റംബർ പകുതിയോടെ അംഗീകരിക്കേണ്ട തരത്തിൽ ലോകമെമ്പാടുമുള്ള 211 അംഗരാജ്യങ്ങൾക്ക് 20 മില്യണ്‍ ഡോളർ വീതം വാഗ്ദാനം ചെയ്തുള്ള ഇൻഫന്റീനോയുടെ നീക്കത്തെ ചെറുക്കാനാണ് യുവേഫ യോഗം വിളിച്ചുചേർത്തത്. ഫിഫയുടെ വാണിജ്യ പ്രവർത്തനങ്ങൾ വേർപെടുത്തി 20 ബില്യൺ ഡോളറിന്റെ സംരംഭമാക്കാനും, അതിൽ 20 ശതമാനം ഓഹരി സ്വകാര്യ നിക്ഷേപകർക്ക് നൽകാനുമുള്ള ഇൻഫന്റീനോയുടെ പദ്ധതി ചൊവ്വാഴ്ചയാണ് പുറത്തുവന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകനായ ജാരെഡ് കുഷ്നറുടെ സഹോദരൻ ജോഷ്വാ കുഷ്നർ രൂപീകരിച്ച ന്യൂയോർക്ക് ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമാണ് ഇതിലെ പ്രധാന നിക്ഷേപകർ.

Also Read: ഇന്ത്യ- ബ്രസീൽ സൗഹൃദ മത്സരം ഒക്ടോബർ 3ന്; പിറക്കുക ചരിത്രം! ഇന്ത്യനേരിടുന്ന ഏറ്റവും ഉയർന്ന റാങ്കുള്ള എതിരാളി

ഇത്തരം നടപടികള്‍ക്ക്‌ ലോക ഫുട്ബോളിൽ സ്ഥാനമില്ലെന്ന് യുവേഫ ആവർത്തിച്ചു. സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിടുന്നവരുടെ പ്രതീക്ഷകൾക്ക് അനുസരിച്ച് ഫുട്ബോളിന്റെ ഭാവി നിർണ്ണയിക്കപ്പെടരുത്. സാമ്പത്തിക നേട്ടത്തിനായി ഫുട്ബോളിന്റെ ഭാവിയെ പണയം വെക്കാനാവില്ലെന്നും, അടുത്ത തലമുറയ്ക്കായി കാത്തുസൂക്ഷിക്കുന്ന ഈ കളിയെ വിൽക്കാൻ ആർക്കും ധാർമ്മിക അവകാശമില്ലെന്നും യുവേഫ വ്യക്തമാക്കി.

പിന്തുണച്ച് എഎഫ്‌സി

ഫിഫയുടെ ഈ നീക്കത്തിനെതിരെ യുവേഫയ്ക്കും കോൺകാകാഫിനും പിന്തുണയുമായി ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനും (എഎഫ്‌സി) രംഗത്തെത്തി. ഫിഫ ഫോർവേഡ് എന്റർപ്രൈസുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിൽ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ കടുത്ത ആശങ്ക രേഖപ്പെടുത്തി. വേൾഡ് കപ്പ് ബഹിഷ്കരണ ചർച്ചകളിലേക്ക് കാര്യങ്ങൾ എത്തിയത് സ്ഥിതിഗതികളുടെ ഗൗരവം വ്യക്തമാക്കുന്നുണ്ടെന്നും ഫുട്ബോൾ ഒരിക്കലും ഇത്തരമൊരു അവസ്ഥയിൽ എത്തരുതായിരുന്നുവെന്നും എഎഫ്‌സി വ്യക്തമാക്കി.

നിർദ്ദിഷ്ട പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിന് ആവശ്യമായ വിപുലമായ സമവായവും ഐക്യവും ഫിഫയ്ക്ക് ഇല്ലെന്നും വേൾഡ് കപ്പിന്റെ ആഗോള സ്വഭാവത്തെ ഭീഷണിപ്പെടുത്തുന്ന ഏത് നീക്കവും പുനഃപരിശോധിക്കണമെന്നും എഎഫ്‌സി പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി.

English Summary

UEFA and its 55 member nations unanimously agreed to boycott all FIFA competitions. The protest opposes Gianni Infantino’s proposal to sell a World Cup stake to private investors. AFC and CONCACAF joined UEFA in criticizing the commercialization and governance of the plan. Opponents argue that football’s greatest legacy must not be sold for financial gain.

Follow Us