WTC Final 2025: കരിയർ ബെസ്റ്റ് പ്രകടനവുമായി മാർക്രം; ലോർഡ്സിൽ ചരിത്രം കുറിച്ച് ബവുമയുടെ ദക്ഷിണാഫ്രിക്ക
South Africa Wins WTC Final 2025: 2025 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ദക്ഷിണാഫ്രിക്കയ്ക്ക്. ഫൈനലിൽ ഓസ്ട്രേലിയയെ തോല്പിച്ചാണ് പ്രോട്ടീസിൻ്റെ കിരീടനേട്ടം.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ദക്ഷിണാഫ്രിക്കയ്ക്ക്. ഇംഗ്ലണ്ടിലെ ലോർഡ്സിൽ നടന്ന ഫൈനലിൽ ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിന് വീഴ്ത്തിയാണ് ദക്ഷിണാഫ്രിക്കയുടെ കിരീടധാരണം. പ്രോട്ടീസ് ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാമത്തെ മാത്രം ഐസിസി കിരീടമാണിത്. രണ്ടാം ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ എയ്ഡൻ മാർക്രമാണ് ദക്ഷിണാഫ്രിക്കയെ ചരിത്രവിജയത്തിലേക്ക് നയിച്ചത്. 136 റൺസ് നേടിയ മാർക്രം ദക്ഷിണാഫ്രിക്കയെ വിജയത്തിനരികെ എത്തിച്ചാണ് മടങ്ങിയത്. ക്യാപ്റ്റൻ ടെംബ ബവുമ 66 റൺസ് നേടി പുറത്തായി.
അവസാന വിക്കറ്റിൽ മിച്ചൽ സ്റ്റാർക്കും ജോഷ് ഹേസൽവുഡും ചേർന്ന് കൂട്ടിച്ചേർത്ത 59 റൺസിൻ്റെ മികവിൽ ഓസ്ട്രേലിയ ദക്ഷിണാഫ്രയ്ക്ക് നൽകിയത് 282 റൺസ് വിജയലക്ഷ്യം. ബാറ്റിംഗിന് അനുകൂലമായിക്കഴിഞ്ഞ പിച്ചിൽ അനാവശ്യ ഷോട്ടുകൾ കളിക്കാതിരിക്കുകയായിരുന്നു വേണ്ടിയിരുന്നത്. ഇത് ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ അക്ഷരം പ്രതി പാലിച്ചു. റയാൻ റിക്കിൾട്ടൺ (6) വേഗം മടങ്ങിയെങ്കിലും പിന്നീട് കളി ദക്ഷിണാഫ്രിക്ക നിയന്ത്രിച്ചു.
രണ്ടാം വിക്കറ്റിൽ മാർക്രവും വ്യാൻ മുൾഡറും ചേർന്ന് 61 റൺസ് കൂട്ടിച്ചേർത്തു. 27 റൺസ് നേടിയ മുൾഡറെ വീഴ്ത്തി മിച്ചൽ സ്റ്റാർക്ക് ഈ കൂട്ടുകെട്ട് പൊളിച്ചു. മൂന്നാം വിക്കറ്റിലെത്തിയ ക്യാപ്റ്റൻ ടെംബ ബവുമയും മാർക്രവും ചേർന്നാണ് ദക്ഷിണാഫ്രിക്കയുടെ വിജയം ഉറപ്പിച്ചത്. ആറ് റൺസിൽ നിൽക്കെ ബവുമയ്ക്ക് പരിക്കേറ്റെങ്കിലും താരം ക്രീസിൽ തുടർന്നു. ഇരുവരും ഫിഫ്റ്റി കടന്നു. മാർക്രം സെഞ്ചുറിയും തികച്ചു. നാലാം ദിനം ആദ്യ സെഷനിൽ ഈ കൂട്ടുകെട്ട് തകർന്നു. 66 റൺസെടുത്ത ബവുമയെ പാറ്റ് കമ്മിൻസ് പുറത്താക്കുകയായിരുന്നു. മാർക്രവുമൊത്ത് 147 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിലാണ് ബവുമ മടങ്ങിയത്.
ട്രിസ്റ്റൻ സ്റ്റബ്സ് (8) വേഗം പുറത്തായെങ്കിലും പിന്നാലെയെത്തിയ ഡേവിഡ് ബെഡിംഗം ഉറച്ചുനിന്നു. വേഗം ഫിനിഷ് ലൈൻ കടക്കാനുള്ള ശ്രമത്തിനിടെ മാർക്രം ഹേസൽവുഡിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 136 റൺസ് നേടി മാർക്രം പുറത്തായപ്പോൾ ദക്ഷിണാഫ്രിക്ക ജയം ഉറപ്പിച്ചിരുന്നു. പിന്നീട് പുറത്താവാതെ നിന്ന ഡേവിഡ് ബെഡിംഗവും (21) കെയിൽ വെറെയ്നും (7) ചേർന്ന് ദക്ഷിണാഫ്രിക്കയുടെ വിജയറൺ കുറിച്ചു.