AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Temba Bavuma: ‘ക്വോട്ട പ്ലയർ, തടിയൻ, ഉറക്കം തൂങ്ങി’; പരിഹാസങ്ങൾ കരുത്താക്കി ബവുമ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന് നൽകിയത്

Captain Temba Bavumas Performance: 27 വർഷങ്ങൾക്ക് ശേഷമാണ് ദക്ഷിണാഫ്രിക്ക ഒരു ഐസിസി ടൈറ്റിൽ നേടുന്നത്. അതും ക്വോട്ട പ്ലയറെന്നും തടിയനെന്നും യ്റക്കം തൂങ്ങിയെന്നും അധിക്ഷേപിക്കപ്പെട്ട ടെംബ ബവുമയുടെ കീഴിൽ.

Temba Bavuma: ‘ക്വോട്ട പ്ലയർ, തടിയൻ, ഉറക്കം തൂങ്ങി’; പരിഹാസങ്ങൾ കരുത്താക്കി ബവുമ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന് നൽകിയത്
ടെംബ ബവുമImage Credit source: ICC X
abdul-basith
Abdul Basith | Published: 14 Jun 2025 18:10 PM

ഈ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനുമെതിരെ മാത്രമാണ് കളിക്കാതിരുന്നത്. അതുകൊണ്ട് തന്നെ ദക്ഷിണാഫ്രിക്കയുടെ ഫൈനൽ അർഹതയില്ലാത്തതാണെന്ന കുറ്റപ്പെടുത്തലുകളുണ്ടായിരുന്നു. ‘കുറ്റപ്പെടുത്തുന്നവർ അത് പറയട്ടെ, ഞങ്ങൾ കളത്തിൽ കാണിക്കുമെന്നായിരുന്നു’ ക്യാപ്റ്റൻ ടെംബ ബവുമയുടെ മറുപടി. ഫൈനലിൽ ബവുമ പറഞ്ഞ വാക്ക് പാലിച്ചുകാണിച്ചു. കിരീടസാധ്യതയിൽ മുന്നിലുണ്ടായിരുന്ന ഓസ്ട്രേലിയയെ ആധികാരികമായി തകർത്ത് ദക്ഷിണാഫ്രിക്ക കിരീടം നേടുമ്പോൾ 66 റൺസ് നേടിയ ബവുമയുടെ പ്രകടനവും നിർണായകമായി. ആറ് റൺസിൽ നിൽക്കെ പരിക്കേറ്റ് മുടന്തിയാണ് ബവുമ കളിച്ചതെന്നും ഓർമിക്കണം. ബവുമ അങ്ങനെയൊരു താരമാണ്.

ക്വോട്ട പ്ലയർ, തടിയൻ, ഉറക്കം തൂങ്ങി എന്നിങ്ങനെ തുടരെ അധിക്ഷേപിക്കപ്പെട്ടിരുന്ന താരമാണ് ബവുമ. രണ്ട് ദിവസം മുൻപാണ് ഈ അധിക്ഷേപങ്ങൾ അടങ്ങി ബവുമ വാഴ്ത്തുപാട്ടുകൾ കേട്ടുതുടങ്ങിയത്. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിലെ സംവരണത്തെച്ചൂണ്ടി ബവുമ ടീമിലെ സ്ഥാനത്തിനർഹനല്ലെന്ന വാദം വളരെ മുൻപ് തുടങ്ങിയതാണ്. ആഭ്യന്തര മത്സരങ്ങളിലെ സ്ഥിരതയാർന്ന, മികച്ച പ്രകടനങ്ങളൊന്നും ഇവർ കണ്ടില്ല. ഇത്തരക്കാർക്ക് സംവരണത്തെ കുറ്റം പറയുക മാത്രമാണ് വേണ്ടിയിരുന്നത്.

പതിറ്റാണ്ടുകളോളം വർണവെറി നിലനിന്നിരുന്ന രാജ്യമാണ് ദക്ഷിണാഫ്രിക്ക. അത് എല്ലായിടത്തുമുണ്ടായിരുന്നു. 1956ൽ ദക്ഷിണാഫ്രിക്കയുടെ ദേശീയ ടീമിൽ വെളുത്ത വർഗക്കാർ മാത്രമേ പങ്കെടുക്കാവൂ നിയമം വന്നു. ഇതോടെ ക്രിക്കറ്റ്, ഫുട്ബോൾ, റഗ്ബി തുടങ്ങിയ ലോകകപ്പുകളിൽ നിന്ന് ദക്ഷിണാഫ്രിക്ക വിലക്ക് നേരിട്ടു. 1994ലാണ് അവിടെ അപ്പാർത്തീഡ് അവസാനിക്കുന്നത്. പക്ഷേ, കായിക ടീമുകളിലെ വെളുത്ത വർഗക്കാരെന്നത് മാറാൻ പിന്നെയും നാല് വർഷം കഴിഞ്ഞു. 1998ൽ മഖായ എൻ്റിനിയാണ് ദക്ഷിണാഫ്രിക്കൻ ടീമിൽ കളിക്കുന്ന ആദ്യ കറുത്ത വർഗക്കാരൻ. വെറും 27 വർഷം മുൻപ്. ഇന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസങ്ങളായി പരിഗണിക്കപ്പെടുന്ന പല വെളുത്ത വർഗക്കാരുടെയും അപഹാസ്യങ്ങൾക്കും ഒറ്റപ്പെടലുകൾക്കും എൻ്റിനിയ്ക്ക് ഇരയാവേണ്ടിവന്നു. 94ൽ ദക്ഷിണാഫ്രിക്ക കറുത്ത വർഗക്കാർക്ക് സംവരണം ഏർപ്പെടുത്തിയെങ്കിലും 2007ലാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിൽ സംവരണം ലഭിക്കുന്നത്. 2016ൽ, അതായത് കേവലം 9 വർഷങ്ങൾക്ക് മുൻപ് മാത്രമാണ് ഇന്ന് കാണുന്ന നിലയിൽ ഇത് നിലവിൽ വരുന്നത്.

Also Read: WTC Final 2025: കരിയർ ബെസ്റ്റ് പ്രകടനവുമായി മാർക്രം; ലോർഡ്സിൽ ചരിത്രം കുറിച്ച് ബവുമയുടെ ദക്ഷിണാഫ്രിക്ക

അഞ്ച് വർഷങ്ങൾക്ക് ശേഷം ബവുമ ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റനാവുന്നു. ദക്ഷിണാഫ്രിക്കയുടെ കറുത്ത വർഗക്കാരനായ ക്രിക്കറ്റ് ക്യാപ്റ്റനെന്ന വിലാസം പേറുന്ന ആദ്യത്തെയാൾ. ഇത് 2021ലാണ്. കേവലം നാല് കൊല്ലം മുൻപ്. ടി20യിൽ ബവുമ പലപ്പോഴും അണ്ടർപെർഫോം ചെയ്തിട്ടുണ്ടെങ്കിലും ഏകദിനത്തിലും ടെസ്റ്റിലും അദ്ദേഹം ഒരു നല്ല പ്ലയറാണ്. മികച്ച ഒരു നായകനാണ്. കഴിഞ്ഞ ഏകദിന ലോകകപ്പിന് മുന്നോടിയായി നടന്ന ക്യാപ്റ്റന്മാരുടെ ഫോട്ടോഷൂട്ടിൽ ബവുമ ഉറക്കം തൂങ്ങിയിരിക്കുന്നു എന്ന അപവാദപ്രചരണങ്ങൾ നടന്നിരുന്നു. ക്ലിക്ക് ചെയ്ത സമയത്ത് അറിയാതെ കണ്ണടച്ചതാണെന്ന് ടെംബ പറഞ്ഞെങ്കിലും ആൾക്കൂട്ടം അംഗീകരിച്ചില്ല. അത്രത്തോളം വെറുപ്പാണ് ടെംബ ബവുമ എന്ന കറുത്തവനിൽ ലോകം അടിച്ചേൽപിച്ചത്. ആ കറുത്തവൻ തന്നെ വേണ്ടിവന്നു, ഒടുവിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു കിരീടം സമ്മാനിക്കാൻ. 27 വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ ഒരു ഐസിസി ടൈറ്റിൽ. ഇക്കാലയളവിൽ ഒരുപാട് ഇതിഹാസങ്ങൾ ദക്ഷിണാഫ്രിക്കൻ ജഴ്സിയണിഞ്ഞു. ആർക്കും കഴിഞ്ഞില്ല. ഇന്ന് ക്രിക്കറ്റ് ലോകം മുഴുവൻ ടെംബയുടെ അപദാനങ്ങൾ പാടുന്നു. പരിക്കിനോട് പൊരുതി ബവുമ നടത്തിയ ബാറ്റിംഗ് പ്രകടനത്തെ വാഴ്ത്തുന്നു. കാലം കാത്തുവച്ച നീതി.