iPhone 17 Air: വാങ്ങാനാളില്ല; ഐഫോൺ 17 എയർ നിർമ്മാണം നിർത്തിവച്ചെന്ന് റിപ്പോർട്ട്
iPhone Air Production Stops: ഐഫോൺ 17 എയർ നിർമ്മാണം താത്കാലികമായി നിർത്തിവച്ചു. ചൈനയ്ക്ക് പുറത്ത് പ്രതീക്ഷിച്ച സ്വീകാര്യത ലഭിക്കാത്തതാണ് കാരണം.
ഏറെ കൊട്ടിഘോഷിച്ച് അവതരിപ്പിച്ച ഐഫോൺ 17 എയർ നിർമ്മാണം നിർത്തിവച്ചെന്ന് റിപ്പോർട്ട്. വാങ്ങാൻ ആളില്ലാത്തതിനാൽ താത്കാലികമായി ഐഫോൺ 17 എയറിൻ്റെ നിർമ്മാണം നിർത്തിവച്ചു എന്നാണ് റിപ്പോർട്ടുകൾ. ഐഫോണിൻ്റെ ഏറ്റവും കനം കുറഞ്ഞ ഫോണെന്ന പേരിലാണ് ഐഫോൺ 17 മോഡലിൽ ഐഫോൺ 17 എയർ എന്ന മോഡലും ആപ്പിൾ പുറത്തിറക്കിയത്. സെപ്തംബറിൽ പുറത്തുവന്ന ഫോണിന് പ്രതീക്ഷിച്ച സ്വീകാര്യത ലഭിക്കുന്നില്ലെന്നാണ് വിവരം.
ചൈനയ്ക്ക് പുറത്തുള്ള മാർക്കറ്റുകളിൽ ഐഫോൺ 17 എയറിൻ്റെ നില അത്ര നല്ലതല്ലെന്നാണ് റിപ്പോർട്ടുകൾ. ചൈന ഉൾപ്പെടെയുള്ള മാർക്കറ്റുകളിൽ 17 സീരീസിലെ മറ്റ് മോഡലുകൾക്ക് നല്ല സ്വീകാര്യതയുണ്ട്. അതുകൊണ്ട് തന്നെ 17 എയറിൻ്റെ നിർമ്മാണം നിർത്തിവച്ച് മറ്റ് മോഡലുകളുടെ നിർമ്മാണം വർധിപ്പിക്കാനാണ് ആപ്പിളിൻ്റെ തീരുമാനം.
എയർ മോഡലിൻ്റെ നിർമ്മാണം പൂർണമായും അവസാനിപ്പിച്ച നിലയിലാണെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എയർ മോഡലിന് സ്വീകാര്യത കുറവാണെങ്കിലും ആകെ ഐഫോൻ 17 സീരീസിൽ 85 മുതൽ 90 ദശലക്ഷം ഫോണുകൾ വരെ ആപ്പിൾ നിർമ്മിച്ചേക്കും. എയർ മോഡലിന് ലഭിച്ച മോശം സ്വീകാര്യതയുടെ പശ്ചാത്തലത്തിൽ 18 ഇഞ്ചിൻ്റെ ഫോൾഡബിൾ ഐപാഡ് ലോഞ്ച് വൈകുമെന്നും റിപ്പോർട്ടുകളുണ്ട്.
ഐഫോൺ 17 എയറിന് നിലവിൽ ഇന്ത്യൻ മാർക്കറ്റിലെ വില 1,19,900 രൂപയാണ്. 256 ജിബി വേരിയൻ്റിൻ്റെ വിലയാണ് ഇത്. 6.5 ഇഞ്ച് ഡിസ്പ്ലേയിൽ എ19 പ്രോ ചിപ്സെറ്റാണ് ഫോണിലുള്ളത്. 5.6 മില്ലിമീറ്ററാണ് ഫോണിൻ്റെ കനം. 48 മെഗാപിക്സലിൻ്റെ പിൻ ക്യാമറയും 18 മെഗാപിക്സലിൻ്റെ സെൽഫി ക്യാമറയുമുള്ള ഫോണിൽ 3149 എംഎഎച്ചിൻ്റെ ബാറ്ററിയാണ് ഉള്ളത്.