Google map colours: ഗൂഗിൾ മാപ്പിലെ നിറങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അറിയാം ഈ നിറങ്ങൾ നൽകുന്ന സൂചനകൾ
Decoding Google Maps: ഭൂമിശാസ്ത്രപരമായ ഘടനകളെ സൂചിപ്പിക്കുന്ന നിറങ്ങളും മാപ്പിലുണ്ട്. ഇരുണ്ട തവിട്ട് നിറം ദേശീയ പാതകളെയും പ്രധാന റോഡുകളെയും കുറിക്കുന്നു.
യാത്രകളിൽ നമ്മുടെ പ്രധാന കൂട്ടാളിയാണ് ഗൂഗിൾ മാപ്പ്. എന്നാൽ മാപ്പിലെ വഴികൾ പല നിറങ്ങളിൽ കാണുന്നത് എന്തിനാണെന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഈ നിറങ്ങൾ നൽകുന്ന സൂചനകൾ മനസ്സിലാക്കിയാൽ യാത്ര എളുപ്പത്തിൽ പ്ലാൻ ചെയ്യാം.
ഗതാഗത തിരക്കിലെ നിറങ്ങൾ
- പച്ച നിറം: പോവേണ്ട വഴിയിൽ ഗതാഗത തിരക്കില്ല എന്നതിൻ്റെ സൂചനയാണിത്. സുരക്ഷിതമായ വേഗതയിൽ ലക്ഷ്യത്തിലെത്താം.
- മഞ്ഞയും ഓറഞ്ചും: വഴിയിൽ ചെറിയ ഗതാഗത തടസ്സങ്ങളുണ്ട്. വാഹനങ്ങൾ സാവധാനം നീങ്ങുന്നുണ്ട്. പ്രതീക്ഷിക്കുന്നതിനേക്കാൾ അൽപ്പം കൂടുതൽ സമയം യാത്രയ്ക്ക് വേണ്ടി വന്നേക്കാം.
- ചുവപ്പ് നിറം: ഇത് ഗതാഗതക്കുരുക്കിനെയാണ് സൂചിപ്പിക്കുന്നത്.
- കടും ചുവപ്പ് : വാഹനങ്ങൾക്ക് ഒട്ടും ചലിക്കാനാവാത്ത അതീവ ഗതാഗതക്കുരുക്ക് ആണ് ഈ നിറം നൽകുന്ന മുന്നറിയിപ്പ്.
- കടും നീല : ഗൂഗിൾ മാപ്പ് നിർദ്ദേശിക്കുന്ന, ലക്ഷ്യത്തിലേക്കുള്ള ഏറ്റവും എളുപ്പമുള്ള പ്രധാന റൂട്ട് ആണിത്.
- ഇളം നീല : ലക്ഷ്യത്തിലേക്കുള്ള സമാന്തര പാതകൾ ആണ് ഇളം നീലയിൽ കാണിക്കുന്നത്.
ഭൂപ്രദേശങ്ങളെ സൂചിപ്പിക്കുന്ന നിറങ്ങൾ
ഭൂമിശാസ്ത്രപരമായ ഘടനകളെ സൂചിപ്പിക്കുന്ന നിറങ്ങളും മാപ്പിലുണ്ട്. ഇരുണ്ട തവിട്ട് നിറം ദേശീയ പാതകളെയും പ്രധാന റോഡുകളെയും കുറിക്കുന്നു. ബ്രൗൺ നിറമാകട്ടെ മലയോര മേഖലകളിലെ പർവത പാതകളെ സൂചിപ്പിക്കുന്നു. വലിയ പാർക്കുകൾ, കാടുകൾ, വനമേഖലകൾ എന്നിവയെ പ്രതിനിധീകരിക്കുന്ന നിറമാണ് പച്ച. നദികൾ, തടാകങ്ങൾ, സമുദ്രങ്ങൾ പോലുള്ള ജലാശയങ്ങളെ സൂചിപ്പിക്കുന്ന നിറമാണ് നീല.
മഞ്ഞു മൂടിയ പ്രദേശങ്ങളെ കുറിക്കുന്നതിനു വെള്ളനിറമാണ് ഉള്ളത്. ബീച്ചുകളെ ഇളം തവിട്ടു നിറമാണ് സൂചിപ്പിക്കുന്നത്. ഗൂഗിൾ മാപ്പിലെ ഈ കളർ കോഡുകൾ മനസ്സിലാക്കി ഉപയോഗിക്കുന്നത് സഞ്ചാരികൾക്ക് യാത്രയുടെ സമയം, ദൂരം, തടസ്സങ്ങൾ എന്നിവ മുൻകൂട്ടി കണ്ട് യാത്രയെ കൂടുതൽ എളുപ്പത്തിൽ ആസൂത്രണം ചെയ്യാൻ സഹായിക്കും.