ചരിത്രമെഴുതാൻ ‘മിഷൻ ആഗമൻ’! ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് വിക്രം-1 ലോഞ്ച് ഇന്ന്
Skyroot Vikram-1 launch today: രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് സ്കൈറൂട്ട് വിക്രം-1 ഇന്ന് രാവിലെ 11:30 ന് ലോഞ്ച് ചെയ്യും. 'മിഷൻ ആഗമൻ' (Mission Aagaman) എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യം ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള ഇസ്രോയുടെ (ISRO) സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയിൽ ആണ് നടക്കുക.

Skyroot Vikram 1 Launch Today
ഹൈദരാബാദ്: ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് പുതിയ പ്രതീക്ഷകൾ പകർന്നുകൊണ്ട് രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് സ്കൈറൂട്ട് വിക്രം-1 ഇന്ന് ലോഞ്ച് ചെയ്യും. ‘മിഷൻ ആഗമൻ’ (Mission Aagaman) എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യം ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള ഇസ്രോയുടെ (ISRO) സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്ന് ലോഞ്ച് ചെയ്യാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് (ജൂലൈ 18) രാവിലെ 11:30 ന് ആണ് വിക്ഷേപണം നടക്കുക. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പേസ്-ടെക് സ്റ്റാർട്ടപ്പായ ‘സ്കൈറൂട്ട് എയറോസ്പേസ്’ ആണ് വിക്രം-1 റോക്കറ്റ് നിർമിച്ചിരിക്കുന്നത്.
“വന്ദേമാതരം”
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം കൈപ്പടയിൽ “വന്ദേമാതരം” എന്ന് എഴുതിയ ഒരു പോസ്റ്റ്കാർഡ് വിക്രം-1 റോക്കറ്റ് ബഹിരാകാശത്തേക്ക് വഹിക്കുന്നുണ്ട്. ആദ്യ പരീക്ഷണ ദൗത്യമായതിനാൽ വലിയ ഉപഗ്രഹങ്ങളൊന്നും ഇത്തവണ അയക്കുന്നില്ല. 15 മിനുട്ടും 46 സെക്കൻഡും കൊണ്ട് ദൗത്യം പൂർത്തിയാകും. വിക്രം സാരാഭായ്‍യുടെയും സി വി രാമന്റെയും ഡോ. എ പി ജെ അബ്ദുൾ കലാമിന്റെയും ഒരു അരിമണിയേക്കാൾ ചെറിയ രൂപങ്ങളും ഇതോടൊപ്പം ബഹാരാകാശത്തേക്ക് അയക്കുന്നുണ്ട്.
A historic new frontier for India’s space journey!
At 11:30 AM today, Skyroot Aerospace will undertake the maiden orbital launch of Vikram-1, India’s first privately developed launch vehicle.
This four-stage rocket is designed to provide rapid and on-demand launch services.… pic.twitter.com/1qFVTwNOuZ
— Narendra Modi (@narendramodi) July 18, 2026
ഒരു പുതിയ സുവർണ്ണ അധ്യായം
സ്കൈറൂട്ട് വിക്രം 1 വിക്ഷേപണം ഭാരതത്തിന്റെ ബഹിരാകാശ ചരിത്രത്തിൽ ഒരു പുതിയ സുവർണ്ണ അധ്യായം ആണെന്ന് പ്രധാനമന്ത്രി മോദി ട്വിറ്ററിൽ കുറിച്ചു. നമ്മുടെ യുവാക്കളുടെ കഴിവിന്റെയും ദൃഢനിശ്ചയത്തിന്റെയും സംരംഭകത്വ വീര്യത്തിന്റെയും ഉത്തമ ഉദാഹരണമാണ് ഈ ദൗത്യം. അതോടൊപ്പം, രാജ്യത്തെ ബഹിരാകാശ മേഖലയിൽ കൊണ്ടുവന്ന പരിഷ്കാരങ്ങൾ എങ്ങനെയാണ് പുതിയ നവീകരണങ്ങൾക്കും അവസരങ്ങൾക്കും വഴിതുറക്കുന്നത് എന്ന് കൂടിയാണ് ഇത് തെളിയിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
”ടീമിലെ മുഴുവൻ അംഗങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. വിക്രം-1 വാനോളം ഉയരട്ടെ, പുതിയ ചരിത്രങ്ങൾ സൃഷ്ടിക്കട്ടെ, ഒപ്പം ഒരു പുതിയ തലമുറയിലെ പുതുസംരംഭകർക്ക് പ്രചോദനമാകട്ടെ! എല്ലാ ഭാരതീയരും, പ്രത്യേകിച്ച് എന്റെ യുവസുഹൃത്തുക്കൾ, ഈ ചരിത്ര ദൗത്യത്തിന് സാക്ഷികളാകണമെന്നും, സ്കൈറൂട്ട് ടീമിന് ആശംസകൾ നേരുന്നതിൽ പങ്കുചേരണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു” എന്നും അദ്ദേഹം പറഞ്ഞു.
നമുക്കും വേണം ഒരു സ്പേസ് എക്സ്
നിലവിൽ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സ്വകാര്യ ബഹിരാകാശ ഗവേഷണ കമ്പനി ഇലോൺ മസ്കിന്റെ സ്പേസ് എക്സ് ആണ്. മറ്റ് പല രാജ്യങ്ങളുടേതിനേക്കാളും ശക്തമാണ് സ്പേസ്എക്സിന്റെ ബഹിരാകാശ ശക്തി. പല രാജ്യങ്ങൾക്കു വേണ്ടിയും അമേരിക്കയുടെ നാസയ്ക്ക് വേണ്ടിപ്പോലും സ്പേസ് എക്സ് ദൗത്യങ്ങൾ നടത്തുന്നു. നാസ പോലെ തന്നെ അമേരിക്കയ്ക്ക് അഭിമാനമാണ് സ്പേസ്എക്സ്. ഇന്ത്യക്ക് വേണ്ടതും അതുപോലെ ഒരു ബഹിരാകാശ ‘സ്പേസ്’ ആണ്.
സ്വയം വളരാനുള്ള ശ്രമത്തിൽ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ പലതും കൊണ്ടുവരാൻ സ്പേക്സ് എക്സിന് കഴിഞ്ഞു. ബഹിരാകാശ ചരിത്രത്തിൽ ആദ്യമായി, വിക്ഷേപിച്ച ശേഷം ഭൂമിയിൽ തിരിച്ചിറക്കാൻ കഴിയുന്ന ഫാൽക്കൺ 9 , ഫാൽക്കൺ ഹെവി എന്നീ റോക്കറ്റുകൾ വികസിപ്പിച്ചത് സ്പേസ് എക്സ് ആണ്. മനുഷ്യരെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും എത്തിക്കാൻ ലക്ഷ്യമിട്ട് ലോകത്തിലെ ഏറ്റവും വലിയതും ശക്തവുമായ സ്റ്റാർഷിപ്പ് റോക്കറ്റ് സംവിധാനത്തിന്റെ പണിപ്പുരയിലാണിപ്പോൾ അവർ.
ഇന്ത്യയുടെ ‘സ്പേസ് എക്സ്’!
ഇന്ന് രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം-1 കുതിച്ചുയരാർ റെഡിയായി നിൽക്കുമ്പോൾ ഇന്ത്യ സ്വപ്നം കാണുന്നതും സ്പേസ് എക്സ് പോലെ ശക്തമായ സ്വകാര്യ ബഹിരാകാരാകാശ കമ്പനികൾ ഭാവിയിൽ ഉയർന്നുവരണം എന്നാണ്. മിഷൻ ആഗമൻ വിജയകരമാകുന്നതോടെ ആഗോള സ്വകാര്യ ബഹിരാകാശ വിപണിയിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തമാകുകയും തദ്ദേശീയമായ വാണിജ്യ ഉപഗ്രഹ വിക്ഷേപണങ്ങൾക്ക് ഇത് പുതിയൊരു വാതിൽ തുറന്നുനൽകുകയും ചെയ്യും.
ഐഎസ്ആർഒയുടെ കരുത്തിൽ നാം ബഹിരാകാശ മേഖലയിൽ നിർണായക വളർച്ച കൈവരിച്ചുകൊണ്ടിരിക്കുകയാണ്, സ്വകാര്യ കമ്പനികൾ കൂടി ഈ മേഖലയിൽ ഗവേഷണങ്ങളും ലോഞ്ചുകളുമായി സജീവമാകുന്നത് ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങളെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകും. നാസയുമായും, ഇസ്രോയുമായി ചേർന്ന് സ്പേസ്എക്സ് ദൗത്യങ്ങൾ നടത്തുന്നതു പോലെ ഭാവിയിൽ സ്കൈറൂട്ടും വളർന്നാൽ രാജ്യത്തിനും അത് നേട്ടമാകും.
ലോഞ്ച് എങ്ങനെ കാണാം
വിക്ഷേപണത്തിന്റെ കൗണ്ട്ഡൗൺ തുടങ്ങുന്നതിന് ഏകദേശം 30 മിനിറ്റ് മുൻപ് തന്നെ സ്കൈറൂട്ട് എയറോസ്പേസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും യൂട്യൂബ് ചാനലിലും ലോഞ്ചിന്റെ ലൈവ് സ്ട്രീമിങ് ആരംഭിക്കും. ഇന്ത്യയിലെ ഒരു സ്വകാര്യ കമ്പനി തദ്ദേശീയമായി നിർമ്മിച്ച റോക്കറ്റ് ഉപയോഗിച്ച് ഉപഗ്രഹങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിക്കാൻ ശ്രമിക്കുന്ന ആദ്യ ശ്രമം എന്ന നിലയിൽ ഈ ലോഞ്ചിന് പ്രാധാന്യമേറെയാണ്.
സ്കൈറൂട്ട് വിക്രം 1
പൂർണ്ണമായും ഭാരം കുറഞ്ഞ ‘കാർബൺ-കോമ്പോസിറ്റ്’ ഘടനയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ ഇതിൽ ഉപയോഗിച്ചിരിക്കുന്നത് 3D-പ്രിന്റഡ് ലിക്വിഡ് എഞ്ചിനുകളാണ്. ഇത് റോക്കറ്റിന്റെ നിർമ്മാണച്ചെലവ് കുറയ്ക്കാനും വേഗത്തിൽ നിർമ്മിക്കാനും സഹായിക്കുന്നു. ഈ ദൗത്യത്തിൽ വിവിധ ബഹിരാകാശ കമ്പനികളുടെ ഉപഗ്രഹങ്ങൾക്കൊപ്പം കോസ്മോസെർവ് എന്ന കമ്പനിയുടെ ഒരു പേലോഡും ഉണ്ട്. ബഹിരാകാശത്തെ മാലിന്യങ്ങൾ റോബോട്ടിക് സംവിധാനം ഉപയോഗിച്ച് പിടിച്ചെടുക്കുന്ന സാങ്കേതികവിദ്യയാണ് ഇത് പരീക്ഷിക്കുന്നത്.
English Summary
The country’s first private space rocket, Skyroot Vikram-1, will be launched at 11:30 am today. The mission, dubbed ‘Mission Aagaman’, will take place from the launch pad 1 at ISRO’s Satish Dhawan Space Centre in Sriharikota, Andhra Pradesh. The Vikram-1 rocket has been built by Hyderabad-based space-tech startup Skyroot Aerospace.