Tecno Camon 30 : സോണിയുടെ ക്യാമറയുമായി ടെക്നോയുടെ കാമോൺ 30; ഉടൻ ഇന്ത്യയിലേക്ക്
Tecno Camon 30 Series Mobile : നാല് വേരിയൻ്റുകളിലായിട്ടാണ് കാമോൺ 30 സീരീസ് ഫെബ്രുവരിയിൽ നടന്ന ലോക മൊബൈൽ കോൺഗ്രസിൽ ടെക്നോ അവതരിപ്പിച്ചത്

ചൈനീസ് സ്മാർട്ട് ഫോൺ നിർമാതാക്കളായ ടെക്നോയുടെ ഏറ്റവും പുതിയ മോഡൽ കാമോൺ 30 സീരീസ് ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും. അതേസമയം കാമോൺ 30 സീരീസിൻ്റെ ഏത് വേരിയൻ്റുകളാകും ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുക എന്ന ടെക്നോ വ്യക്തമാക്കിയില്ല. ഫെബ്രുവരിയിൽ ലോക മൊബൈൽ കോൺഗ്രസിൽ ടെക്നോ കാമോൺ 30, കാമോൺ 30 5ജി, കാമോൺ 30 പ്രൊ 5ജി, കാമോൺ 30 പ്രീമിയർ 5ജി എന്നീ വേരിയൻ്റുകൾ അവതരിപ്പിച്ചിരുന്നു. ഇതിലെ ബേസ്, പ്രൊ വേരിയൻ്റുകൾ മാത്രമായിരുന്നു നൈജീരിയിൻ വിപണിയിൽ ടെക്നോ എത്തിച്ചത്.
കാമോൺ 30 ഇന്ത്യയിൽ എത്തുന്നുയെന്ന് ടെക്നോ തന്നെയാണ് ഇപ്പോൾ എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചിരിക്കുന്നത്. അതേസമയം സ്മാർട്ട്ഫോൺ ഇന്ത്യയിൽ എന്ന് അവതരിപ്പിക്കും എന്നതിൽ ഇതുവരെ ധാരണയായിട്ടില്ല. ഫോണിന് സോണിയുടെ ലിറ്റിയ ക്യാമറയാണ് ഘടിപ്പിച്ചിട്ടുള്ളതെന്ന് ടെക്നോ വ്യക്തമാക്കി. കൂടാതെ ഫോണിൻ്റെ കറുപ്പ് നിറത്തിലുള്ള ഡിസൈനും പുറത്ത് വന്നിരുന്നു. ഫോൺ ഈ മാസം തന്നെ ഇന്ത്യയിൽ അവതരിപ്പിച്ചേക്കാനാണ് സാധ്യത
ഫോണിൻ്റെ ബേസ് വേരിയൻ്റ് 4ജിയാണ്. മീഡിയടെക് ഹീലിയോ ജി99 ചിപ്പ്സെറ്റാണ് 4ജി ഫോണിനുള്ളത്. 5ജി ഫോണുകൾക്ക് മിഡിയടെക് ഡൈമെൻസിറ്റി 7020 എസ്ഒസി ചിപ്പ്സെറ്റാണുള്ളത്. പ്രൊ, പ്രീമീയർ വേരിയൻ്റുകൾക്ക് മിഡിയടെക് ഡൈമെൻസിറ്റി 8200 എസ്ഒസി ചിപ്പ്സെറ്റും. 5000 എംഎഎച്ചാണ് ഫോണിൻ്റെ ബാറ്ററി ഒപ്പം 70 വാട്ട് വയർ ഫാസ്റ്റ് ചാർജിങ്ങുമുണ്ട്.
50 എംപി പ്രൈമറി ക്യമറയ്ക്കൊപ്പം 2 എംപി ഡെപ്ത്ത് സെൻസറും രണ്ട് ഫ്ലാഷിങ് യൂണിറ്റുമാണുള്ളത്. ഫോണിൻ്റെ ടോപ്പ് വേരിയൻ്റുകൾക്ക് ദൃശ്യങ്ങൾ സ്റ്റെബിലൈസ് ചെയ്യാൻ പ്രത്യേക സംവിധാനവും ഏർപ്പെടുത്തിട്ടുണ്ട്. എല്ലാ മോഡലുകളുടെയും പ്രൈമറി ക്യാമറ 50എംപിയാണ്. റിപ്പോർട്ടുകൾ പ്രകാരം ബേസ് മോഡലിൻ്റെ വില 15,000 രൂപ ആയിരിക്കും