Google Wallet: ഒന്നും മറക്കണ്ട, ഇനി ഗൂഗിൾ വാലറ്റ് ഫോണിലുണ്ടല്ലോ
ഗൂഗിൾ പേ പോലെയാണ് ഗൂഗിൾ വാലറ്റ് എന്ന് കരുതരുത്. പേരിൽ മാത്രമാണ് ഇതിൽ വാലറ്റ് പൈസ ഉണ്ടാവില്ലെന്ന് സാരം
നിങ്ങളുടെ പേഴ്സ് മറന്ന് എത്ര തവണ എത്രയെത്ര സ്ഥലങ്ങളിൽ കുടുങ്ങി പോയിട്ടുണ്ട് നിങ്ങൾ? അതിൽ എടിഎം കാർഡുണ്ടാവാം, സിനിമ ടിക്കറ്റുണ്ടാവാം, അല്ലെങ്കിൽ ആധാർ കാർഡോ ലൈസൻസോ വരെയും കാണാം. ഇത്തരത്തിൽ അത്യാവശ്യ ഘട്ടങ്ങളിൽ നിങ്ങൾ കുടുങ്ങി പോകാതിരിക്കാനായൊരു കിടിലൻ ഐറ്റവുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ, പേര് ഗൂഗിൾ വാലറ്റ്.
ഗൂഗിൾ പേ പോലെയാണ് ഗൂഗിൾ വാലറ്റ് എന്ന് കരുതരുത്. പേരിൽ മാത്രമാണ് ഇതിൽ വാലറ്റ് പൈസ ഉണ്ടാവില്ലെന്ന് സാരം. രേഖകൾ ആവശ്യമായ ഡോക്യുമെൻറുകൾ തുടങ്ങിയവ ഡിജിറ്റലായി സൂക്ഷിക്കാനായുള്ള ആപ്പാണ് ഗൂഗിൾ വാലറ്റ്. ഇതിൽ നിങ്ങൾക്ക് യാത്രകൾക്കായി ആവശ്യമുള്ള ബോർഡിംഗ് പാസുകൾ, ലോയൽറ്റി കാർഡുകൾ, സിനിമാ ടിക്കറ്റുകൾ, ഫ്ലെറ്റ് ടിക്കറ്റുകൾ, ട്രെയിൻ-മെട്രോ ടിക്കറ്റുകൾ എന്നിവയും സൂക്ഷിക്കാം.
പിവിആർ, ഇനോക്സ്, എയർ ഇന്ത്യ, ഇൻഡിഗോ, ഫ്ലിപ്പ്കാർട്ട്, പൈൻ ലാബ്സ്, കൊച്ചി മെട്രോ, അബിബസ്, തുടങ്ങിയ 20 കമ്പനികളുമായായിരിക്കും ഗൂഗിൾ വാലറ്റ് സഹകരിക്കുന്നത്. ഇവരുടെ രേഖകളെല്ലാം നിങ്ങൾക്ക് ഗൂഗിൾ വാലറ്റിൽ സൂക്ഷിക്കാവുന്നതാണ്. ഭാവിയിൽ കൂടുതൽ ബ്രാൻഡുകൾ വാലറ്റിൻറെ ഭാഗമാകും. കേരളതതിൽ കൊച്ചി മെട്രോയിലും ഗൂഗിൾ വാലറ്റിൻറെ സേവനങ്ങൾ ലഭ്യമാകും. നിലവിൽ ബിഎംഡബ്ല്യുവുമായി ചേർന്ന് ഗൂഗിൾ ഡിജിറ്റൽ സ്മാർട്ട് കീ സേവനവും ഇതിലുണ്ടാവും താമസിക്കാതെ മറ്റ് വാഹനങ്ങളുടെയും ഡിജിറ്റിൽ കീ സേവനങ്ങൾ എത്തും.
ഫ്ലൈറ്റ് യാത്രികർക്കും മികച്ച സേവനങ്ങൾ ഇതുവഴി ലഭ്യമാകും. ബോർഡിംഗ് സമയത്തുണ്ടാകുന്ന മാറ്റങ്ങൾ, ഫ്ലൈറ്റ് സമയം എന്നിവ എല്ലാം നിങ്ങൾക്ക് ഇൻസ്റ്റൻറായി ഇതുവഴി ലഭ്യമാകും. ഏറ്റവും പ്രധാന കാര്യം ഗൂഗിൾ പിക്സൽ ഉപയോഗിക്കുന്നവർക്ക് നിങ്ങളുടെ ഫ്ലൈറ്റ് ബോർഡിംഗ് പാസെടുക്കാൻ വളരെ എളുപ്പമാണ്. ബോർഡിംഗ് പാസിൻറെ ഒരു സ്‌ക്രീൻഷോട്ട് എടുത്ത് “Google Wallet-ലേക്ക് ചേർക്കാം.
ആപ്പ് എവിടെ നിന്ന്
എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ഗൂഗിൾ പ്ലേ സ്റ്റോർ വഴി ആപ്പ് ഡൗൺലോഡ് ചെയ്യാം. നിലവിൽ ചിലർക്കെങ്കിലും ഇൻസ്റ്റാളേഷൻ ഓപ്ഷൻ കാണുന്നില്ലെങ്കിൽ താമസിക്കാതെ എല്ലാവർക്കും അത് ലഭ്യമാകും. ഇതിനായുള്ള ജോലികൾ ഗൂഗിൾ പൂർത്തിയാക്കി വരികയാണ്.