Abu Dhabi to India: അബുദാബിയിൽ നിന്ന് ഇന്ത്യയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിൻ്റെ നാല് പുതിയ വിമാന സർവീസുകൾ കൂടി
Abu Dhabi to India: Air India Express Expands Network with New Routes: മുംബൈ, ന്യൂഡൽഹി, കൊച്ചി തുടങ്ങിയ പ്രധാന ഇന്ത്യൻ നഗരങ്ങളിൽ നിന്നും അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇത്തിഹാദ് എയർവേയ്‌സ്, ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ പ്രമുഖ കമ്പനികൾ നിലവിൽ പ്രതിദിന സർവീസുകൾ നടത്തുന്നുണ്ട്
ദുബായ്: അബുദാബിയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷ വാർത്ത. സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് വിപുലീകരിച്ചു. ഇതോടെ ഇന്ത്യയിലെ നാല് നഗരങ്ങളിലേക്ക് കൂടി നേരിട്ടുള്ള വിമാന സർവീസുകൾ ലഭ്യമാകും. നവി മുംബൈ, ഇൻഡോർ, ലഖ്‌നൗ എന്നിവിടങ്ങളിലേക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് പുതിയ നോൺ-സ്റ്റോപ്പ് സർവീസുകൾ ആരംഭിച്ചിരിക്കുന്നത്. ഗുവാഹത്തിയിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസ് ഓഗസ്റ്റ് 7-ന് ആരംഭിക്കും
സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുമുള്ള സർവീസുകൾ വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നോൺസ്റ്റോപ് റൂട്ടുകൾ എന്ന് അബുദാബി എയർപോർട്ട്സ് സി.ഇ.ഒ അഹമ്മദ് ജുമ അൽ ഷംസി പറഞ്ഞു. എയർ ഇന്ത്യ എക്സ്പ്രസിൻ്റെ പുതിയ സർവീസുകൾ ഇന്ത്യക്കും യു.എ.ഇക്കുമിടയിൽ വർധിച്ചുവരുന്ന യാത്രാ ആവശ്യങ്ങൾ നിറവേറ്റാൻ ഏറെ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ സർവീസുകൾ ആരംഭിക്കുന്നതിലൂടെ യാത്രക്കാർക്ക് നേരിട്ടുള്ള കണക്റ്റിവിറ്റി ഉറപ്പാക്കാനാകും എന്ന് എയർ ഇന്ത്യ എക്സ്പ്രസ് ചെയർമാൻ നിപുൺ അഗർവാൾ പറഞ്ഞു. യുഎഇ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര വിപണികളിലൊന്നായി തുടരുകയാണെന്നും എയർ ഇന്ത്യ എക്സ്പ്രസിൻ്റെ വളർച്ചയിൽ അബുദാബിക്ക് വലിയ പങ്കാണുള്ളത് എന്നും അദ്ദേഹം വ്യക്തമാക്കി
മുംബൈ, ന്യൂഡൽഹി, കൊച്ചി തുടങ്ങിയ പ്രധാന ഇന്ത്യൻ നഗരങ്ങളിൽ നിന്നും അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇത്തിഹാദ് എയർവേയ്‌സ്, ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ പ്രമുഖ കമ്പനികൾ നിലവിൽ പ്രതിദിന സർവീസുകൾ നടത്തുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള യാത്രാസൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി 2026 ഓഗസ്റ്റിൽ ഇന്ത്യ-യുഎഇ റൂട്ടിൽ നിരവധി പുതിയ സർവീസുകളാണ് ആരംഭിക്കുന്നത്. പ്രവാസികൾ വിനോദസഞ്ചാരികൾ, ബിസിനസുകാർ, എന്നിവരുടെ വർധിച്ചുവരുന്ന യാത്രാ ആവശ്യങ്ങൾ പരിഗണിച്ച് ഇന്ത്യയ്ക്കും യു.എ.ഇക്കും ഇടയിൽ ആഴ്ചയിൽ നൂറുകണക്കിന് വിമാന സർവീസുകളാണ് ഇപ്പോൾ നടന്നുവരുന്നത്.
പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് ഗൾഫ് സെക്ടറിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിൻ്റെ വിമാന സർവീസുകൾ പലതും നിർത്തിവച്ചിരുന്നു. എന്നാൽ ഏപ്രിൽ മാസം മുതൽ തന്നെ യു.എ.ഇയിലേക്കുള്ള സർവീസുകൾ കമ്പനി പുനഃസ്ഥാപിച്ച് തുടങ്ങിയിരുന്നു. തുടർന്ന് ജുലൈ മാസത്തിലാണ് മേഖലയിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യ പൂർണമായും പുനഃസ്ഥാപിച്ചത്. ഗൾഫ് മേഖലയിൽ നിലവിൽ ബഹറൈൻ, കുവൈത്ത്, ഖത്തർ, ഒമാൻ, സൗദി അറേബ്യ യു.എ.ഇ തുടങ്ങി 13 ഗൾഫ് നഗരങ്ങളിലേക്കാണ് എയർ ഇന്ത്യ സർവീസ് നടത്തുന്നത്. ഈ മേഖലകളിൽ നിന്ന് ഇന്ത്യയിലെ 18 നഗരങ്ങളിലേക്ക് ആഴ്ചയിൽ ഏകദേശം 780 സർവീസുകൾ കമ്പനി നേരിട്ട് നടത്തുന്നുണ്ട്.
English Summary
Air India Express has expanded its network from Abu Dhabi’s Zayed International Airport, introducing four new direct flights to Navi Mumbai, Indore, Lucknow, and Guwahati. This expansion aims to meet the growing travel demand between the UAE and India, offering passengers enhanced connectivity and convenient travel options.