Russia-Ukraine War: ഇന്ത്യക്കും ചൈനക്കും മധ്യസ്ഥരാകാം, യുക്രൈനുമായി ചര്‍ച്ചയ്ക്ക് തയാര്‍: പുടിന്‍
Vladimir Putin: ഇസ്താംബൂളില്‍ അംഗീകരിച്ച രേഖകളുടെ അടിസ്ഥാനത്തിലായിരിക്കണം ചര്‍ച്ചകള്‍ നടക്കേണ്ടത്. ഇസ്താംബൂള്‍ ചര്‍ച്ചയില്‍ റഷ്യ പ്രാഥമികമായി ചില ധാരണകളില്‍ എത്തിയതാണ്. യുക്രൈന്‍ പ്രതിനിധി സംഘത്തിന്റെ തലവന്‍ രേഖകളില്‍ ഒപ്പുവെച്ചതും ഇതിന്റെ തെളിവായാണ്.
മോസ്‌കോ: യുക്രൈനുമായി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് തായറാണെന്ന് റഷ്യന്‍ പ്രസിഡന്റ്റ് വ്‌ളാഡിമിര്‍ പുടിന്‍. 2022ല്‍ ഇസ്താംബൂളില്‍ വെച്ച് റഷ്യയുടെയും യുക്രൈനിന്റെയും പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും അത് പരാജയപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ച എന്ന രീതിയിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് പുടിന്‍ അറിയിച്ചത്. തങ്ങള്‍ ചര്‍ച്ചകള്‍ക്ക് വിസമ്മതിച്ചിട്ടില്ലെന്നും താത്കാലികമായ ചില നിബന്ധനകളില്‍ ചര്‍ച്ച നടത്താനാകില്ലെന്നും പുടിന്‍ പറഞ്ഞു.
ഇസ്താംബൂളില്‍ അംഗീകരിച്ച രേഖകളുടെ അടിസ്ഥാനത്തിലായിരിക്കണം ചര്‍ച്ചകള്‍ നടക്കേണ്ടത്. ഇസ്താംബൂള്‍ ചര്‍ച്ചയില്‍ റഷ്യ പ്രാഥമികമായി ചില ധാരണകളില്‍ എത്തിയതാണ്. യുക്രൈന്‍ പ്രതിനിധി സംഘത്തിന്റെ തലവന്‍ രേഖകളില്‍ ഒപ്പുവെച്ചതും ഇതിന്റെ തെളിവായാണ്. എന്നാല്‍ പിന്നീട് ചില ബാഹ്യ ഇടപെടലുകളുണ്ടായി. റഷ്യയുടെ തകര്‍ച്ച കാണാന്‍ ആഗ്രഹിക്കുന്ന അമേരിക്കയും ചില യൂറോപ്യന്‍ രാജ്യങ്ങളുമാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമായതെന്ന് പുടിന്‍ പറഞ്ഞു. റഷ്യയിലെ വ്‌ളാഡിവോസ്‌തോക്കില്‍ നടന്ന ഈസ്‌റ്റേണ്‍ എക്കണോമിക് ഫോറത്തില്‍ ഒരു ചോദ്യത്തിന് മറുപടിയായാണ് പുടിന്‍ ഇക്കാര്യം പറഞ്ഞത്.
ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് റഷ്യക്കും യുക്രൈനുമിടയില്‍ മധ്യസ്ഥരായി പ്രവര്‍ത്തിക്കാം. യുദ്ധത്തിന്റെ പ്രാരംഭഘട്ടത്തില്‍ ഇസ്താംബൂളില്‍ അംഗീകരിച്ച പ്രാഥമിക ധാരണയുടെ അടിസ്ഥാനത്തില്‍ ചര്‍ച്ച തുടരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2024 ഒക്ടോബര്‍ 22 മുതല്‍ 24 വരെ റഷ്യയില്‍ വെച്ച് ബ്രിക്‌സ് ഉച്ചക്കോടി നടക്കാനിരിക്കെയാണ് പുടിന്റെ പുതിയ നീക്കം. റഷ്യ, ചൈന, ഇന്ത്യ, ബ്രസീല്‍, ദിക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്‌സ് അംഗങ്ങള്‍. കുര്‍സ്‌ക് മേഖലയിലുള്ള യുക്രൈന്റെ കടന്നുകയറ്റമാണ് ചര്‍ച്ചകള്‍ക്ക് വിലങ്ങുതടിയാകുന്നതെന്ന് പുടിന്‍ നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യങ്ങളെല്ലാം ചര്‍ച്ചകളില്‍ പരിഗണിക്കുമെന്നാണ് സൂചന.
അതേസമയം, നവംബറില്‍ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമലാ ഹാരിസിന് പുടിന്‍ പിന്തുണ അറിയിച്ചു. അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ ഒരു ഇഷ്ട സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ജോ ബൈഡനെ ആയിരിക്കും താന്‍ പറയുക. എന്നാല്‍ അദ്ദേഹം സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ച സ്ഥിതിക്ക് മിസ്. ഹാരിസിനാണ് തന്റെ പിന്തുണയെന്ന് പുടിന്‍ പറഞ്ഞു.
ഇതിന് കാരണം ജോ ബൈഡന്‍ പ്രാചരണ വേളയില്‍ ഹാരിസിനെ പിന്തുണച്ചതാണ്. അതിനാല്‍ താനും അത് തന്നെയാണ് ചെയ്യാന്‍ പോകുന്നത്. കമല ഹാരിസിന്റെ ചിരി വളരെ ആകര്‍ഷണീയമാണ്. അത് സൂചിപ്പിക്കുന്നത് കാര്യങ്ങളെല്ലാം അവര്‍ വളരെ നന്നായിട്ട് മുന്നോട്ട് കൊണ്ടുപോകും എന്നുതന്നെയാണെന്നും പുടിന്‍ പറഞ്ഞു.
Also Read: World Samosa Day 2024 : മതവികാരത്തെ വൃണപ്പെടുത്തും; സമൂസയെ നിരോധിച്ച ഒരു രാജ്യം
മുന്‍ യുഎസ് പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപ് തന്റെ പ്രവര്‍ത്തന കാലയളവില്‍ റഷ്യയുടെ മേല്‍ ഉപരോധങ്ങള്‍ തീര്‍ത്തിരുന്നു. കമല ഹാരിസ് അത്തരം ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തില്ല എന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ ഈ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് അമേരിക്കയിലെ ജനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഷ്യന്‍ സര്‍ക്കാരിന്റെ കീഴിലുള്ള വാര്‍ത്താ ചാനലായ ആര്‍ടി ന്യൂസിന്റെ രണ്ട് പ്രധാന എഡിറ്റര്‍മാര്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുടിന്റെ പ്രതികരണം. കഴിഞ്ഞ ജനുവരിയിലും ബൈഡനെ പിന്തുണച്ച് പുടിന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ അമേരിക്കയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നാണ് അന്ന് പുടിനോട് അമേരിക്ക പറഞ്ഞത്.