Ukraine peace: യുക്രൈന്‍ സമാധാന കരാര്‍ ഉടന്‍? സൂചന നല്‍കി യുഎസ്; പക്ഷേ, റഷ്യ പറഞ്ഞത്
Ukraine Russia Tension: യുക്രൈന്‍ സമാധാന കരാര്‍ തൊട്ടടുത്തെന്ന് സൂചിപ്പിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി. രണ്ട് പ്രധാന കാര്യങ്ങളാണ് കരാര്‍ യാഥാര്‍ത്ഥ്യമാകാന്‍ ബാക്കിയുള്ളതെന്നും യുഎസ്
കാലിഫോർണിയ: യുക്രൈന്‍ സമാധാന കരാര്‍ തൊട്ടടുത്തെന്ന് സൂചിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി. രണ്ട് പ്രധാന കാര്യങ്ങളാണ് കരാര്‍ യാഥാര്‍ത്ഥ്യമാകാന്‍ ബാക്കിയുള്ളതെന്നും യുഎസ് പ്രതിനിധി സൂചിപ്പിച്ചു. എന്നാല്‍ നിലവിലെ നിര്‍ദ്ദേശങ്ങളില്‍ സമൂലമായ മാറ്റങ്ങള്‍ വേണമെന്നാണ് റഷ്യയുടെ നിലപാട്. സംഘര്‍ഷം അവസാനിപ്പിക്കുക തന്റെ ലക്ഷ്യമാണെന്ന് ട്രംപ് പറയുന്നു. സംഘർഷം പരിഹരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും, അത് പ്രയാസകരമാണെന്നും യുഎസ് പ്രത്യേക പ്രതിനിധി കീത്ത് കെല്ലോഗ് റീഗൻ നാഷണൽ ഡിഫൻസ് ഫോറത്തോട് പറഞ്ഞു.
രണ്ട് പ്രദേശങ്ങളാണ് പ്രധാന പ്രശ്‌നങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഡോൺബാസിന്റെയും സപോരിഷിയ ആണവ നിലയത്തിന്റെയും ഭാവിയാണ് പ്രധാന പ്രശ്‌നങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ രണ്ട് രണ്ട് വിഷയങ്ങളും നമുക്ക് പരിഹരിക്കാൻ കഴിഞ്ഞാൽ, ബാക്കിയുള്ള കാര്യങ്ങൾ വളരെ നന്നായി നടക്കുമെന്ന് താന്‍ കരുതുന്നുവെന്നും കീത്ത് കെല്ലോഗ് പറഞ്ഞു.
കാലിഫോർണിയയിലെ സിമി വാലിയിലുള്ള റൊണാൾഡ് റീഗൻ പ്രസിഡൻഷ്യൽ ലൈബ്രറി ആൻഡ് മ്യൂസിയത്തിൽ വച്ചാണ് കെല്ലോഗ് ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായും, സീനിയര്‍ അഡൈ്വസറും ട്രംപിന്റെ മരുമകനുമായ ജാരെഡ് കുഷ്‌നറുമായും ചര്‍ച്ച നടത്തിയിരുന്നു. പ്രാദേശിക പ്രശ്നങ്ങൾ ചർച്ച ചെയ്തതായി പുടിന്റെ ഉന്നത വിദേശനയ സഹായി യൂറി ഉഷാക്കോവ് പറഞ്ഞു. വിറ്റ്കോഫുമായും കുഷ്‌നറുമായും യുക്രൈന്‍ പ്രസിഡന്റ് വോളോദിമര്‍ സെലെന്‍സ്‌കിയും ചര്‍ച്ച നടത്തിയിരുന്നു.