Houthi Attack: മക്കയിലും മദീനയിലും മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു; സൗദിയിൽ ആശങ്ക
Houthi Attack Triggers Security Alert in Mecca, Medina and Jeddah: മക്കയ്ക്ക് പുറത്തുള്ള വാദി അല്‍ മുഗമ്മസ്, ജിദ്ദയിലെ അല്‍ നുസ്ഹ പ്രദേശം, ത്വാഇഫിലെ വാദി ജലീല്‍, റാബിഖ് മേഖലയിലെ മസ്തൂറ എന്നിവിടങ്ങളിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

മക്ക
സൗദി അറേബ്യയിലെ മക്കയിലും മദീനയിലും മിസൈല്‍ അവശിഷ്ടങ്ങള്‍ വീണതായി റിപ്പോര്‍ട്ട്. യെമനിലെ ഹൂതി വിമതര്‍ നടത്തിയ ആക്രമണത്തിനിടെ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ സൗദി പ്രതിരോധസേന തകര്‍ത്തതിന് പിന്നാലെയാണ് വിവിധ പ്രദേശങ്ങളില്‍ അവശിഷ്ടങ്ങള്‍ പതിച്ചത്. മക്കയ്ക്ക് പുറമെ ജിദ്ദ, ത്വാഇഫ് തുടങ്ങിയ മേഖലകളിലും അവശിഷ്ടങ്ങള്‍ വീണതായാണ് വിവരം. സംഭവത്തെക്കുറിച്ച് സൗദി അധികൃതര്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
മക്കയ്ക്ക് സമീപവും ജിദ്ദയിലും ത്വാഇഫിലും അവശിഷ്ടങ്ങള്‍
സൗദി സിവില്‍ ഡിഫന്‍സിന്റെ അറിയിപ്പ് പ്രകാരം, മക്ക, മദീന മേഖലകളിലേക്ക് ഹൂതി വിമതര്‍ വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് പ്രതിരോധ സംവിധാനങ്ങള്‍ തടഞ്ഞത്. തുടര്‍ന്ന് മിസൈലുകളുടെ ഭാഗങ്ങള്‍ വിവിധ ഇടങ്ങളില്‍ പതിക്കുകയായിരുന്നു.
മക്കയ്ക്ക് പുറത്തുള്ള വാദി അല്‍ മുഗമ്മസ്, ജിദ്ദയിലെ അല്‍ നുസ്ഹ പ്രദേശം, ത്വാഇഫിലെ വാദി ജലീല്‍, റാബിഖ് മേഖലയിലെ മസ്തൂറ എന്നിവിടങ്ങളിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
നാല് പ്രവിശ്യകളില്‍ ജാഗ്രതാ നിര്‍ദേശം
സംഭവത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ മേഖലയിലെ നാല് പ്രവിശ്യകളില്‍ അപകടസാധ്യതയുണ്ടെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മക്ക, ജിദ്ദ, ത്വാഇഫ്, യാന്‍ബു എന്നിവിടങ്ങളിലെ ജനങ്ങളോട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാനും നിര്‍ദേശിച്ചിരുന്നു. പിന്നീട് അപകടസാധ്യത അവസാനിച്ചതായി അധികൃതര്‍ അറിയിച്ചു.
അതേസമയം, സൗദിയിലെ വിമാനത്താവളങ്ങള്‍, എണ്ണസംസ്‌കരണ കേന്ദ്രങ്ങള്‍, സൈനിക താവളങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഹൂതി സൈനിക വക്താവ് യഹ്യ സരീ അവകാശപ്പെട്ടു. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ദമ്മാം, നജ്‌റാന്‍ മേഖലകളിലെ വിമാനത്താവളങ്ങള്‍, ഖമീസ് മുഷൈത്തിലെ വ്യോമതാവളം എന്നിവ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെട്ടതായാണ് ഹൂതികളുടെ വാദം. എണ്ണ പമ്പിങ് കേന്ദ്രങ്ങളും കിഴക്ക്-പടിഞ്ഞാറന്‍ എണ്ണ പൈപ്പ്ലൈനും ലക്ഷ്യമിട്ടതായും അവര്‍ അവകാശപ്പെട്ടു. എന്നാല്‍ ഈ ലക്ഷ്യങ്ങളില്‍ എത്രത്തോളം നാശനഷ്ടമുണ്ടായെന്ന് സ്ഥിരീകരിച്ചിട്ടില്ല.
മക്കയെയും മദീനയെയും ലക്ഷ്യമിട്ടിട്ടില്ലെന്ന് ഹൂതികള്‍
മക്കയിലേക്കും മദീനയിലേക്കും ആക്രമണം നടത്തിയെന്ന ആരോപണം ഹൂതികള്‍ നിഷേധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സൗദിയിലെ എണ്ണ അടിസ്ഥാനസൗകര്യങ്ങളും സൈനിക കേന്ദ്രങ്ങളുമാണ് തങ്ങളുടെ ആക്രമണങ്ങളുടെ ലക്ഷ്യമെന്നാണ് അവര്‍ വ്യക്തമാക്കിയത്.
English Summary
Saudi Arabia reported that missile debris fell in Mecca, Medina and other areas after its defence systems intercepted two ballistic missiles linked to a Houthi attack. Authorities issued security warnings in several regions amid rising tensions in the region.