Kerala Weather Update: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
Kerala Weather Update Today: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് നിലനിൽക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട (Kerala Weather Update) ന്യൂനമർദ്ദത്തിന്റെയും തീവ്രന്യൂനമർദ്ദത്തിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഈ സാഹചര്യം കണക്കിലെടുത്ത് മൂന്ന് ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് (Kerala Red Alert) പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഇടുക്കി, പാലക്കാട് ജില്ലകളിലും റെഡ് അലർട്ടാണ്.
അതേസമയം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് നിലനിൽക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ALSO READ: അതിതീവ്രമഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ 26 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതുപോലെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ജില്ലയിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു.
അറബിക്കടലിൽ ന്യൂനമർദ്ദം
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ഒരുപോലെ രൂക്ഷമാകുന്ന ന്യൂനമർദ്ദ പ്രതിഭാസങ്ങളെ തുടർന്ന് കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നതിനാലും തെക്കുകിഴക്കൻ അറബിക്കടലിലെ ന്യൂനമർദ്ദ പാത്തി കേരളത്തിലൂടെ കടന്നുപോകുന്നതിനാലും ഒക്ടോബർ 25, 26 തീയതികളിൽ സംസ്ഥാനത്ത് അതീവ ജാഗ്രത നിർദ്ദേശിച്ചിട്ടുണ്ട്.
തെക്കുകിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്ന ലക്ഷദ്വീപിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. ഇതിൽ നിന്നുള്ള ന്യൂനമർദ്ദ പാത്തി കേരളത്തിലൂടെ വടക്കൻ തമിഴ്‌നാട് തീരം വരെ നീണ്ടുനിൽക്കുന്നു. അതുപോലെ, മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായും, ഒക്ടോബർ 25-ന് അതിതീവ്ര ന്യൂനമർദ്ദമായും മാറി ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റായി മാറും. ഇത് ഒക്ടോബർ 28-ഓടെ കൂടുതൽ ശക്തിപ്രാപിച്ച് ആന്ധ്രാപ്രദേശ് തീരത്തിന് സമീപമെത്താനും സാധ്യതയുണ്ട്.
മഴ സാധ്യത പ്രവചനം
റെഡ് അലർട്ട്
25 (ഇന്ന്-ഞായർ): മലപ്പുറം, കോഴിക്കോട്, വയനാട്
26 (തിങ്കൾ): ഇടുക്കി, പാലക്കാട്
ഓറഞ്ച് അലർട്ട്
25 (ഇന്ന്-ഞായർ): പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ
26 (തിങ്കൾ): പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം
യെല്ലോ അലർട്ട്
25 (ഇന്ന്-ഞായർ): തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസറഗോഡ്
26 (തിങ്കൾ): തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട്
27 (ചൊവ്വ): പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം
English Summary:
IMD has issued a Red Alert for Malappuram, Kozhikode, and Wayanad districts on October 25, forecasting extremely heavy rainfall within 24 hours. Seven other districts remain under an Orange Alert.