അമേരിക്കയിൽ എച്ച്-1 ബി വിസയുള്ളവരുടെ പങ്കാളികൾക്ക് ഇനി ജോലി ചെയ്യാനാകില്ല? മലയാളികളെ ഉൾപ്പടെ ആശങ്കയിലാക്കി പുതിയ നിർദ്ദേശം ഇങ്ങനെ
US H-4 Visa Holders May Lose Work Authorisation Under New Trump Proposal: 2014 മുതൽ 2017 വരെയുള്ള കാലയളവിലെ എച്ച്-4 എംപ്ലോയ്മെൻ്റ് ഓതറൈസേഷൻ ഡോക്യുമെൻ്റ് അപേക്ഷകളുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം, അംഗീകാരം ലഭിച്ചവരിൽ 93 ശതമാനവും ഇന്ത്യൻ പൗരന്മാരാണ്. ഇതിൽ തന്നെ 94 ശതമാനവും സ്ത്രീകളാണെന്നത് പ്രതിസന്ധിയുടെ വ്യാപ്തി വർധിപ്പിക്കുന്നു

പ്രതീകാത്മക ചിത്രം
വാഷിംഗ്ടൺ: അമേരിക്കയിൽ ജോലി ചെയ്യുന്ന എച്ച്-1 ബി വിസക്കാരുടെ പങ്കാളികൾക്ക് നൽകിവരുന്ന എച്ച്-4 വിസയിലെ തൊഴിലവകാശം റദ്ദാക്കാൻ അമേരിക്കൻ ഗവൺമെൻ്റ് തയ്യാറെടുക്കുന്നു. പത്ത് വർഷത്തിലേറെയായി നിലവിലുള്ള നയമാണ് ഇപ്പോൾ തിരുത്തിയെഴുതാൻ ട്രംപ് ഭരണകൂടം തയ്യാറെടുക്കുന്നത്. എച്ച്-4 വിസയുള്ളവർക്ക് അമേരിക്കയിൽ നിയമപരമായി ജോലി ചെയ്യാൻ അനുവദിക്കുന്ന വർക്ക് പെർമിറ്റുകൾ പൂർണ്ണമായും അവസാനിപ്പിക്കാനാണ് പുതിയ തീരുമാനം. ഇത് ഏറ്റവും കൂടുതൽ ബാധിക്കുക മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രൊഫഷണലുകളെയാണ്. കാരണം, എച്ച്-4 വർക്ക് പെർമിറ്റ് ലഭിച്ചിട്ടുള്ളവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.
2014 മുതൽ 2017 വരെയുള്ള കാലയളവിലെ എച്ച്-4 എംപ്ലോയ്മെൻ്റ് ഓതറൈസേഷൻ ഡോക്യുമെൻ്റ് അപേക്ഷകളുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം, അംഗീകാരം ലഭിച്ചവരിൽ 93 ശതമാനവും ഇന്ത്യൻ പൗരന്മാരാണ്. ഇതിൽ തന്നെ 94 ശതമാനവും സ്ത്രീകളാണെന്നത് പ്രതിസന്ധിയുടെ വ്യാപ്തി വർധിപ്പിക്കുന്നു.
ഓഫീസ് ഓഫ് ഇൻഫർമേഷൻ ആൻഡ് റെഗുലേറ്ററി അഫയേഴ്സിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ പുതിയ നിർദ്ദേശം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ ഭാവിയിലേകുള്ള അജണ്ടയുടെ ഭാഗമായാണ് ഈ നിർദ്ദേശം ഉൾപ്പെടുത്തിയിട്ടുള്ളത്, എന്നാൽ എന്ന് മുതലാണ് ഇത് നടപ്പിലാക്കുക എന്നത് പ്രഖ്യാപിച്ചിട്ടില്ല. 2015-ൽ കൊണ്ടുവന്ന നിയമത്തിൽ മാറ്റം വരുത്തി, പഴയ രീതിയിലേക്ക് തന്നെ മടങ്ങാനാണ് ഈ നിർദ്ദേശത്തിലൂടെ യു.എസ് ഭരണകൂടം ഉദ്ദേശിക്കുന്നത്.
Also Read: Europe PR: മലയാളികളേ, യൂറോപ്പിൽ സ്ഥിരതാമസമാക്കണോ? 2 വർഷത്തിനുള്ളിൽ പിആര്‍!
എന്നാൽ, നിലവിൽ ഇതൊരു നിർദ്ദേശം മാത്രമാണ്. അന്തിമ തീരുമാനമെടുക്കുകയോ വിസ റദ്ദാക്കുകയോ ചെയ്തിട്ടില്ല എന്നതിനാൽ പ്രവാസികൾക്ക് തൽക്കാലം ആശ്വസിക്കാം. ഇത് പ്രാബല്യത്തിൽ വരണമെങ്കിൽ ഡി.എച്ച്.എസ് ഔദ്യോഗികമായി ഫെഡറൽ രജിസ്റ്ററിൽ നോട്ടീസ് പ്രസിദ്ധീകരിക്കുകയും, അതിൽ പൊതുജനങ്ങളുടെ അഭിപ്രായം തേടുകയും വേണം. അതിനുശേഷം മാത്രമേ അന്തിമ നിയമം പാസാക്കാനാകു. അതിനാൽ നിലവിൽ ഇ.എ.ഡി ഉള്ള എച്ച്-4 വിസക്കാർക്ക് ഇപ്പോഴത്തെ നിയമപ്രകാരം തടസ്സമില്ലാതെ ജോലി തുടരാവും.
എച്ച്-4 ഇ.എ.ഡി പദ്ധതി റദ്ദാക്കാനുള്ള ആദ്യത്തെ ശ്രമമല്ല ഇത്. 2017-ലെ ട്രംപിൻ്റെ ആദ്യ ഭരണകാലത്തും സമാനമായ നിർദ്ദേശം കൊണ്ടുവന്നിരുന്നെങ്കിലും 2021-ൽ അത് പിൻവലിക്കുകയായിരുന്നു. പുതിയ എച്ച്-1 ബി വിസകൾക്ക് 103,265 ഡോളർ ഫീസ് ഏർപ്പെടുത്താനും, ജോലി നഷ്ടപ്പെട്ടാൽ പുതിയ തൊഴിലുടമയെ കണ്ടെത്താൻ നിലവിൽ ലഭിക്കുന്ന 60 ദിവസത്തെ സമയം ഒഴിവാക്കാനും വൈറ്റ് ഹൗസ് പദ്ധതിയിടുന്നുണ്ട്.
എച്ച്-4 എന്നത് ഒരു തൊഴിൽ വിസയല്ല. എച്ച്-1 ബി വിസയുള്ളയാളുടെ പങ്കാളിക്കോ കുട്ടികൾക്കോ അമേരിക്കയിൽ ഒന്നിച്ച് ജീവിക്കാൻ മാത്രം നൽകുന്ന വിസയാണിത്. അവിടെ ജോലി ചെയ്യണമെങ്കിൽ ഇ.എ.ഡി എന്നറിയപ്പെടുന്ന പ്രത്യേക വർക്ക് പെർമിറ്റ് നിർബന്ധമാണ്. ഗ്രീൻ കാർഡ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ച എച്ച്-1 ബി വിസക്കാരുടെ പങ്കാളികൾക്ക് മാത്രമാണ് ഇത് ലഭിക്കുക.
English Summary
A new US government proposal aims to strip H-4 visa holders, primarily spouses of H-1B workers, of their employment authorization. This move will heavily impact Indian professionals, especially women, who account for the majority of these permits. The policy seeks to reverse a decade-old regulation allowing dependents to work legally.