Russia Ukraine War: റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രൈന് നഷ്ടമായത് അര ലക്ഷത്തിലേറെ സൈനികരെ; കണക്കുകള്‍ നിരത്തി സെലെന്‍സ്‌കി
Volodymyr Zelenskyy on the Russia-Ukraine war: റഷ്യയുമായുള്ള യുദ്ധത്തിൽ ഏകദേശം 55,000 യുക്രൈന്‍ സൈനികർ കൊല്ലപ്പെട്ടതായി പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി. നിരവധി പേരെ കാണാതായതായും സെലെൻസ്‌കി.
റഷ്യയുമായുള്ള യുദ്ധത്തിൽ ഏകദേശം 55,000 യുക്രൈന്‍ സൈനികർ കൊല്ലപ്പെട്ടതായി പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി ഫ്രാൻസ് 2 ടിവിയോട് പറഞ്ഞു. നിരവധി പേരെ കാണാതായതായും അദ്ദേഹം പറഞ്ഞു. യുഎസ് പിന്തുണയുള്ള ഊർജ്ജ ഉടമ്പടി മുതലെടുത്ത് കഴിഞ്ഞയാഴ്ച റഷ്യ യുദ്ധോപകരണങ്ങൾ ശേഖരിച്ചുവെന്നും, ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് യുക്രൈനെ ആക്രമിച്ചുവെന്നും സെലെൻസ്‌കി ആരോപിച്ചു.
റഷ്യയ്ക്ക് യുദ്ധം തുടരാനുള്ള പുതിയ അവസരം നൽകുന്നതിനുപകരം സമാധാനത്തിലേക്ക് നയിക്കുന്നതിനുള്ള ചര്‍ച്ചകളാണ് വേണ്ടത്. സഖ്യരാജ്യങ്ങള്‍ റഷ്യയില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തണം. സമാധാനത്തിലേക്കും യുദ്ധത്തിന്റെ അവസാനത്തിലേക്കും നീങ്ങുകയാണെന്ന് യുക്രൈന്‍ ജനതയ്ക്ക് തോന്നണമെന്നും സെലെന്‍സ്‌കി അഭിപ്രായപ്പെട്ടു.
അതേസമയം, യുക്രൈന്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കുന്നതുവരെ യുദ്ധം അവസാനിപ്പിക്കില്ലെന്നാണ് റഷ്യ മുന്നറിയിപ്പ് നല്‍കി. യുക്രൈന്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കുന്നതുവരെ റഷ്യന്‍ സൈനികര്‍ യുദ്ധം തുടരുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. സംഘർഷഭരിതമായ ഡൊണെറ്റ്സ്ക് മേഖലയിൽ നിന്ന് യുക്രൈന്‍ സൈന്യത്തെ പിൻവലിക്കണമെന്ന് റഷ്യ ആഗ്രഹിക്കുന്നു.
Iran-US Conflict: അമേരിക്ക സൈനിക നടപടി ആരംഭിച്ചാല്‍, ഞങ്ങള്‍ യുദ്ധത്തിനിറങ്ങും: ഖമേനി
യുഎസ്, യുക്രൈന്‍, റഷ്യൻ പ്രതിനിധികൾ തമ്മിലുള്ള ചർച്ച ഇന്നും അബുദാബിയില്‍ തുടരും. ചർച്ചകൾ ക്രിയാത്മകമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ യുഎഇയില്‍ യുഎസിന്റെ മധ്യസ്ഥതയിലുള്ള രണ്ടാം റൗണ്ട് ചര്‍ച്ചകളാണ് ആരംഭിച്ചത്. റഷ്യ, യുക്രൈന്‍ പ്രതിനിധികൾ ബുധനാഴ്ച രാവിലെ അബുദാബിയിൽ എത്തിയതായി റഷ്യൻ സ്റ്റേറ്റ് മീഡിയയും യുക്രൈന്‍ ചീഫ് നെഗോഷ്യേറ്ററുടെ വക്താവും അറിയിച്ചു.
ഇരു രാജ്യങ്ങളെയും ഒരു കരാറിലെത്തിക്കാൻ ശ്രമിക്കുന്നതിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫിനെയും മരുമകൻ ജാരെഡ് കുഷ്നറെയും അയച്ചതായി എഎഫ്‌പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.