Vishu at Gulf: പ്രതിസന്ധികൾക്കിടയിലും പ്രവാസികൾക്ക് സമൃദ്ധമായ വിഷു; നെടുമ്പാശേരിയിൽ നിന്ന് പറന്നത് 1650 ടൺ പച്ചക്കറികൾ
Vegetables for Vishu sadhya 2026 to Gulf: പ്രധാനമായും വിഷുക്കണിക്ക് അത്യാവശ്യമായ കണിവെള്ളരി, ചക്ക, കായ, മത്തൻ എന്നിവയാണ് ഗൾഫ് വിപണി ലക്ഷ്യമാക്കി കൊണ്ടുപോയത്. ഇവയ്‌ക്കൊപ്പം കേരളത്തിന്റെ തനതായ കണിക്കൊന്ന പൂക്കൾ ചീത്തയാകാത്ത രീതിയിൽ പ്രത്യേകമായി പാക്ക് ചെയ്ത് ഗൾഫിലെ മലയാളികൾക്ക് കണി കാണാനായി എത്തിച്ചിട്ടുണ്ട്.
നെടുമ്പാശേരി: ഗൾഫ് മേഖലയിലെ സംഘർഷ സാഹചര്യങ്ങൾക്കിടയിലും പ്രവാസി മലയാളികളുടെ വിഷു ആഘോഷത്തിന് തടസ്സമില്ലെന്ന് ഉറപ്പുവരുത്തി കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി ടൺകണക്കിന് പച്ചക്കറികൾ വിദേശത്തെത്തി. ഈ വിഷുക്കാലത്ത് മാത്രം 1650 ടണ്ണിലേറെ പച്ചക്കറികളാണ് കൊച്ചിയിൽ നിന്നും ഗൾഫ് നാടുകളിലേക്ക് കയറ്റി അയച്ചത്. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷം മൂലം വിമാന സർവീസുകളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും, പച്ചക്കറി വിതരണം മുടങ്ങാതിരിക്കാൻ പ്രത്യേക കാർഗോ വിമാനങ്ങൾ സർവീസ് നടത്തിയത് പ്രവാസികൾക്ക് വലിയ ആശ്വാസമായി.
500 ടൺ പച്ചക്കറികൾ കയറ്റുമതി ചെയ്തു
വിമാനത്താവളത്തിന്റെ ചരിത്രത്തിൽ തന്നെ രേഖപ്പെടുത്തിയ വലിയൊരു മുന്നേറ്റമാണ് കഴിഞ്ഞ ശനിയാഴ്ച ഉണ്ടായത്. അന്ന് മാത്രം ഏകദേശം 500 ടൺ പച്ചക്കറികളാണ് ഗൾഫ് മേഖലയിലേക്ക് അയച്ചത്. സാധാരണ വിമാനങ്ങളിലെ കാർഗോ സൗകര്യത്തിന് പുറമെ, ലുലു ഗ്രൂപ്പ് ഉൾപ്പെടെയുള്ള വൻകിട സ്ഥാപനങ്ങൾ ഏർപ്പെടുത്തിയ പ്രത്യേക വിമാനങ്ങൾ വഴി 350 ടൺ പച്ചക്കറികൾ അധികമായി ഗൾഫ് രാജ്യങ്ങളിലേക്ക് എത്തിക്കാനും സാധിച്ചു. ഇതോടെ കഴിഞ്ഞ വർഷത്തെ കയറ്റുമതി കണക്കുകൾക്കൊപ്പം ഇത്തവണ പ്രതിസന്ധി ഘട്ടമാണെങ്കിലും എത്താൻ സാധിച്ചിട്ടുണ്ട്.
ALSO READ: വിഷു കഴിഞ്ഞ് ബെംഗളൂരുവിലേക്ക് തിരക്കില്ലാതെ എങ്ങനെ മടങ്ങാം? നിങ്ങൾ അറിയേണ്ട ടിപ്സുകൾ
വിഷു ആഘോഷക്കാൻ ഉള്ളതെല്ലാം ഗൾഫിലെത്തി
ഏപ്രിൽ ആറ് മുതൽ 13 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ ഓരോ ദിവസവും നൂറ് ടണ്ണിന് മുകളിലായിരുന്നു ജിസിസി രാജ്യങ്ങളിലേക്കുള്ള പച്ചക്കറികളുടെ കയറ്റുമതി. പ്രത്യേകിച്ച് ഏപ്രിൽ 11-ന് 490 ടണ്ണും ഇന്നലെ 150 ടണ്ണും പച്ചക്കറികൾ കയറ്റി അയച്ചു. ഇന്നും 150 ടൺ കയറ്റുമതിക്കായി ബുക്കിംഗ് നടന്നിട്ടുണ്ട്. പ്രധാനമായും വിഷുക്കണിക്ക് അത്യാവശ്യമായ കണിവെള്ളരി, ചക്ക, കായ, മത്തൻ എന്നിവയാണ് ഗൾഫ് വിപണി ലക്ഷ്യമാക്കി കൊണ്ടുപോയത്. ഇവയ്‌ക്കൊപ്പം കേരളത്തിന്റെ തനതായ കണിക്കൊന്ന പൂക്കൾ ചീത്തയാകാത്ത രീതിയിൽ പ്രത്യേകമായി പാക്ക് ചെയ്ത് ഗൾഫിലെ മലയാളികൾക്ക് കണി കാണാനായി എത്തിച്ചിട്ടുണ്ട്. വിമാനക്കമ്പനികളും വിമാനത്താവള അധികൃതരും കൈകോർത്തതോടെ പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിലും പ്രവാസികളുടെ വിഷു സമൃദ്ധമാവുകയാണ്.