8th Pay Commission: 45 ദിവസം പിതൃത്വ അവധി, രണ്ട് വർഷം ചൈൽഡ് കെയർ ലീവ്; എട്ടാം ശമ്പള കമ്മീഷനിൽ പുതിയ ആവശ്യങ്ങൾ
8th Pay Commission New Demands Include Longer Paternity and Child Care Leave: നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടിസ്ഥാന ശമ്പളത്തിന്റെ മൂന്ന് ശതമാനമാണ് വാര്‍ഷിക ഇന്‍ക്രിമെന്റായി ലഭിക്കുന്നത്. ഇത് ആറ് ശതമാനമായി ഉയര്‍ത്തണമെന്നാണ് ബിപിഎംഎസിന്റെ പ്രധാന ആവശ്യം. വിലക്കയറ്റവും ജീവിതച്ചെലവിലുണ്ടാകുന്ന വര്‍ധനയും കണക്കിലെടുത്ത് ജീവനക്കാരുടെ വരുമാനം മെച്ചപ്പെടുത്താന്‍ ഈ മാറ്റം സഹായിക്കുമെന്നാണ് സംഘടനയുടെ നിലപാട്.

പ്രതീകാത്മക ചിത്രം
എട്ടാം ശമ്പള കമ്മീഷനില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിലും മറ്റ് ആനുകൂല്യങ്ങളിലും വലിയ മാറ്റങ്ങള്‍ ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടനയായ ഭാരതീയ പ്രതിരക്ഷ മസ്ദൂര്‍ സംഘം (ബിപിഎംഎസ്). നിലവിലുള്ള മൂന്ന് ശതമാനം വാര്‍ഷിക ശമ്പള വര്‍ധന ആറ് ശതമാനമായി ഉയര്‍ത്തുക, പിതൃത്വ അവധി 45 ദിവസമാക്കുക, ഇന്‍ഷുറന്‍സ് പരിരക്ഷ വര്‍ധിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് സംഘടന മുന്നോട്ടുവെച്ചിരിക്കുന്നത്. ശമ്പളം, പെന്ഷന്, പ്രമോഷന്, അവധി, ആരോഗ്യ ആനുകൂല്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ആകെ 73 നിര്‍ദേശങ്ങളാണ് എട്ടാം ശമ്പള കമ്മീഷന് സമര്‍പ്പിച്ചിരിക്കുന്നത്.
വാര്‍ഷിക ശമ്പള വര്‍ധന 3ല്‍ നിന്ന് 6 ശതമാനമാക്കണം
നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടിസ്ഥാന ശമ്പളത്തിന്റെ മൂന്ന് ശതമാനമാണ് വാര്‍ഷിക ഇന്‍ക്രിമെന്റായി ലഭിക്കുന്നത്. ഇത് ആറ് ശതമാനമായി ഉയര്‍ത്തണമെന്നാണ് ബിപിഎംഎസിന്റെ പ്രധാന ആവശ്യം. വിലക്കയറ്റവും ജീവിതച്ചെലവിലുണ്ടാകുന്ന വര്‍ധനയും കണക്കിലെടുത്ത് ജീവനക്കാരുടെ വരുമാനം മെച്ചപ്പെടുത്താന്‍ ഈ മാറ്റം സഹായിക്കുമെന്നാണ് സംഘടനയുടെ നിലപാട്.
നിലവിലുള്ള ക്ഷാമബത്തയുടെ (ഡിഎ) 50 ശതമാനം അടിസ്ഥാന ശമ്പളത്തിലും പെന്‍ഷനിലും ലയിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ ശമ്പളവും പെന്‍ഷനും നിശ്ചയിക്കുന്നതിന് മുമ്പ് ഈ നടപടി സ്വീകരിക്കണമെന്നാണ് നിര്‍ദേശം.
പിതൃത്വ അവധി 45 ദിവസമാക്കണം
ജീവനക്കാരുടെ അവധി ആനുകൂല്യങ്ങളിലും മാറ്റങ്ങള്‍ വേണമെന്നാണ് സംഘടനയുടെ ആവശ്യം. നിലവിലെ പിതൃത്വ അവധി 45 ദിവസമായി ഉയര്‍ത്തണമെന്നാണ് പ്രധാന നിര്‍ദേശം. കുട്ടികളെ ദത്തെടുക്കുന്ന സാഹചര്യങ്ങളിലും ഈ ആനുകൂല്യം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മറ്റ് അവധി നിര്‍ദേശങ്ങള്‍
- കാഷ്വല്‍ അവധി വര്‍ഷത്തില്‍ 12 ദിവസമാക്കുക.
- കുട്ടികളുടെ സംരക്ഷണത്തിനായി രണ്ട് വര്‍ഷം വരെ ശമ്പളത്തോടെയുള്ള അവധി അനുവദിക്കുക.
- വനിതാ ജീവനക്കാര്‍ക്ക് എല്ലാ മാസവും ഒരു ദിവസം ആര്‍ത്തവ അവധി നല്‍കുക.
- എല്‍ടിസി യാത്രകളുമായി ബന്ധപ്പെട്ട് 20 ദിവസത്തെ അവധി പണമാക്കി മാറ്റാന്‍ അവസരം നല്‍കുക.
ഇത്തരം മാറ്റങ്ങള്‍ ജീവനക്കാരുടെ തൊഴില്‍-കുടുംബ ജീവിതത്തിലെ സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുമെന്നാണ് സംഘടനയുടെ വാദം.
ഇന്‍ഷുറന്‍സ് പരിരക്ഷ 15 ലക്ഷമാക്കണം
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയായ സിജിഇജിഐഎസിന് കീഴിലുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ നിലവിലെ 30,000 രൂപയില്‍ നിന്ന് കുറഞ്ഞത് 15 ലക്ഷം രൂപയായി ഉയര്‍ത്തണമെന്നാണ് നിര്‍ദേശം. ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് ആനുകൂല്യം 10 ലക്ഷം രൂപയാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കൂടുതല്‍ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അപകടസാധ്യതയുള്ള സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രതിമാസം 10,000 രൂപ വരെ റിസ്ക് അലവന്‍സ് നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക ജോലി നിര്‍വഹിക്കുന്നതിനിടെ അപകടത്തില്‍ മരിക്കുന്ന ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന നിര്‍ദേശവുമുണ്ട്.
English Summary
The BPMS has submitted 73 proposals to the 8th Pay Commission, including a 6% annual salary increment, 45 days of paternity leave, two years of paid child care leave and higher insurance coverage for central government employees. These are demands awaiting consideration and are not yet approved.