8th Pay Commission: കേന്ദ്ര ജീവനക്കാർക്ക് 65% ശമ്പള വർദ്ധനവ്, യാത്രാബത്തയും കൂടും!
8th Pay Commission Updates: ഔദ്യോഗിക ഡാറ്റാ കളക്ഷൻ പോർട്ടൽ വഴി ആവശ്യമായ ജീവനക്കാരുടെ വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജൂലൈ 31 വരെ നീട്ടി നൽകിയിട്ടുണ്ട്. അടിസ്ഥാന ശമ്പളത്തിൽ വലിയ വർദ്ധനവും അലവൻസുകളുടെ പുനഃക്രമീകരണവുമാണ് ഇത്തവണ ജീവനക്കാർ പ്രധാനമായും ആവശ്യപ്പെടുന്നത്. എന്തെല്ലാമാണെന്ന് വിശദമായി അറിഞ്ഞാലോ......

പ്രതീകാത്മക ചിത്രം
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്കരിക്കുന്നതിന് വേണ്ടിയുള്ള എട്ടാം ശമ്പള കമ്മീഷന്റെ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. നിലവിൽ, ഔദ്യോഗിക ഡാറ്റാ കളക്ഷൻ പോർട്ടൽ വഴി ആവശ്യമായ ജീവനക്കാരുടെ വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജൂലൈ 31 വരെ നീട്ടി നൽകിയിട്ടുണ്ട്. ശമ്പളം, പെൻഷൻ മുതലായവയുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ വിവിധ യൂണിയനുകൾ ചേർന്നുള്ള സംയുക്ത സമിതി തങ്ങളുടെ പ്രധാന ആവശ്യങ്ങൾ അടങ്ങിയ നിർദ്ദേശങ്ങൾ കമ്മീഷന് മുന്നിൽ സമർപ്പിച്ചു കഴിഞ്ഞു. അടിസ്ഥാന ശമ്പളത്തിൽ വലിയ വർദ്ധനവും അലവൻസുകളുടെ പുനഃക്രമീകരണവുമാണ് ഇത്തവണ ജീവനക്കാർ പ്രധാനമായും ആവശ്യപ്പെടുന്നത്. ജീവനക്കാരുടെ ആവശ്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി അറിഞ്ഞാലോ……
65 % ശമ്പള വർദ്ധനവ്
നിലവിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്. പുതിയ ശമ്പള പരിഷ്കരണത്തിൽ അടിസ്ഥാന ശമ്പളത്തിൽ വലിയ വർദ്ധനവാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്. ഇതിനായി വലിയൊരു ഫിറ്റ്മെന്റ് ഫാക്ടർ വേണമെന്നും ജീവനക്കാരുടെ സംഘടനകൾ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. 2.86 മുതൽ 3.15 മടങ്ങ് വരെ ഫിറ്റ്മെന്റ് ഫാക്ടർ വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം. ഇത് നടപ്പിലാക്കുകയാണെങ്കിൽ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ ഏകദേശം 65 ശമ്പള വർദ്ധനവ് ഉണ്ടാകും. ഉദാഹരണത്തിന്, നിലവിലെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്. പുതിയ നിർദ്ദേശം അംഗീകരിക്കപ്പെട്ടാൽ ഇത് 52,000 രൂപ വരെയായി ഉയർന്നേക്കാം.
ALSO READ: ശമ്പള പരിഷ്കരണം നീട്ടി വച്ചേക്കും!! ഏറ്റവും പുതിയ അപ്ഡേറ്റ് ഇതാ…
യാത്രാബത്ത 9,000 രൂപ
യാത്രാ ബത്ത കൂട്ടണമെന്നുള്ളതാണ് മറ്റൊരു പ്രധാന ആവശ്യം. വിവിധ നഗരങ്ങളിലെ യാത്രാച്ചെലവുകൾ വൻതോതിൽ വർദ്ധിച്ച സാഹചര്യത്തിൽ യാത്രാബത്ത പരിഷ്കരിക്കണമെന്നത് ജീവനക്കാരുടെ ദീർഘകാലത്തെ ആവശ്യമാണ്. എട്ടാം ശമ്പള കമ്മീഷനിൽ ഏറ്റവും കുറഞ്ഞ യാത്രാബത്ത പ്രതിമാസം 9,000 രൂപയായി നിശ്ചയിക്കണമെന്നാണ് സംഘടനകൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഉയർന്ന തസ്തികകളിലുള്ളവർക്ക് ഇതിലും വലിയ തുക ലഭിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വീട്ടുവാടക ബത്തയിലും വർദ്ധനവ്
നഗരങ്ങളിലെ ജീവിതച്ചെലവും വീട്ടുവാടകയും കണക്കിലെടുത്ത് വീട്ടുവാടക ബത്ത (എച്ച്.ആർ.എ) നിരക്കുകൾ ഉയർത്തണമെന്നും ജീവനക്കാരുടെ സംഘടനകളും യൂണിയനും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ എക്സ്, വൈ, ഇസഡ് എന്നിങ്ങനെ തരംതിരിച്ചിട്ടുള്ള നഗരങ്ങളിലെ വാടക നിരക്കുകൾ യഥാക്രമം 36%, 24%, 12% എന്നിങ്ങനെയായി ഉയർത്തണമെന്നാണ് ആവശ്യം. ഈ ആവശ്യം അംഗീകരിക്കപ്പെട്ടാൽ മെട്രോ നഗരങ്ങളിൽ താമസിക്കുന്ന ജീവനക്കാർക്ക് ഇത് വലിയ ആശ്വാസമാകും.
ഫാമിലി യൂണിറ്റിൽ മാറ്റം
ഏഴാം ശമ്പള കമ്മീഷൻ പ്രകാരം, ഒരു കേന്ദ്ര സർക്കാർ ജീവനക്കാരന്റെ കുറഞ്ഞ ശമ്പളം നിശ്ചയിക്കുന്നത് 3 പേർ അടങ്ങിയ കുടുംബത്തെ ഒരു യൂണിറ്റായി കണക്കാക്കിയാണ്. ഭർത്താവ്, ഭാര്യ, ഒരു കുട്ടി എന്നിവരുൾപ്പെടുത്തിയാണ് ഈ മൂന്നംഗ യൂണിറ്റ്. ഇങ്ങനെ ആകെ മൂന്ന് പേർക്ക്/ യൂണിറ്റുകൾക്ക് ജീവിക്കാൻ ആവശ്യമായ കുറഞ്ഞ തുക കണക്കാക്കിയാണ് ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയായി നിശ്ചയിച്ചത്. എന്നാൽ ഈ കണക്കിൽ പോരായ്മയുണ്ടെന്നാണ് ജീവനക്കാരുടെ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നത്. കുടുംബ യൂണിറ്റ് അഞ്ചായി ഉയർത്തണമെന്ന ആവശ്യം യൂണിയനുകൾ കമ്മീഷന് മുമ്പിൽ സമർപ്പിച്ചിട്ടുണ്ട്.
English Summary:
Employees Unions has submitted a set of proposals to the 8th Central Pay Commission seeking significant revisions to the salary structure of Central government employees. Its key demands include increasing the fitment factor from 2.05 to 2.10, raising the minimum transport allowance for Level 1 employees to Rs 9,000 per month.