8th Pay Commission: ശമ്പളം കൂടുമോ? ഫിറ്റ്മെന്റ് ഫാക്ടർ തീരുമാനിക്കും! ആള് ചില്ലറക്കാരനല്ല…
What is Fitment Factor: പണപ്പെരുപ്പവും ജീവിത ചെലവുകളും വർദ്ധിക്കുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ അടിസ്ഥാനശമ്പളത്തിലും ആനുകൂല്യങ്ങളിലും വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് വിവരം. എന്നാൽ ഇവ തീരുമാനിക്കുന്നത് ഫിറ്റ്മെന്റ് ഫാക്ടർ അടിസ്ഥാനമാക്കിയാണ്. എന്താണ് ഫിറ്റ്മെന്റ് ഫാക്ടർ, ശമ്പളം കൂട്ടാൻ ഇവ സഹായിക്കുന്നത് എങ്ങനെ? വിശദമായി അറിയാം....

8th Pay Commission Updates (Representational Image)
രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്രസർക്കാർ ജീവനക്കാരും പെൻഷൻ ഉപയോക്താക്കളും എട്ടാം ശമ്പളകമ്മീഷന് (8th Pay Commission) വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ജനുവരി 1 മുതൽ നടപ്പിലാക്കേണ്ടിയിരുന്ന ശമ്പളപരിഷ്കരണം നീണ്ടുപോവുകയാണ്. അതേസമയം, ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ പുരോഗമിക്കുന്നതാണ് സർക്കാർ ജീവനക്കാർക്കുള്ള ഏക ആശ്വാസം. പണപ്പെരുപ്പവും ജീവിത ചെലവുകളും വർദ്ധിക്കുന്ന സാഹചര്യത്തിൽ പുതിയ പേ കമ്മീഷൻ വരുമ്പോൾ ജീവനക്കാരുടെ അടിസ്ഥാനശമ്പളത്തിലും ആനുകൂല്യങ്ങളിലും വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് വിവരം. ഇത് തീരുമാനിക്കുന്നത് സർക്കാർ നിശ്ചയിക്കുന്ന ഫിറ്റ്മെന്റ് ഘടകത്തെ (Fitment Factor) അടിസ്ഥാനമാക്കിയാണ്. എന്താണ് ഫിറ്റ്മെന്റ് ഫാക്ടർ, ശമ്പളം കൂട്ടാൻ ഇവ സഹായിക്കുന്നത് എങ്ങനെ? വിശദമായി പരിശോധിക്കാം
എന്താണ് ഫിറ്റ്മെന്റ് ഘടകം?
കേന്ദ്രസർക്കാർ ജീവനക്കാരുടെ അടിസ്ഥാനശമ്പളവും പെൻഷനും പുതിയ ശമ്പള ഘടനയിലേക്ക് പരിഷ്കരിക്കുമ്പോൾ ഉപയോഗിക്കുന്ന ഒരു ഗുണിതമാണ് ഫിറ്റ്മെന്റ് ഫാക്ടർ. പണപ്പെരുപ്പം, ജീവിതച്ചെലവ്, മറ്റ് സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ ഫിറ്റ്മെന്റ് ഫാക്ടർ തീരുമാനിക്കുന്നത്. ഏഴാം ശമ്പളകമ്മീഷൻ നിലവിൽ വരുമ്പോൾ ഫിറ്റ്മെന്റ് ഫാക്ടർ 2.57 ആയിരുന്നു. അതായത് ഏഴാം ശമ്പള കമ്മീഷന് കീഴിലുള്ള അടിസ്ഥാന ശമ്പളം ആറാം പേ കമ്മീഷൻ്റെ അടിസ്ഥാന ശമ്പളത്തിന്റെ 2.57 ഇരട്ടിയായി.
ALSO READ: കുറഞ്ഞത് 5 പ്രമോഷനുകൾ, വാർഷിക ഇൻക്രിമെന്റ് 6%; ആവശ്യങ്ങൾ പലത്
എട്ടാം ശമ്പള കമ്മീഷനിൽ ഫിറ്റെ്മെൻ്റ് ഘടകം എത്രയാകും?
എട്ടാം ശമ്പളകമ്മീഷനിൽ ഫിറ്റ്മെന്റ് ഫാക്ടർ 3.0 നും 3.25 നും ഇടയിൽ നിശ്ചയിക്കണമെന്ന ആവശ്യം ജീവനക്കാർ ഉയർത്തിയിട്ടുണ്ട്. ഫിറ്റ്‌മെന്റ് ഫാക്ടർ 3.0 ആയി നിശ്ചയിച്ചാൽ, കുറഞ്ഞ അടിസ്ഥാന ശമ്പളം 54,000 രൂപയായി വർദ്ധിക്കും. നിലവിൽ സർക്കാർ ജീവനക്കാർക്ക് 18,000 രൂപയാണ് ഏറ്റവും കുറഞ്ഞ അടിസ്ഥാനശമ്പളം. പെൻഷൻ ഉപയോക്താക്കൾക്ക് ലഭിക്കുന്ന അടിസ്ഥാന പെൻഷൻ 9,000 രൂപയുമാണ്.
റിപ്പോർട്ടുകൾ പ്രകാരം നിലവിലെ സാഹചര്യത്തിൽ ഫിറ്റ്മെന്റ് ഫാക്ടർ 1.8 അല്ലെങ്കിൽ 1.9 ആയി ഉയർന്നേക്കാനാണ് സാധ്യത . അങ്ങനെ സംഭവിച്ചാലും ജീവനക്കാർക്ക് അവരുടെ അടിസ്ഥാന ശമ്പളം, പെൻഷനുകൾ, അലവൻസുകളും എന്നിവയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായേക്കാം. എട്ടാം ശമ്പള കമ്മീഷൻ ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും എന്ന് പ്രഖ്യാപിച്ചെങ്കിലും അത് നടപ്പിലാക്കാൻ ഏതാണ്ട് രണ്ടു വർഷത്തോളം സമയം എടുത്തേക്കുമെന്നാണ് നിലവിലെ റിപ്പോർട്ട്. എന്നിരുന്നാലും മുൻകാല പ്രാബല്യത്തിൽ ശമ്പളം, പെൻഷൻ മറ്റ അനകൂല്യങ്ങൾ സർക്കാർ ജീവനക്കാർക്കും പെൻഷൻ ഉപയോക്താക്കൾക്കും ലഭിക്കുന്നതാണ്.