Ajit Pawar Net worth: രാഷ്ട്രീയത്തിൽ മാത്രമല്ല, ബിസിനസിലും പവർ; അജിത് പവാറിന്റെ ആസ്തിയും നിക്ഷേപങ്ങളും ഇങ്ങനെ…
Ajit Pawar Net Worth Details: വെറുമൊരു രാഷ്ട്രീയ നേതാവ് എന്നതിലുപരി, മഹാരാഷ്ട്രയിലെ പഞ്ചസാര മില്ലുകൾ, സഹകരണ ബാങ്കുകൾ എന്നിവയുടെ നിയന്ത്രണത്തിലൂടെ വലിയൊരു സാമ്പത്തിക ശൃംഖല തന്നെ പവാർ കുടുംബം കെട്ടിപ്പടുത്തിരുന്നു.
മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായനായിരുന്ന അജിത് പവാർ, തന്റെ ഭരണപാടവത്തിൽ മാത്രമല്ല, സമ്പത്തിലും മുന്നിലായിരുന്നു. തിരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളും റിപ്പോർട്ടുകളും പ്രകാരം 100 കോടി രൂപയിലധികം മൂല്യമുള്ള ആസ്തികളാണ് അദ്ദേഹത്തിനും കുടുംബത്തിനുമുള്ളത്. 2024 ൽ ബാരാമതിയിൽ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ, തനിക്ക് മാത്രമായി 8.22 കോടി രൂപയിൽ കൂടുതൽ മൂല്യമുള്ള ജംഗമ ആസ്തികൾ ഉണ്ടെന്നും, 37.15 കോടി രൂപയുടെ മറ്റ് ആസ്തികൾ ഉണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
വെറുമൊരു രാഷ്ട്രീയ നേതാവ് എന്നതിലുപരി, മഹാരാഷ്ട്രയിലെ പഞ്ചസാര മില്ലുകൾ, സഹകരണ ബാങ്കുകൾ എന്നിവയുടെ നിയന്ത്രണത്തിലൂടെ വലിയൊരു സാമ്പത്തിക ശൃംഖല തന്നെ പവാർ കുടുംബം കെട്ടിപ്പടുത്തിരുന്നു. 1982-ൽ രാഷ്ട്രീയത്തിൽ ഇറങ്ങിയ കാലം മുതൽ ക്രമാനുഗതമായ വളർച്ചയാണ് അദ്ദേഹത്തിന്റെ ആസ്തിയിൽ ഉണ്ടായിട്ടുള്ളത്.
അജിത് പവാറിന്റെ ആസ്തി
അജിത് പവാറിന്റെ ആസ്തിയുടെ വലിയൊരു ഭാഗം ഭൂമിയും കെട്ടിടങ്ങളുമാണ്.പുണെയിലെ ബാരാമതി, മുൾഷി തുടങ്ങിയ സ്ഥലങ്ങളിൽ ഏക്കറണക്കിന് കൃഷിഭൂമി അദ്ദേഹത്തിനുണ്ട്. മുംബൈയിലെ പ്രമുഖ സ്ഥലങ്ങളിൽ ആഡംബര ഫ്ലാറ്റുകളും പുണെയിൽ സ്വന്തമായി വീടുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇവയുടെ വിപണി മൂല്യം ഏകദേശം 37 കോടി രൂപയ്ക്ക് മുകളിലാണ്.
വാഹനങ്ങളും നിക്ഷേപങ്ങളും ഉൾപ്പെടുന്ന ആസ്തികൾ ഏകദേശം 10 കോടി രൂപയോളം വരും.
ടൊയോട്ട കാമ്രി, ഹോണ്ട CRV തുടങ്ങിയ വാഹനങ്ങൾ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ട്. വിവിധ സഹകരണ ബാങ്കുകളിലും കമ്പനികളിലും വലിയ തുകയുടെ സ്ഥിര നിക്ഷേപങ്ങളും ഓഹരികളും അദ്ദേഹത്തിനുണ്ട്.
അജിത് പവാറിന്റെ ആസ്തിയേക്കാൾ കൂടുതൽ സമ്പാദ്യം അദ്ദേഹത്തിന്റെ ഭാര്യ സുനേത്ര പവാറിന്റെ പേരിലുണ്ടെന്ന് സത്യവാങ്മൂലം വ്യക്തമാക്കുന്നു. സുനേത്ര പവാറിന് ഏകദേശം 50 കോടിയിലധികം രൂപയുടെ ആസ്തിയുണ്ട്. അതേസമയം, ആസ്തികൾക്കൊപ്പം തന്നെ വലിയൊരു തുക കടബാധ്യതയായും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 20 കോടി രൂപയോളമായിരുന്നു അദ്ദേഹത്തിന്റെ ഔദ്യോഗിക കടബാധ്യത.