Coconut oil Price: ഇതെന്തൊരു പോക്കാ…500നടുത്ത് വെളിച്ചെണ്ണ വില
Coconut oil Price: ഡിമാൻഡ് കുറഞ്ഞതോടെ വെളിച്ചെണ്ണ നിർമാണ കമ്പനികളും പുത്തൻ മാർക്കറ്റിംഗ് തന്ത്രങ്ങൾ പരീക്ഷിക്കുകയാണ്. പാമോയിലിനും സൺഫ്ലവർ ഓയിലിനും ആവശ്യകത വര്‍ധിച്ചു.

പ്രതീകാത്മക ചിത്രം
സംസ്ഥാനത്ത് പിടിതരാടെ വെളിച്ചെണ്ണ വില കുതിക്കുന്നു. വിപണിയിൽ വില അഞ്ഞൂറ് അടുക്കാറായി. ദിവസം തോറും വെളിച്ചെണ്ണ വില വർദ്ധിക്കുന്നത് സാധാരണക്കാരെ ആശങ്കയിലാഴ്ത്തുകയാണ്. ഓണം എത്തും മുമ്പ് വില അറുന്നൂറ് കടക്കുമെന്നാണ് വിലയിരുത്തൽ.
നിലവിൽ ഒരു ലിറ്റര്‍ വെളിച്ചെണ്ണക്ക് ഹോള്‍സെയില്‍ മാര്‍ക്കറ്റുകളില്‍ 420ഉം റീട്ടെയില്‍ കടകളില്‍ 450, 480 രൂപ നിലയ്ക്കാണ് വില. തേങ്ങ ഉൽപാദനം കുറയുന്നതും കൊപ്ര ക്ഷാമവുമെല്ലാം വെളിച്ചെണ്ണ വില കൂടാൻ കാരണമാകുന്നു. വെറും ഒരു വർഷത്തിനുള്ളിലാണ് 180 രൂപയില്‍ നിന്ന് വെളിച്ചെണ്ണ വില നാനൂറ് കടന്നത്.
ഡിമാൻഡ് കുറഞ്ഞതോടെ വെളിച്ചെണ്ണ നിർമാണ കമ്പനികളും പുത്തൻ മാർക്കറ്റിംഗ് തന്ത്രങ്ങൾ പരീക്ഷിക്കുകയാണ്. സാധാരണക്കാരന് താങ്ങാനാകാത്ത സ്ഥിതിയിൽ വില വർധിച്ച്, വിൽപ്പന കുറഞ്ഞതോടെ 200 ഗ്രാം കുപ്പികളിൽ വെളിച്ചെണ്ണ വിപണിയിലെത്തിക്കുകയാണ്. നൂറ് രൂപയാണ് വില.
വിപണിയിൽ പാമോയിലിനും സൺഫ്ലവർ ഓയിലിനും ആവശ്യകത വര്‍ധിച്ചിരിക്കുകയാണ്. വ്യാജ വെളിച്ചെണ്ണയുടെ വരവും തള്ളിക്കളയാനാകില്ല. വെളിച്ചെണ്ണ വില വർധനവ് മില്ലുകളെയടക്കം ബാധിച്ചിട്ടുണ്ട്. മിക്ക ചെറുകിട മില്ലുകളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. സഹകരണ മില്ലുകളിലടക്കം വെളിച്ചെണ്ണ ഉൽപാദനം പകുതിയായി കുറഞ്ഞെന്നാണ് കണക്കുകൾ.