DA Hike: 3 സംസ്ഥാനങ്ങളിൽ ഡിഎ, ഡിആർ പ്രഖ്യാപിച്ചു, കേരളത്തിൽ എപ്പോൾ?
Kerala Government Employees DA Update: സർവീസിലിരിക്കുന്ന സർക്കാർ / പൊതുമേഖലാ ജീവനക്കാർക്കാണ് ഡിഎ ലഭിക്കുന്നത്. വിരമിച്ച പെൻഷൻകാർക്കാണ് ഡിആർ ലഭിക്കുന്നത്. ഉത്സവ സീസണുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ ഡിഎ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ ജീവനക്കാർ അടുത്ത ഡിഎ വർദ്ധനവ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനായി കാത്തിരിക്കുകയാണ്. കേരളത്തിലെ സ്ഥിതി എന്താണെന്ന് പരിശോധിക്കാം....
ജീവിതച്ചെലവിലുണ്ടാകുന്ന വർധനവിനെയും പണപ്പെരുപ്പത്തെയും പ്രതിരോധിക്കാൻ ജീവനക്കാർക്ക് സർക്കാർ നൽകുന്ന സാമ്പത്തിക ആനുകൂല്യമാണ് ക്ഷാമബത്തയും (ഡിഎ) ക്ഷാമാശ്വാസവും (ഡിആർ). സർവീസിലിരിക്കുന്ന സർക്കാർ / പൊതുമേഖലാ ജീവനക്കാർക്കാണ് ഡിഎ ലഭിക്കുന്നത്. വിരമിച്ച പെൻഷൻകാർക്കാണ് ഡിആർ ലഭിക്കുന്നത്. ഉത്സവ സീസണുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ ഡിഎ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ സ്ഥിതി എന്താണെന്ന് പരിശോധിക്കാം….
ഡിഎ പ്രഖ്യാപിച്ച സംസ്ഥാനങ്ങൾ
ത്രിപുരയിലെ സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്തയും ക്ഷാമാശ്വാസവും 3 ശതമാനം വർധിപ്പിച്ചതായി മുഖ്യമന്ത്രി മാണിക് സാഹ സെക്രട്ടറിയേറ്റിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു. പുതിയ വർധനവ് പ്രഖ്യാപിച്ചതോടെ ത്രിപുരയിലെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കുന്ന ആകെ ഡിഎ/ഡിആർ 44 ശതമാനമായി ഉയർന്നു. പുതുക്കിയ ഡിഎ നിരക്കുകൾ 2026 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. ഡിഎ വർധനവിന് പുറമേ, സ്ഥിരം ജീവനക്കാരുടെ വീട്ടുവാടക ബത്ത അടിസ്ഥാന ശമ്പളത്തിന്റെ 8 ശതമാനത്തിൽ നിന്ന് 10 ശതമാനമായി ഉയർത്തിയിട്ടുണ്ട്.
തെലങ്കാനയിലെ ജീവനക്കാർക്ക് രണ്ട് ഗഡു ഡിഎ അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. പുതുക്കിയ നിരക്കിലുള്ള ഡിഎ 2026 ഒക്ടോബർ മാസത്തെ ശമ്പളത്തോടൊപ്പം വിതരണം ചെയ്യും. കൂടാതെ പഞ്ചാബിലെ ജീവനക്കാർക്കും ഡിഎ പ്രഖ്യാപിച്ചിട്ടുണ്ട്. 8 ശതമാനമാണ് വർധിപ്പിച്ചത്.
ALSO READ: ലെവൽ 6 -8 ജീവനക്കാർക്ക് ഇരട്ടിയോ, 8-ാം ശമ്പള കമ്മീഷനിൽ ശമ്പളം എത്ര ഉയരും?
കേരളത്തിലെ സ്ഥിതി എന്ത്?
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്തയും ക്ഷാമാശ്വാസവും ഉടൻ അനുവദിച്ചേക്കുമെന്നാണ് സൂചന. ജനുവരി മുതൽ ലഭിക്കേണ്ട രണ്ട് ശതമാനം ക്ഷാമബത്തയാകും നൽകുക. ഡിഎയും ഡിആറും നൽകുന്നതിന് ആകെ 100 കോടിയോളം രൂപയാണ് അധികമായി കണ്ടെത്തേണ്ടതുണ്ട്. കഴിഞ്ഞ 8 മാസത്തെ കുടിശിക കൂടി നൽകേണ്ടതിനാൽ ബാധ്യത എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആലോചനയിലാണ് ധനവകുപ്പ്.
2019ൽ നടപ്പാക്കേണ്ടിയിരുന്ന ശമ്പള പരിഷ്കരണം 2021ലാണ് നടപ്പാക്കിയത്. അന്ന് കുടിശികയുണ്ടായിരുന്ന 7% ഡിഎയും അതിനൊപ്പം ലയിപ്പിച്ചിരുന്നു. 2025 ജൂലൈ വരെയുള്ള ഡിഎ ഈ വർഷമാദ്യം അനുവദിച്ചെങ്കിലും കുടിശിക നൽകിയില്ല. നിലവിൽ സർക്കാർ ജീവനക്കാർക്ക് 35% ഡിഎയാണ്. ജനുവരിയിലെ 2% കൂടി ചേരുമ്പോൾ 37% ഡിഎയാകും. ജീവനക്കാർക്ക് ഡിഎ നൽകാൻ 54.20 കോടിയും പെൻഷൻകാർക്ക് ഡിആർ നൽകാൻ 38.60 കോടിയും ഉൾപ്പെടെ മാസം 97.80 കോടിയുടെ അധികച്ചെലവുണ്ടാകും.
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഉടൻ?
കേന്ദ്ര സർക്കാർ ജീവനക്കാർ അടുത്ത ഡിഎ വർദ്ധനവ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനായി കാത്തിരിക്കുകയാണ്. ഏറ്റവും പുതിയ പണപ്പെരുപ്പ കണക്കുകൾ പ്രകാരം , ഡിഎ 3% വർദ്ധിക്കുമെന്നും മൊത്തം അലവൻസ് 63% ആകുമെന്നുമാണ് റിപ്പോർട്ട്. ഓരോ വർഷവും രണ്ട് തവണയാണ് (ജനുവരി, ജൂലൈ മാസങ്ങളിൽ) കേന്ദ്ര സർക്കാർ ഡിഎയും ഡിആറും പുതുക്കാറുള്ളത്. ഈ വർഷം വരുന്ന ദീപാവലി, ദസറ ഉത്സവ സീസണുകൾക്ക് മുന്നോടിയായി ഈ ആഴ്ച തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.