AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Tariff Hike: താരിഫ് വന്നാല്‍ ചെരുപ്പ് പോലും ‘താങ്ങില്ല’; രക്ഷാ പാക്കേജില്‍ അഭയം തേടാന്‍ ഇന്ത്യ

Donald Trump India Tariff 2025: രാജ്യത്ത് നിന്ന് 20 ശതമാനം ഉത്പന്നങ്ങള്‍ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ ട്രംപിന്റെ തീരുവ ഇന്ത്യയെ സാരമായി തന്നെ ബാധിക്കും. യുഎസ് വിപണിയില്‍ നിന്ന് ലഭിക്കുന്ന കയറ്റുമതി വരുമാനത്തില്‍ 60.2 കോടി ഡോളര്‍ ഉത്പന്നങ്ങള്‍ക്കും തീരുവ ബാധകമാണ്.

Tariff Hike: താരിഫ് വന്നാല്‍ ചെരുപ്പ് പോലും ‘താങ്ങില്ല’; രക്ഷാ പാക്കേജില്‍ അഭയം തേടാന്‍ ഇന്ത്യ
ഡൊണാള്‍ഡ് ട്രംപ്‌ Image Credit source: PTI
shiji-mk
Shiji M K | Published: 26 Aug 2025 19:32 PM

സുഹൃത്തുക്കള്‍, അതെ ഇന്ത്യയും അമേരിക്കയും സുഹൃത്തുക്കളാണ്, ട്രംപ് അപ്പോഴും ഇപ്പോഴും അത് പറയുന്നുമുണ്ട്. എന്നാല്‍ താരിഫിന്റെ കാര്യം വന്നപ്പോള്‍ ട്രംപിന്റെ സുഹൃത്തേതാ ശത്രുവേതാ എന്ന് മനസിലായില്ല. ഏറ്റവും കൂടുതല്‍ താരിഫ് ചുമത്തിയ രാജ്യങ്ങളിലൊന്നാണ് ഇന്ന് ഇന്ത്യ. ആദ്യം ചുമത്തിയ 25 ശതമാനം താരിഫിന് പുറമെ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നുവെന്ന് ആരോപിച്ചാണ് ട്രംപ് ഇന്ത്യക്ക് മേല്‍ അധിക തീരുവയായി 25 ശതമാനം കൂടി ചുമത്തിയത്. അങ്ങനെ താരിഫ് 50 ശതമാനമായി, ഇത് അമേരിക്കല്‍ സമയം പുലര്‍ച്ചെ 12.01 ന് നിലവില്‍ വരുമെന്ന് യുഎസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ഓഗസ്റ്റ് 27 മുതല്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് ഈ താരിഫ് ബാധകമാണ്. ഇന്ത്യയില്‍ നിന്നും ഇപ്പോള്‍ കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ സെപ്റ്റംബര്‍ 16 നകം യുഎസില്‍ എത്തിയില്ലെങ്കില്‍ 17 മുതല്‍ അവയ്ക്കും 50 ശതമാനം തീരുവ ബാധകമായിരിക്കും.

ഇന്ത്യയെ കുടുക്കുമോ?

രാജ്യത്ത് നിന്ന് 20 ശതമാനം ഉത്പന്നങ്ങള്‍ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ ട്രംപിന്റെ തീരുവ ഇന്ത്യയെ സാരമായി തന്നെ ബാധിക്കും. യുഎസ് വിപണിയില്‍ നിന്ന് ലഭിക്കുന്ന കയറ്റുമതി വരുമാനത്തില്‍ 60.2 കോടി ഡോളര്‍ ഉത്പന്നങ്ങള്‍ക്കും തീരുവ ബാധകമാണ്.

ഇതില്‍ ടെക്‌സ്റ്റൈല്‍, ചെരുപ്പുകള്‍, സമുദ്രോത്പന്നങ്ങള്‍, ജെം ആന്‍ഡ് ജ്വല്ലറി, ഓര്‍ഗാനിക് കെമിക്കലുകള്‍, സ്റ്റീല്‍, അലുമിനിയം, ചെമ്പ്, വ്യാവസായിക മെഷീനറികള്‍, ഫര്‍ണിച്ചറുകള്‍, വാഹനം, വാഹന ഭാഗങ്ങള്‍ എന്നിവയെയാണ് പ്രധാനമായും തീരുവ പിടികൂടുന്നത്. എന്നാല്‍ മരുന്നുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ഇക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയെ തത്കാലം തീരുവ ബാധിക്കില്ല.

വാണിജ്യ താത്പര്യ കരാര്‍

ഇന്ത്യയും യുഎസും തമ്മിലുള്ള വാണിജ്യ താത്പര്യ കരാര്‍ പ്രകാരം കയറ്റുമതി ചെയ്യുന്ന ചില ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ നിലനില്‍ക്കുന്നു. റെഡിമെയ്ജ് വസ്ത്രങ്ങള്‍ക്ക് 9 ശതമാനമാണ് ഇത്. ഇതിലേക്ക് 50 ശതമാനം തീരുവ കൂടി ചേര്‍ക്കുമ്പോള്‍ ആകെ 59 ശതമാനം.

മറ്റ് വസ്ത്രങ്ങള്‍ക്ക്- 13.9%
ഓര്‍ഗാനിക് കെമിക്കല്‍സ്- 4%
കാര്‍പ്പറ്റുകള്‍- 2.1%
ഡയമണ്ട്, സ്വര്‍ണാഭരണം- 2.1%
ഫര്‍ണിച്ചര്‍, കിടക്കകള്‍- 2.3%

ഇതിനോടൊപ്പമെല്ലാം 50 ശതമാനം തീരുവ കൂടി വരുന്നു.

ഇന്ത്യന്‍ ജിഡിപി

കയറ്റുമതി മേഖലയില്‍ സംഭവിക്കുന്ന ഏതൊരു തിരിച്ചടിയും ഇന്ത്യന്‍ ജിഡിപിയെ ബാധിക്കും. ഇന്ത്യന്‍ ജിഡിപിയുടെ 60 ശതമാനം പങ്കുവഹിക്കുന്നതും കയറ്റുമതി വിപണിയാണ്. എന്നാല്‍ പ്രകടമായ ഇടിവിനുള്ള സാധ്യതയല്ല ഇവിടെ പ്രവചിക്കപ്പെടുന്നത്. 50 ശതമാനം തീരുവ ജിഡിപി വളര്‍ച്ചയില്‍ 0.2 ശതമാനം വരെ കുറവുണ്ടാക്കുമെന്നാണ് സൂചന. ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 2 ശതമാനം മാത്രമാണ് യുഎസിലേക്കുള്ളത്. പക്ഷെ തീരുവ 25 ബില്യണ്‍ ഡോളറിന്റെ വരെ നഷ്ടമുണ്ടാക്കാന്‍ സാധ്യതയുണ്ട്.

കേരളത്തെ ബാധിക്കുമോ?

കേരളത്തില്‍ നിന്ന് യുഎസിലേക്കുള്ള കയറ്റുമതി കുറവാണ്. പക്ഷെ ഇത് ഫൂട്‌വെയറിന്റെ കാര്യത്തില്‍ മാത്രമാണ്. വസ്ത്രം, കയര്‍ എന്നിവയെ സംബന്ധിച്ച് താരിഫ് കേരളത്തെയും ബാധിക്കും. ഉയര്‍ന്ന വിലയുള്ള ഉത്പന്നങ്ങള്‍ വാങ്ങാന്‍ രാജ്യങ്ങള്‍ മടിക്കുന്നതോടെ മറ്റ് രാജ്യങ്ങളുമായി വ്യാപാരം വര്‍ധിപ്പിക്കാനുള്ള നീക്കം ഊര്‍ജിതമാക്കേണ്ടി വരും.

നിര്‍ണായക യോഗം ചേര്‍ന്ന് രാജ്യം

താരിഫ് നേരിടുന്നതിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നതായാണ് വിവരം. നിര്‍ണായകമായ പല തീരുമാനങ്ങളും സ്വീകരിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ജിഎസ്ടി കുറയ്ക്കാനുള്ള നീക്കവും താരിഫിനെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണെന്നാണ് വിവരം.

Also Read: Donald Trump’s Tariff: ട്രംപിൻ്റെ അധിക തീരുവ നാളെ മുതൽ, ഇന്ത്യയെ ബാധിക്കുന്നത് എങ്ങനെ?

എന്നാല്‍ പ്രതിവര്‍ഷം 85 ബില്യണ്‍ ഡോളറിന്റെ വസ്ത്രം ഇറക്കുമതി ചെയ്യുന്ന രാജ്യമായി യുഎസിനെ പിന്തള്ളി മറ്റൊരു രാജ്യത്തെ കണ്ടെത്തുക എന്നത് ഇന്ത്യയ്ക്ക് പ്രയാസമാണ്. 8 ശതമാനമാണ് ഇന്ത്യ യുഎസിലേക്ക് കയറ്റിയയക്കുന്ന വസ്ത്രത്തിന്റെ അളവ്. ഇന്ത്യയെ സങ്കീര്‍ണതകളിലേക്ക് തള്ളിവിടുന്നത് തടയുന്നതിനുള്ള രക്ഷാ പാക്കേജ് തയാറാക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം.

ചെമ്മീനും പ്രതിസന്ധിയില്‍

ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന സമുദ്രോത്പന്നങ്ങളില്‍ പ്രധാനി ചെമ്മീനാണ്. 50 ശതമാനം താരിഫ് സമുദ്രോത്പന്നങ്ങള്‍ക്ക് തിരിച്ചടി സമ്മാനിക്കും. മറ്റ് സമുദ്രോത്പന്നങ്ങള്‍ക്ക് പോലും ഉറപ്പിച്ചിരുന്ന ഓര്‍ഡറുകള്‍ റദ്ദായതായും വിവരമുണ്ട്. ദീര്‍ഘകാലം സൂക്ഷിക്കാന്‍ സാധിക്കാത്ത ഉത്പന്നങ്ങളായതിനാല്‍ തന്നെ മറ്റൊരു വിപണി കണ്ടെത്തുന്നതിലുള്ള കാലതമാസവും ഇന്ത്യയ്ക്ക് തിരിച്ചടിയാകും.

ഓഹരി വിപണി

ട്രംപിന്റെ തീരുവ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് തന്നെ ഓഹരി വിപണികള്‍ താഴെ വീണു. 10 പോയിന്റ് താഴ്ന്നാണ് ഇന്നത്തെ വ്യാപാരം ആരംഭിച്ചത്. സെന്‍സെക്‌സും നിഫ്റ്റിയും നഷ്ടത്തിലാണ് വ്യാപാരം നടത്തിയത്. സെന്‍സെക്‌സ് 1.04 ശതമാനം ഇടിഞ്ഞ് 80,786.54 ലും നിഫ്റ്റി 1.02 ശതമാനവും ഇടിഞ്ഞ് 24,712.05 ലും വ്യാപാരം അവസാനിപ്പിച്ചു. മിഡ്ക്യാപ് സൂചിക 1.62 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 2.03 ശതമാനവും ഇടിഞ്ഞപ്പോള്‍ എഫ്എംസിജി മാത്രമാണ് നഷ്ടം നേരിടാതെ രക്ഷപ്പെട്ടത്.