Commodity Price: വെളിച്ചെണ്ണ വില കുറഞ്ഞു, പൊള്ളിച്ച് പച്ചക്കറി വില; 200 കടന്ന് വെളുത്തുള്ളി
Kerala Commodity Price Update: പ്രാദേശിക വിപണികളിൽ നിന്ന് വെളിച്ചെണ്ണയ്ക്ക് കൂടുതൽ ഓർഡറുകൾ എത്തുമെന്നാണ് മില്ലുകാരുടെ പ്രതീക്ഷ. ബ്രാൻഡുകൾ, പാക്കിങ് രീതികൾ, പ്രദേശങ്ങൾ , മില്ലുകളിലെ നേരിട്ടുള്ള വിൽപ്പന എന്നിവ അനുസരിച്ച് ചില്ലറ വിപണി വിലയിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാം. കേരളത്തിലെ വിവിധ മാർക്കറ്റുകളിൽ ഇന്നത്തെ പച്ചക്കറി, വെളിച്ചെണ്ണ വില പരിശോധിക്കാം...

പ്രതീകാത്മക ചിത്രം
മലയാളികളുടെ അടുക്കള ബജറ്റിനെ താളംതെറ്റിച്ച് അവശ്യസാധനങ്ങളുടെ വില കുതിക്കുകയാണ്. റെക്കോർഡ് കുതിപ്പുമായി സാധാരണ വെളിച്ചെണ്ണ ഞെട്ടിക്കാറുണ്ടെങ്കിലും ഇത്തവണ വില കുറഞ്ഞിട്ടുണ്ട്. പകരം, പച്ചക്കറി വിലയാണ് മുന്നേറുന്നത്. വെളുത്തുള്ളി വില ഇരുന്നൂറ് കടന്നു. കേരളത്തിലെ വിവിധ മാർക്കറ്റുകളിൽ ഇന്നത്തെ പച്ചക്കറി, വെളിച്ചെണ്ണ വില പരിശോധിക്കാം…
വെളിച്ചെണ്ണ വിലയിൽ ആശ്വാസം
വിദേശ ഭക്ഷ്യ എണ്ണ ഇറക്കുമതിയിൽ തീരുവയിൽ ഇളവ് വരുത്തിയതോടെ വെളിച്ചെണ്ണ വില കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊച്ചിയിൽ എണ്ണവില ക്വിന്റലിന് 100 രൂപയും തമിഴ്നാട്ടിൽ 175 രൂപയും കുറഞ്ഞു. പ്രാദേശിക വിപണികളിൽ നിന്ന് വെളിച്ചെണ്ണയ്ക്ക് കൂടുതൽ ഓർഡറുകൾ എത്തുമെന്നാണ് മില്ലുകാരുടെ പ്രതീക്ഷ. കമ്മോഡിറ്റിഓൺലൈൻ റിപ്പോർട്ട് പ്രകാരം, ഏകദേശം 27400 – 29300 രൂപ നിരക്കിലാണ് ക്വിറ്റലിന്റെ വ്യാപാരം. കിലോയ്ക്ക് 350നുള്ളിലാണ് നൽകേണ്ടത്. ബ്രാൻഡുകൾ, പാക്കിങ് രീതികൾ, പ്രദേശങ്ങൾ , മില്ലുകളിലെ നേരിട്ടുള്ള വിൽപ്പന എന്നിവ അനുസരിച്ച് ചില്ലറ വിപണി വിലയിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാം.
ALSO READ: 2 ദിവസം റേഷൻ കടകൾക്ക് അവധി, ഒക്ടോബറിൽ അരിയും ഗോതമ്പും എത്ര വീതം?
പൊള്ളിച്ച് പച്ചക്കറി വില
അയൽ സംസ്ഥാനങ്ങളിലെ മഴക്കെടുത്തി കേരളത്തിലെ പച്ചക്കറി വിലയെ ബാധിക്കുന്നുണ്ട്. ബീൻസ്, പയർ, ചെറിയ ഉള്ളി എന്നിവയുടെ വില നൂറ് കടന്നു. വെളുത്തുള്ളിക്ക് വിവിധ മാർക്കറ്റുകളിൽ കിലോയ്ക്ക് 220 രൂപയാണ് നൽകേണ്ടത്.ബീൻസിന് 30 രൂപയും പയറിന് 40 രൂപയും ചെറിയ ഉള്ളിക്ക് 40 രൂപയുമാണ് കിലോയ്ക്ക് കൂടിയത്. ബീൻസ് കിലോയ്ക്ക് 120 രൂപയാണ് വില. പയറും 140 രൂപയിലേക്ക് എത്തി. ചെറിയ ഉള്ളിയുടെ വില നൂറു രൂപയായി.
അതേസമയം, സവാള, തക്കാളി, പച്ചമുളക്, ഉരുളക്കിഴങ്ങ് എന്നീ മറ്റു പച്ചക്കറികളുടെ ചില്ലറ വില വലിയ മാറ്റമില്ലാതെ തുടരുകയാണ്. വരുംദിവസങ്ങളിൽ വില കൂടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
വില കുതിപ്പിന് കാരണം
കാലാവസ്ഥ വ്യതിയാനം വിളവെടുപ്പിനെയും വരവിനെയും ബാധിച്ചതോടെയാണ് സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചു ഉയർന്നത്. പച്ചക്കറികളുടെ ലഭ്യത കുറഞ്ഞതോടെ വില വർധന രൂക്ഷമായി. ഇതരസംസ്ഥാനങ്ങളിൽ നിന്നാണ് സംസ്ഥാനത്തെ വിപണികളിലേക്ക് ഭൂരിപക്ഷം പച്ചക്കറിയും എത്തുന്നത്. അതുകൊണ്ട് തന്നെ ഇവയുടെ വരവ് കുറയുന്നത് വിലയിൽ വൻ മാറ്റം വരുത്തും. ഓണത്തിന് പിന്നാലെ പച്ചക്കറി വില കൂടിയെങ്കിലും പിന്നീട് താഴ്ന്നിരുന്നു. എന്നാൽ ഒരിടവേളയ്ക്ക് ശേഷം, വില വീണ്ടും കുതിക്കുകയാണ്.
English Summary:
The prices of essential vegetables have surged, with beans, cowpeas and shallots crossing the Rs 100-per-kg mark. Garlic is being sold at around Rs 220 per kg in various markets. The price of beans has increased by Rs 30 to Rs 120 per kg, while cowpeas have risen by Rs 40 to Rs 140 per kg.