Banana Price: ഏത്തക്കായ നൂറ് കടക്കുമോ? വില കുതിക്കുന്നു; ഓണസദ്യയിൽ ചിപ്സ് കാണില്ല!
Banana Price Hike Ahead of Onam: ഇത്തവണ ഓണസദ്യക്കൊപ്പം ചിപ്സ് കാണുമോ, അവിയലിൽ ഏത്തക്കയായ കാണുമോ... എന്ന സംശയമാണ്. കാരണം റെക്കോർഡ് കുതിപ്പിലാണ് ഏത്തക്കയായ വില. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി. അധികം വൈകാതെ തന്നെ കിലോയ്ക്ക് നൂറ് കടക്കുമോ എന്നാണ് ആശങ്ക.
ഓണം പിറക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. പൂക്കളവും ഓണസദ്യയും ആഘോഷങ്ങളുമൊക്കെയായി മലയാളികൾ ഓണം കെങ്കേമമാക്കുകയാണ്. എന്നാൽ ഇത്തവണ ഓണസദ്യക്കൊപ്പം ചിപ്സ് കാണുമോ, അവിയലിൽ ഏത്തക്കയായ കാണുമോ… എന്ന സംശയമാണ്. കാരണം റെക്കോർഡ് കുതിപ്പിലാണ് ഏത്തക്കയായ വില. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി. അധികം വൈകാതെ തന്നെ കിലോയ്ക്ക് നൂറ് കടക്കുമോ എന്നാണ് ആശങ്ക.
ഏത്തക്കായ കുതിപ്പിൽ
ഒട്ടുമിക്ക കടകളിലും മാർക്കറ്റുകളിലും ഏത്തക്കായ കിലോയ്ക്ക് 70 – 85 രൂപയിലാണ് വ്യാപാരം. കഴിഞ്ഞ വർഷം ഓണക്കാലത്ത് കർഷകരിൽനിന്ന് 35 രൂപയ്ക്ക് വാങ്ങിയിരുന്ന ചിപ്പ്‌സ് നിർമാതാക്കൾക്ക് ഇക്കുറി 65-75 രൂപക്കാണ് കിട്ടുന്നത്. ഒരാഴ്ച മുമ്പ് 45-50 രൂപ ഉണ്ടായിരുന്ന ഏത്തക്കായയ്ക്കും പഴത്തിനും ഇപ്പോൾ 80-85 രൂപയോളമാണ് വില. കർഷകരിൽനിന്ന് മൊത്ത വിൽപ്പനക്കാർ നേരിട്ട് വാങ്ങുന്നത് 65-70 രൂപ നിരക്കിലാണ്.
വില കൂടാൻ കാരണം?
കാലാവസ്ഥ വ്യതിയാനമാണ് ഏത്തക്കായ വില കുതിക്കാൻ പ്രധാന കാരണം. മഴയുടെ കൂടുതലും വേനൽച്ചൂടും കാറ്റും കാരണം തമിഴ്‌നാട്ടിൽനിന്നുള്ള ഏത്തക്കായയുടെ വരവ് കുറഞ്ഞത് വില കൂടാൻ കാരണമായി. കാലാവസ്ഥാ വ്യതിയാനം കൃഷിയെ ബാധിച്ചതോടെ ഉണ്ടായ ഏത്തക്കയായ ക്ഷാമമാണ് വില ഉയർത്തിയത്. ഓണവിപണി ലക്ഷ്യമിട്ടാണ് ഭൂരിഭാഗം കർഷകരും കൃഷിയിറക്കിയത്. കനത്ത മഴ കൃഷിയെ സാരമായി ബാധിച്ചതായും കർഷകർ ചൂണ്ടിക്കാട്ടി. കൂടാതെ, ഴിഞ്ഞ വർഷം കായയുടെ വിലയിടിഞ്ഞതിനാൽ നിരവധി കർഷകർ കൃഷി ഉപേക്ഷിച്ചതും തിരിച്ചടിയായി.
ALSO READ: പൂക്കള്‍ക്കൊക്കെ എന്താ വില…ഡിമാന്‍ഡ് കൂടുതല്‍ വെള്ള ജമന്തിക്കും വാടാമല്ലിക്കും
പൂവിനും വെളിച്ചെണ്ണയ്ക്കും രക്ഷയില്ല
ഏത്തക്കായയ്ക്ക് മാത്രമല്ല, ഓണം എത്തിയതോടെ വെളിച്ചെണ്ണ, പൂക്കളുടെ വിലയും കുതിക്കുകയാണ്. വെളിച്ചെണ്ണ മൊത്തവിപണിയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ 300 രൂപയ്ക്ക് മുകളിലേക്കാണ് എത്തിയത്. വരും ദിവസങ്ങളിലും വര്‍ധനവുണ്ടാകുമെന്നാണ് വ്യാപാരികളുടെ മുന്നറിയിപ്പ്. സ്വകാര്യ ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണയ്ക്ക് ഏകദേശം 320 രൂപ മുതല്‍ 350 രൂപ വരെയാണ് നിലവില്‍ വില നല്‍കേണ്ടത്. ഓണം അടുക്കുന്നതോടെ ഈ വില ഏകദേശം 500 ന് മുകളിലേക്ക് ഉയര്‍ന്നേക്കാം.
ഉത്സവ സീസണുകള്‍ മുതലെടുത്ത് അന്തര്‍സംസ്ഥാന ലോബികളും വ്യാപാരികളും കൃത്രിമ വിലക്കയറ്റം ഉണ്ടാക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. 2026 ഓഗസ്റ്റ് 1ന് ലൂസ് വെളിച്ചെണ്ണയുടെ ശരാശരി വില കിലോയ്ക്ക് 290.50 രൂപയും കേര വെളിച്ചെണ്ണയുടെ ശരാശരി വില ലിറ്ററിന് 310.64 രൂപയുമായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പലയിടത്തും മൂന്നൂറ് കടന്നിടുണ്ട്.
പൂക്കളമൊരുക്കാനും വിയർക്കും
പൂക്കളത്തിലിടാന്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒട്ടുമിക്ക പൂക്കള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്. കാലാവസ്ഥയില്‍ സംഭവിച്ച വ്യതിയാനം തന്നെയാണ് ഇത്തവണയും തിരിച്ചടിയായത്. കോയമ്പത്തൂര്‍, ഹൊസൂര്‍, തോവാള, ബെംഗളൂരു, മൈസൂരു തുടങ്ങിയ മാര്‍ക്കറ്റുകളില്‍ നിന്നുമാണ് കേരളത്തിലേക്ക് പ്രധാനമായും പൂ എത്തുന്നത്.
പൂക്കളുടെ വിലയ്‌ക്കൊപ്പം പൂക്കളത്തിലെ ട്രെന്‍ഡുകളിലും മാറ്റമുണ്ട്. വില കുതിച്ചതോടെ തൃശൂര്‍ വിപണിയില്‍ മണമില്ലാത്ത ബെംഗളൂരു മുല്ലയ്ക്കും വിവിധ നിറങ്ങളിലുള്ള അസ്ട്ര പൂക്കള്‍ക്കും ആവശ്യക്കാരേറുകയാണ്. പര്‍പ്പിള്‍ നിറത്തിലുള്ള അസ്ട്രകള്‍ വാടാമല്ലിക്ക് പകരമായി ഉപയോഗിക്കുന്നുണ്ട്. വാടാമല്ലിയേക്കാള്‍ ഏകദേശം 100 രൂപ കുറവായതിനാല്‍ വിലക്കുറവുമാണ്.
English Summary:
Banana prices in Kerala have surged sharply ahead of Onam, nearly doubling within a week and currently ranging between Rs 70 and Rs 85 per kg in many markets. Chips manufacturers, who bought bananas from farmers at around Rs 35 per kg during last year’s Onam season, are now paying Rs 65–75, raising concerns that prices could cross Rs 100 per kg.