Temples GST: കൂടുതൽ ജിഎസ്ടി അടച്ച ക്ഷേത്രം ഏതാണ്? ശ്രീപദ്മനാഭസ്വാമിയോ?
Sree Padmanabhaswamy Temple GST: ബിസിനസ് പോർട്ടലായ മണികൺട്രോളിൻ്റെ റിപ്പോർട്ട് അനുസരിച്ച്, ക്ഷേത്രങ്ങളുടെ ആത്മീയ പ്രവർത്തനങ്ങൾക്ക് നികുതിയില്ല, പക്ഷേ വാണിജ്യ പ്രവർത്തനങ്ങൾക്ക് നികുതി ചുമത്തും

രാജ്യത്ത് ക്ഷേത്രങ്ങൾക്ക് നികുതി ചുമത്താറില്ല. എന്നാൽ ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള വാണിജ്യ പ്രവർത്തനങ്ങൾക്ക് നികുതി ബാധകമാണ്. തിരുപ്പതി ക്ഷേത്രത്തിന്റെ 2025-ലെ വരുമാനം 4,774 കോടി രൂപ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, വൈഷ്ണോ ദേവി ക്ഷേത്രത്തിന്റെയും പത്മനാഭസ്വാമി ക്ഷേത്രത്തിന്റെയും വരുമാനവും കോടിക്കണക്കിന് വരും. ഈ ക്ഷേത്രങ്ങളുടെ മുറി വാടക, കടകൾ, സുവനീർ വിൽപ്പന, ഹെലികോപ്റ്റർ സർവീസുകൾ തുടങ്ങിയ വാണിജ്യ സേവനങ്ങൾ എല്ലാം ജിഎസ്ടിയുടെ പരിധിയിൽ വരും. എന്തൊക്കെയാണ് ക്ഷേത്രങ്ങളുടെ നികുതിയുമായി ബന്ധപ്പെട്ട നിയമങ്ങൾ എത്ര രൂപ ക്ഷേത്രങ്ങൾ നികുതി അടക്കണം എന്നിവയെല്ലാം പരിശോധിക്കാം.
ഏറ്റവും സമ്പന്നമായ ക്ഷേത്രം ഏതാണ്?
രാജ്യത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രം തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ആണ്, 2025-26 സാമ്പത്തിക വർഷത്തിൽ 4,774 കോടി രൂപയുടെ വരുമാനമാണ് ക്ഷേത്രത്തിൽ പ്രതീക്ഷിക്കുന്നത്. വരുമാനം നോക്കിയാൽ വൈഷ്ണോ ദേവി ക്ഷേത്രം രണ്ടാം സ്ഥാനത്താണ്, 683 കോടി രൂപ (FY24) വരുമാനം. അടുത്തത് കേരളത്തിലെ പത്മനാഭസ്വാമി ക്ഷേത്രമാണ്, പത്മനാഭസ്വാമി ക്ഷേത്ര വരുമാനം ഏകദേശം 700 കോടി രൂപ (2014) ആയിരുന്നു.
ക്ഷേത്രങ്ങൾക്ക് എത്ര നികുതി ?
ബിസിനസ് പോർട്ടലായ മണികൺട്രോളിൻ്റെ റിപ്പോർട്ട് അനുസരിച്ച്, ക്ഷേത്രങ്ങളുടെ ആത്മീയ പ്രവർത്തനങ്ങൾക്ക് നികുതിയില്ല, പക്ഷേ വാണിജ്യ പ്രവർത്തനങ്ങൾക്ക് നികുതി ചുമത്തും. തിരുപ്പതി ക്ഷേത്രം 2017 സാമ്പത്തിക വർഷത്തിൽ 17.7 കോടി രൂപയും 2024 ൽ 32.95 കോടി രൂപയും ജിഎസ്ടി അടച്ചു. അതേസമയം, പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആകെ ജിഎസ്ടി 1.57 കോടി രൂപയായി (2017-2024) നിശ്ചയിച്ചിട്ടുണ്ട്.
ഏതൊക്കെ പ്രവർത്തനങ്ങൾക്കാണ് GST ചുമത്തുന്നത്?
ക്ഷേത്രങ്ങൾക്ക് ലഭിക്കുന്ന സംഭാവന, കാണിക്ക എന്നിവക്കൊന്നും ജിഎസ്ടി ചുമത്തുന്നില്ല എങ്കിലും, ക്ഷേത്രത്തിൻ്റെ ഉടമസ്ഥതയിലുളള കെട്ടിടങ്ങളിലെ മുറി വാടക 1,000 രൂപയിൽ കൂടുതലാണെങ്കിൽ ജിഎസ്ടി ബാധകമാണ്. കമ്മ്യൂണിറ്റി ഹാളുകളുടെയോ തുറസ്സായ സ്ഥലങ്ങളുടെയോ വാടക 10,000 രൂപയിൽ കൂടുതലാണെങ്കിലും ജിഎസ്ടി അടയ്ക്കണം. ക്ഷേത്രങ്ങളിലെ കടകളുടെ പ്രതിമാസ വാടക 10,000 രൂപയിൽ കുറവാണെങ്കിൽ, അവ ജിഎസ്ടി രഹിതമായി തുടരും. എന്നാൽ ക്ഷേത്ര ട്രസ്റ്റുകൾ നടത്തുന്ന സുവനീർ ഷോപ്പുകൾ, ഹെലികോപ്റ്റർ സർവീസുകൾ, മറ്റ് ബിസിനസ് പ്രവർത്തനങ്ങൾ എന്നിവ ജിഎസ്ടിയുടെ പരിധിയിൽ വരും.