Athachamayam 2025: നാളെ തൃപ്പൂണിത്തുറ അത്തച്ചമയം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക അവധി
Thrippunithura Athachamayam 2025: തൃപ്പൂണിത്തുറ നഗരസഭ പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. നാളെ രാവിലെ ഒമ്പത് മണിക്ക് ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ മൈതാനത്ത് മന്ത്രി എം.ബി. രാജേഷ് അത്തച്ചമയം ഉദ്ഘാടനം ചെയ്യും
തൃപ്പൂണിത്തുറ: കേരളത്തിന്റെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറയില്‍ നാളെ (ഓഗസ്ത് 26) അത്തച്ചമയം നടക്കും. തൃപ്പൂണിത്തുറ നഗരസഭ പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. നാളെ രാവിലെ ഒമ്പത് മണിക്ക് ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ മൈതാനത്ത് മന്ത്രി എം.ബി. രാജേഷ് അത്തച്ചമയം ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അത്തപ്പതാക ഉയര്‍ത്തും. നടന്‍ ജയറാം ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് നിര്‍വഹിക്കും.
കെ. ബാബു എംഎല്‍എ അധ്യക്ഷനാകും. എംപിമാരായ ഹൈബി ഈഡന്‍, അനൂപ് ജേക്കബ്, ഫ്രാന്‍സിസ് ജോര്‍ജ്, ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക തുടങ്ങിയവര്‍ പങ്കെടുക്കും. 9.30-ഓടെ ഘോഷയാത്ര ആരംഭിക്കും. ഷോഷയാത്ര ആരംഭിക്കുന്നതും സമാപിക്കുനന്നതും ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടിലാണ്. കലാപ്രകടനങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍ തുടങ്ങിയവ ഘോഷയാത്രയ്ക്ക് മിഴിവേകും.
11 മണിയോടെ സിയോണ്‍ ഓഡിറ്റോറിയത്തില്‍ അത്തപ്പൂക്കള മത്സരം നടക്കും. വൈകിട്ട് അഞ്ചിന് ലായം കുത്തമ്പലത്തില്‍ കലാസന്ധ്യ തുടങ്ങും. അത്തച്ചമയത്തോടനുബന്ധിച്ച് നാനൂറിലേറെ പൊലീസുകാരെയാണ് സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്നത്. മഫ്തിയിലും പൊലീസുണ്ടാകും. ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ്, മെഡിക്കല്‍ സംഘം എന്നിവയുമുണ്ടാകും. ആനയുടെ അടുത്തുപോകുന്നതിനും, ബലക്ഷയമുള്ള കെട്ടിടങ്ങളുടെ മുകളില്‍ നില്‍ക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി.