H1N1 Outbreak in CUSAT: എച്ച് 1 എൻ 1 രോഗലക്ഷണങ്ങൾ; കുസാറ്റ് ക്യാമ്പസ് അടച്ചു, ഇന്ന് മുതൽ ഓൺലൈൻ ക്ലാസുകൾ
H1N1 Outbreak in CUSAT: നിലവിൽ അഞ്ച് വിദ്യാർത്ഥികൾക്ക് രോഗബാധ സ്ഥിരീകരിച്ചതായാണ് വിവരം. ഈ മാസം അഞ്ചാം തീയതി മുതൽ ഓരോ ഡിപ്പാർട്മെന്റുകളും ഭാഗീകമായി തുറന്നു പ്രവർത്തിക്കും.
എറണാകുളം: വിദ്യാർത്ഥികളിൽ എച്ച് 1 എൻ 1 രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് എറണാകുളത്തെ കുസാറ്റ് ക്യാമ്പസ് അഞ്ച് ദിവസത്തേക്ക് അടച്ചു. ഇന്ന് മുതൽ ഓൺലൈൻ ക്ലാസുകൾ നടത്താനാണ് തീരുമാനം. ക്യാമ്പസിലെ ചില ഹോസ്റ്റലുകളിലാണ് രോഗബാധ കണ്ടതിയത്. കേരളത്തിന് പുറത്തുള്ളവർ ഒഴികെ മറ്റെല്ലാ വിദ്യാർത്ഥികളോടും ഹോസ്റ്റൽ മുറികൾ ഒഴിയാൻ നിർദ്ദേശിച്ചിട്ടുണ്ട്.
നിലവിൽ അഞ്ച് വിദ്യാർത്ഥികൾക്ക് രോഗബാധ സ്ഥിരീകരിച്ചതായാണ് വിവരം. ഈ മാസം അഞ്ചാം തീയതി മുതൽ ഓരോ ഡിപ്പാർട്മെന്റുകളും ഭാഗീകമായി തുറന്നു പ്രവർത്തിക്കും. സാഹചര്യങ്ങൾ നിരീക്ഷിച്ചതിന് ശേഷം മാത്രമായിരിക്കും ക്യാമ്പസ് പൂർണമായും തുറന്നു പ്രവർത്തിക്കുകയെന്ന് അധികൃതർ അറിയിച്ചു.
എച്ച്1 എന്‍1
2009 മുതൽ അന്താരാഷ്ട്രതലത്തിൽ പകർച്ചവ്യാധിയായി റിപ്പോർട്ട് ചെയ്തിട്ടുളള രോഗമാണ് എച്ച്1 എന്‍1. സ്വൈൻ ഇൻഫ്ളുവൻസ, പന്നിപ്പനി എന്നും ഇവ അറിയപ്പെടുന്നു. RNA വൈറസുകളുടെ ഗണത്തിൽപ്പെടുന്ന ഒരു ഇൻഫ്ളുവൻസ വൈറസാണിത്. വൈറസ് ബാധയുള്ള ഒരു രോഗിയുടെ ശ്വാസകോശ സ്രവങ്ങളിൽക്കൂടിയാണ് ഇത് പകരുന്നത്. അസുഖബാധിതനായ വ്യക്തിയിൽ നിന്നും രണ്ടുമുതൽ ഏഴുദിവസം വരെ രോഗം പകർന്നേക്കാം.
ലക്ഷണങ്ങൾ
സാധാരണ വൈറല്‍ പനിക്ക് സമാനമായ ലക്ഷണങ്ങള്‍. പനി, ശരീരവേദന, തൊണ്ടവേദന, ചുമ, ശ്വാസതടസം, അതിസാരം, ഛർദി, വിറയൽ, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. അതേസമയം ആസ്മ, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവരിൽ രോഗം ഗുരുതരമാകാനും ഇടയുണ്ട്.
പ്രതിരോധം
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടു വായും മൂക്കും മൂടുക.
ജലദോഷമോ പനിയോ ഉണ്ടെങ്കിൽ വീട്ടിൽ വിശ്രമിക്കുക.
ഇടയ്ക്കിടെ കൈകൾ സോപ്പുപയോഗിച്ച് കഴുകുക.
പോഷകാഹാരങ്ങൾ കഴിക്കുകയും ചൂടുള്ള പാനീയങ്ങൾ കുടിക്കുകയും ചെയ്യുക.
ഗർഭിണികൾ, പ്രമേഹരോഗികൾ, മറ്റു ദീർഘകാല രോഗമുള്ളവർ, പ്രായാധിക്യമുള്ളവർ എന്നിവരുമായുള്ള സമ്പർക്കം ഒഴിവാക്കുക.