IBPS Clerk Recruitment 2025: പൊതുമേഖലാ ബാങ്കുകളിൽ ക്ലാർക്ക് ആകാം; 10277 ഒഴിവുകൾ, ആർക്കൊക്കെ അപേക്ഷിക്കാം?
IBPS Clerk 2025 Registration Begins: താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഐബിപിഎസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി ഓഗസ്റ്റ് 21.
പതിനൊന്നു പൊതുമേഖലാ ബാങ്കുകളിലെ ക്ലാർക്ക് ഒഴിവുകളിലേക്ക് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ (ഐബിപിഎസ്) നിയമനം നടത്തുന്നു. ആകെ 10277 ഒഴിവുകളാണ് ഉള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഐബിപിഎസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി ഓഗസ്റ്റ് 21.
കേന്ദ്ര സർക്കാർ അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം/ തത്തുല്യം നേടിയവർക്ക് ഐബിപിഎസ് ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം. ബിരുദധാരിയാണെന്ന് തെളിയിക്കുന്ന സാധുവായ മാർക്ക് ഷീറ്റ്/ ഡിഗ്രി സർട്ടിഫിക്കറ്റ് ഉദ്യോഗാർഥികളുടെ കൈവശം ഉണ്ടായിരിക്കണം. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്ന സമയത്തും ബിരുദത്തിന് ലഭിച്ച മാർക്ക് സൂചിപ്പിക്കണം. കൂടാതെ, ഉദ്യോഗാർത്ഥികൾക്ക് പ്രാദേശിക ഭാഷയിൽ വായിക്കാനും എഴുതാനും അറിയണം.
അപേക്ഷകർ 20നും 28നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. ഉദ്യോഗാർത്ഥി 1997 ഓഗസ്റ്റ് 2നും 2005 ഓഗസ്റ്റ് ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാൻ 850 രൂപയാണ് ഫീസ്. എസ്.സി/ എസ്.ടി, പി.ഡബ്ള്യു.ഡി, ഇഎസ്എം, ഡിഇഎസ്എം ഉദ്യോഗാർത്ഥികൾക്ക് 175 രൂപയുമാണ് അപേക്ഷ ഫീസ്. ഓൺലൈനായാണ് ഫീസ് അടയ്‌ക്കേണ്ടത്.
രണ്ടു ഘട്ടങ്ങളാണ് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉള്ളത്. പ്രാഥമിക പരീക്ഷയും മെയിൻ പരീക്ഷയും. പ്രാഥമിക പരീക്ഷ ഒക്ടോബറിലും മെയിൻ പരീക്ഷ നവംബറിലും നടത്താനാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത്. രണ്ടു ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കുന്നവരെയാണ് തിരഞ്ഞെടുക്കുക.
ALSO READ: റെയിൽവേ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? അഡ്മിറ്റ് കാർഡ് ഉടൻ എത്തും
എങ്ങനെ അപേക്ഷിക്കാം?
- ഐബിപിഎസിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.ibps.in. സന്ദർശിക്കുക.
- ഹോം പേജിൽ ലഭ്യമായ ‘CRP-Clerks XV’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- അടിസ്ഥാന വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
- ലോഗിൻ ചെയ്ത ശേഷം അപേക്ഷ ഫോം പൂരിപ്പിക്കുക.
- ഒപ്പ്, ഫോട്ടോ മുതലായ ആവശ്യമായ രേഖകൾ നിർദേശങ്ങൾ അനുസരിച്ച് അപ്ലോഡ് ചെയുക.
- ഇനി ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം.
- ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു പകർപ്പ് പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കുക.