KEAM 2026: മെഡിക്കല്‍ അലോട്ട്‌മെന്റ് നടപടികള്‍ തുടങ്ങി; ഓപ്ഷന്‍ രജിസ്‌ട്രേഷനില്‍ ശ്രദ്ധിക്കേണ്ട തീയതികള്‍
KEAM 2026 Medical Alotment Schedule: എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് നടപടിക്രമങ്ങള്‍ തുടങ്ങി. എന്‍ആര്‍ഐ ഒഴികെയുള്ള സീറ്റുകളിലേക്കുള്ള നടപടികളാണ് ആരംഭിച്ചത്. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓഗസ്ത് 20-ന് ഉച്ചയ്ക്ക് 12 വരെ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം.
KEAM Medical Alotment: 2026-27 അധ്യയന വര്‍ഷത്തെ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് നടപടിക്രമങ്ങള്‍ തുടങ്ങി. എന്‍ആര്‍ഐ ഒഴികെയുള്ള സീറ്റുകളിലേക്കുള്ള നടപടികളാണ് ആരംഭിച്ചത്. മെഡിക്കല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് cee.kerala.gov.in എന്ന പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓഗസ്ത് 20-ന് ഉച്ചയ്ക്ക് 12 വരെ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം. ഓഗസ്ത് 21-ന് വൈകുന്നേരം താത്കാലിക അലോട്ട്‌മെന്റും, 22-ന് അന്തിമ അലോട്ട്‌മെന്റ് ലിസ്റ്റും പുറത്തുവിടും. ഓഗസ്ത് 23-നും ഓഗസ്ത് 28-നും ഇടയില്‍ അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളില്‍ ഫീസ് അടച്ച് പ്രവേശനം നേടണം.
ഓഗസ്ത് 28-ന് വൈകുന്നേരം നാല് വരെയാണ് സമയപരിധി. ഓഗസ്ത് 26-ന് പ്രവേശനം നേടാനാകില്ല. ഓഗസ്ത് 28-ന് വൈകുന്നേരം അഞ്ചിനുള്ളില്‍ പ്രവേശനം നേടിയവരുടെ വിവരങ്ങള്‍ കോളേജ് അധികാരികള്‍ അംഗീകരിച്ച്, പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഓണ്‍ലൈന്‍ അഡ്മിഷന്‍ മാനേജ്‌മെന്റ് സിസ്റ്റം മുഖേന സമര്‍പ്പിക്കണം.
അലോട്ട്‌മെന്റ് ഷെഡ്യൂള്‍:
- ഓഗസ്ത് 15: എംബിബിഎസ്/ബിഡിഎസ് കോഴ്‌സുകളിലേക്ക് പുതുതായി ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് വെബ്‌സൈറ്റ് സജ്ജമാകും.
- ഓഗസ്ത് 20 ഉച്ചയ്ക്ക് 12 വരെ: ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം അവസാനിക്കും
- ഓഗസ്ത് 21: താത്കാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും
- ഓഗസ്ത് 22: അന്തിമ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും
- ഓഗസ്ത് 23 മുതല്‍ ഓഗസ്ത് 28 വൈകുന്നേരം നാല് വരെ (ഓഗസ്ത് 26 ഒഴികെ): അലോട്ട്‌മെന്റ് ലഭിച്ച കോളേജില്‍ ഫീസ് അടച്ച് അഡ്മിഷന്‍ നേടാനുള്ള സമയം
- ഓഗസ്ത് 28 വൈകുന്നേരം അഞ്ച്: പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ കോളേജ് അധികൃതര്‍ അംഗീകരിച്ച് പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് സമര്‍പ്പിക്കേണ്ട സമയം
ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ സ്വാശ്രയ മെഡിക്കല്‍/ദന്തല്‍ കോളേജുകളിലെ ന്യൂനപക്ഷ ക്വാട്ട സീറ്റുകളിലേക്കും പ്രവേശനം ആഗ്രഹിക്കുന്നവര്‍ പ്രസ്തുത ക്വാട്ടയിലെ ഓപ്ഷന്‍ ലഭ്യമായ കോളേജുകളിലേക്ക് ഈ ഘട്ടത്തില്‍ ഓപ്ഷന്‍ നല്‍കണം. എന്‍ആര്‍ഐ ക്വാട്ടയിലേക്കുള്ള അലോട്ട്‌മെന്റ് രണ്ടാംഘട്ടം മുതല്‍ തുടങ്ങും.
Also Read: KEAM 2026: കാത്തിരിപ്പുകള്‍ക്ക് വിരാമം; മെഡിക്കല്‍ റാങ്ക് ലിസ്റ്റ് പുറത്ത്; അലോട്ട്‌മെന്റ് എപ്പോള്‍?
സര്‍ക്കാര്‍ കോളേജുകളിലെ ഫീസ് ഘടന
- എംബിബിഎസ്: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍: 23,150 രൂപ
- ബിഡിഎസ്: സര്‍ക്കാര്‍ ദന്തല്‍ കോളേജുകള്‍: 20,840 രൂപ
സ്വാശ്രയ കോളേജുകളിലെ ഫീസ് ഘടന പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വിശദമാക്കിയിട്ടുണ്ട്. എംബിബിഎസ്, ബിഡിഎസ് കോഴ്‌സ് പ്രവേശനത്തിന് ഈ ഘട്ടത്തില്‍ ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അയ്യായിരം രൂപ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഫീസായി ഒടുക്കണം.
സര്‍ക്കാര്‍ മെഡിക്കല്‍/ദന്തല്‍ കോളേജില്‍ അഡ്മിഷന്‍ നേടുന്നവര്‍ക്ക് കോഴ്‌സിന്റെ ട്യൂഷന്‍ ഫീസില്‍ ഈ തുക വകയിരുത്തും. സ്വാശ്രയ കോളേജില്‍ പ്രവേശനം നേടുന്നവര്‍ക്ക് അലോട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയായ ശേഷം ഈ തുക തിരികെ നല്‍കും. അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്ക് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഫീസ് തിരികെ നല്‍കും.
English Summary
The first phase of KEAM allotment for MBBS and BDS courses for the 2026-27 academic year has begun. Candidates can register their options on the official CEE website until 12 PM on August 20. The provisional allotment will be released on August 21, followed by the final list on August 22.