Kerala Plus One Admission 2025: പ്ലസ് വൺ ആദ്യ അലോട്ട്മെൻ്റ് പ്രവേശനം ഇന്ന് അവസാനിക്കും; ഇക്കാര്യങ്ങൾ മറക്കരുത്
Kerala Plus One Admission Closed Today: അലോട്മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്നവരെ തുടർന്നുള്ള അലോട്ടുമെൻ്റിൽ പരിഗണിക്കുന്നതല്ല. എന്നാൽ വിദ്യാർത്ഥികൾക്ക് ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കാൻ അവസരമുണ്ട്. പ്രവേശനം നേടിയ സ്‌കൂളിലാണ് ഇതിനായി അപേക്ഷിക്കേണ്ടത്.
തിരുവനന്തപുരം: പ്ലസ് വൺ ആദ്യ അലോട്ട്മെൻ്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇന്ന് വൈകിട്ട് അഞ്ച് വരെയാണ് പ്ലസ് വൺ പ്രവേശനം നേടാൻ കഴിയുക. 2,49,540 പേർക്കാണ് ആദ്യ അലോട്ട്മെൻ്റിൽ പ്രവേശനം നേടിയത്. ഒന്നാമത്തെ ഓപ്ഷനിൽ അലോട്മെന്റ് ലഭിച്ചവർ സ്ഥിരപ്രവേശനമാണ് നേടേണ്ടത്.
മറ്റു ഓപ്ഷനുകൾ ലഭിച്ചവർക്ക് സ്ഥിരമോ താൽക്കാലികമോ ആയി പ്രവേശനം നേടാൻ സാധിക്കുന്നതാണ്. അലോട്മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്നവരെ തുടർന്നുള്ള അലോട്ടുമെൻ്റിൽ പരിഗണിക്കുന്നതല്ല. എന്നാൽ വിദ്യാർത്ഥികൾക്ക് ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കാൻ അവസരമുണ്ട്. പ്രവേശനം നേടിയ സ്‌കൂളിലാണ് ഇതിനായി അപേക്ഷിക്കേണ്ടത്.
അതിനിടെ എസ്എസ്എൽസി പാസായ വിദ്യാർഥികളുടെ പ്ലസ് വൺ പ്രവേശനത്തിൽ ചില സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. എസ്എസ്എൽസി സർട്ടിഫിക്കേറ്റ് ഡിജിലോക്കറിൽ ലഭിക്കാത്തതിനെ തുടർന്നാണ് വിദ്യാർഥികളുടെ പ്ലസ് പ്രവേശനത്തിൽ ആശയകുഴപ്പമുണ്ടായത്. പ്ലസ് വൺ ആദ്യ അലോട്ട്മെൻ്റ് പ്രവേശനത്തിനുള്ള സമയപരിധി അവസാനിക്കാൻ ഇരിക്കെയാണ് ഈ പ്രതിസന്ധി.
ഇത്തവണ സിബിഎസ്ഇ വിദ്യാർഥികൾക്ക് മാത്രമാണ് അവരുടെ എസ്എസ്എൽസി സർട്ടിഫിക്കേറ്റ് ഡിജി ലോക്കറിൽ ലഭിക്കുന്നുള്ളൂ. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൻ്റെ വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന മാർക്ക് ഷീറ്റിൽ വിദ്യാർഥിയുടെയും രക്ഷിതാവിൻ്റെയും പേരും ഗ്രേഡും മാത്രമാണ് കാണാൻ കഴിയുന്നത്.
പ്ലസ് വൺ പ്രവേശനത്തിനായുളള ഓപ്ഷനുകൾ പരിഗണിച്ചുള്ള ട്രയൽ അലോട്ട്‌മെന്റ് മെയ് 24നാണ് പ്രസിദ്ധീകരിച്ചത്. രണ്ടാമത്തെ അലോട്ട്‌മെന്റ് ജൂൺ 10നും മൂന്നാമത്തെ അലോട്ട്‌മെന്റ് ജൂൺ 16നും പ്രസിദ്ധീകരിക്കുന്നതാണ്. അലോട്ട്മെന്റുകൾ പൂർത്തീകരിച്ച് പ്ലസ്‍ വൺ ക്ലാസ്സുകൾ ജൂൺ 18ന് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.