Kerala PSC 10th Prelims: പോക്കറ്റ് ചോർന്ന യാത്രകൾ, പാഴായ പണവും സമയവും; ഉദ്യോഗാര്‍ത്ഥികളുടെ നഷ്ടത്തിന് ആരു പരിഹാരം കാണും?
Kerala PSC 10th Preliminary Exam Cancelled: ആലപ്പുഴയിലെ ലജ്‌നത്തുല്‍ മുഹമ്മദിയ സ്‌കൂളിലെ പരീക്ഷാ കേന്ദ്രത്തില്‍ ഉച്ചയ്ക്ക് ശേഷം നല്‍കേണ്ട ചോദ്യപേപ്പര്‍ രാവിലെ നല്‍കിയതിന്റെ പേരില്‍ രണ്ടാം ഷിഫ്റ്റിലെ പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച ഈ ഗുരുതര അലംഭാവം ഉദ്യോഗാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെടുത്തിയത് സമയവും പണവുമാണ്.

Kerala PSC
ജൂലൈ 18, ശനിയാഴ്ച. മാസങ്ങളായുള്ള കാത്തിരിപ്പുകള്‍ക്കും തയ്യാറെടുപ്പുകള്‍ക്കും ഒടുവില്‍ സര്‍ക്കാര്‍ ജോലി എന്ന സ്വപ്‌നത്തിലേക്ക് ഒരു ചുവട് കൂടി അടുത്തുവെന്ന പ്രതീക്ഷയോടെയാണ് ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ പത്താം ക്ലാസ് പ്രിലിമിനറി പരീക്ഷ എഴുതാന്‍ പരീക്ഷാഹാളിലേക്ക് എത്തിയത്. എന്നാല്‍ ആലപ്പുഴയിലെ ലജ്‌നത്തുല്‍ മുഹമ്മദിയ സ്‌കൂളിലെ പരീക്ഷാ കേന്ദ്രത്തില്‍ ഉച്ചയ്ക്ക് ശേഷം നല്‍കേണ്ട ചോദ്യപേപ്പര്‍ രാവിലെ നല്‍കിയതിന്റെ പേരില്‍ രണ്ടാം ഷിഫ്റ്റിലെ പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച ഈ ഗുരുതര അലംഭാവം ഉദ്യോഗാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെടുത്തിയത് സമയവും പണവുമാണ്.
പരീക്ഷാകേന്ദ്രത്തില്‍ കൃത്യസമയത്ത് എത്തി, ഒരുപാട് പ്രതീക്ഷകളോടെ ഒഎംആര്‍ ഷീറ്റിൽ രജിസ്റ്റര്‍ നമ്പറും, കാറ്റഗറി നമ്പറും കൃത്യമായി പൂരിപ്പിച്ചു തുടങ്ങിയ നിമിഷം. ചോദ്യക്കടലാസ് വിതരണം ചെയ്യാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കി നിൽക്കെയാണ് ആ അനൗൺസ്മെന്റ് വരുന്നത്—”പരീക്ഷ മാറ്റിവെച്ചിരിക്കുന്നു, ഒഎംആര്‍ ഷീറ്റ് തിരികെ നൽകുക.”
പോക്കറ്റ് ചോർന്ന യാത്ര
ഈ കെടുകാര്യസ്ഥതയ്ക്ക് ഉദ്യോഗാർത്ഥികൾ നൽകേണ്ടി വന്ന വില വളരെ വലുതാണ്. പലർക്കും തങ്ങളുടെ വീടിനടുത്തുള്ള സെന്ററുകളല്ല ലഭിച്ചത്. ഉച്ചകഴിഞ്ഞുള്ള പരീക്ഷയ്ക്ക് കിലോമീറ്ററുകൾ അകലെയുള്ള, അപരിചിതമായ കേന്ദ്രങ്ങളിലേക്ക് രാവിലെ തന്നെ പുറപ്പെട്ടവരുണ്ട്.
ചിലര്‍ സ്വന്തം വണ്ടികളില്‍ യാത്ര ചെയ്തു. മറ്റ് ചിലര്‍ ബസ്, ഓട്ടോറിക്ഷ, ട്രെയിന്‍ തുടങ്ങിയ ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിച്ചു. യാത്രാമാര്‍ഗം എന്തായാലും എല്ലാവരുടെയും പണം നഷ്ടമായി. ഇതിന് പുറമെയാണ് ഭക്ഷണത്തിന്റെ ചെലവ്. ജോലി ചെയ്യുന്നവർ ലീവെടുത്തും, വീട്ടമ്മമാർ കുഞ്ഞുങ്ങളെ മറ്റുള്ളവരെ ഏൽപ്പിച്ചും വന്ന വകയിലെ ബുദ്ധിമുട്ടുകൾ വേറെ. എല്ലാവരുടെയും പണവും പോയി, സമയവും നഷ്ടമായെന്ന് ചുരുക്കം.
സാധാരണക്കാരായ ഉദ്യോഗാർത്ഥികളുടെ പോക്കറ്റാണ് ഉദ്യോഗസ്ഥരുടെ ജാഗ്രതക്കുറവ് കൊണ്ട് ചോർന്നുപോയത്. ഈ സാമ്പത്തിക നഷ്ടത്തിനും മാനസിക വിഷമത്തിനും ആര് നഷ്ടപരിഹാരം നൽകും? ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതുകൊണ്ട് മാത്രം ഉദ്യോഗാർത്ഥികളുടെ നഷ്ടം നികത്തപ്പെടില്ല.
ഇനിയെന്ത്?
‘പരീക്ഷ മാറ്റിവെച്ചു’ എന്ന് വാർത്താക്കുറിപ്പ് ഇറക്കി പിഎസ്‌സിക്ക് കൈകഴുകാം. മാറ്റിവെച്ച പരീക്ഷ നടത്തുമ്പോൾ ഇനിയും പല പ്രധാനപ്പെട്ട കാര്യങ്ങളും മാറ്റിവെച്ച് വേണം ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷയ്‌ക്കെത്താന്‍. നഷ്ടപ്പെട്ട പണവും സമയവും തിരികെ നൽകാൻ പിഎസ്‌സിക്ക് സാധിക്കില്ല.
മാറ്റിവെച്ച പരീക്ഷ വീണ്ടും നടത്തുമ്പോൾ, ഉദ്യോഗാർത്ഥികൾക്ക് അവരുടെ വീടിനോട് ഏറ്റവും അടുത്തുള്ള പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കാനുള്ള മിനിമം മര്യാദയെങ്കിലും പിഎസ്‌സി കാണിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
അടുത്ത തവണ പരീക്ഷ എഴുതാൻ പോകുമ്പോൾ യാത്രാക്ലേശമെങ്കിലും ഒഴിവാക്കിത്തരാൻ അധികാരികൾ തയ്യാറാകണമെന്ന് മാത്രമാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പറയാനുള്ളത്. വിശ്വാസ്യതയുടെ പ്രതീകമാകേണ്ട ഒരു ഭരണഘടനാ സ്ഥാപനം ഇത്തരത്തിൽ പരീക്ഷണ വസ്തുക്കളാക്കി മാറ്റുന്നത് ഉദ്യോഗാർത്ഥികളോടുള്ള വെല്ലുവിളിയാണ്. ഇനിയെങ്കിലും ഉദ്യോഗാർത്ഥികളുടെ കണ്ണീരിന് വില കൽപ്പിക്കാൻ കമ്മീഷന്‍ തയ്യാറാകണം.
English Summary
Kerala PSC cancelled the 10th preliminary second-shift exam due to a question paper mix-up. The severe negligence occurred at a test center in Alappuzha during the morning shift. Candidates suffered heavy financial losses on travel and food for this cancelled exam. Aspirants now demand rescheduled exam centers closer to their homes as compensation.