Onam Exams 2025: ഓണപ്പരീക്ഷ നാളെ മുതൽ; ചോദ്യ പേപ്പർ ചോർച്ച തടയാൻ പ്രത്യേക മാർഗരേഖയുമായി വിദ്യാഭ്യാസ വകുപ്പ്
Onam Exams 2025 Start From Tomorrow: ഓണപ്പരീക്ഷയ്ക്കൊരുങ്ങി വിദ്യാർത്ഥികൾ. സംസ്ഥാനത്ത് നാളെ മുതലാണ് ഓണപ്പരീക്ഷ ആരംഭിക്കുക.
സംസ്ഥാനത്ത് ഓണപ്പരീക്ഷ ഓഗസ്റ്റ് 18ന് ആരംഭിക്കും. യുപി, ഹൈസ്കൂൾ, പ്ലസ് ടു വിദ്യാർത്ഥികൾക്കാണ് നാളെ പരീക്ഷ ആരംഭിക്കുക. എൽപി വിഭാഗത്തിന് 20ആം തീയതി മുതൽ പരീക്ഷ തുടങ്ങും. ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകളിലെ പരീക്ഷ ഈ മാസം 26നും പ്ലസ് ടു വിദ്യാർത്ഥികളുടെ പരീക്ഷ ഈ മാസം 27നുമാവും അവസാനിക്കുക.
പരീക്ഷാദിവസങ്ങളിൽ സ്കൂളവധി പ്രഖ്യാപിച്ചാൽ മാറ്റിവെക്കുന്ന പരീക്ഷകൾ ഈ മാസം 29നാവും നടക്കുക. ഒന്നും രണ്ടും ക്ലാസുകളിലെ പരീക്ഷകൾക്ക് സമയനിബന്ധനയില്ല. കുട്ടികൾ എഴുതിത്തീരുമ്പോൾ പരീക്ഷ അവസാനിപ്പിക്കാം. മറ്റുള്ള ക്ലാസുകളിലെ പരീക്ഷകൾക്ക് ലഭിക്കുന്ന സമയം രണ്ട് മണിക്കൂറാണ്.
Also Read: LIC Recruitment 2025: എൽഐസില്‍ ജോലി നേടാം; 841 ഒഴിവുകള്‍, 88,000 വരെ ശമ്പളം; ആർക്കൊക്കെ അപേക്ഷിക്കാം
ഇതിനിടെ, പരീക്ഷാ ചോദ്യ പേപ്പർ ചോർച്ച തടയാൻ വിദ്യാഭ്യാസ വകുപ്പ് മാർഗരേഖ പുറത്തിറക്കി. പരീക്ഷ ആരംഭിക്കുന്നതിന് അര മണിക്കൂർ മുൻപ് മാത്രമേ ചോദ്യക്കടലാസ് അടങ്ങുന്ന പാക്കറ്റുകൾ പൊട്ടിക്കാവൂ എന്നാണ് നിർദ്ദേശം. സ്കൂളുകളിലെ പ്രധാനാധ്യാപകർക്കാണ് ഈ നിർദ്ദേശം നൽകിയിട്ടുള്ളത്. ചോദ്യക്കടലാസ് കൈകാര്യം ചെയ്യുന്നതിനായി ഓരോ ജില്ലയിലും പ്രത്യേക മൂന്നംഗ പരീക്ഷാസെൽ തയ്യാറാക്കിയിട്ടുണ്ട്.
ബിആർഎസിൽ ചോദ്യക്കടലാസ് വിതരണം ചെയ്യുമ്പോൾ ഇഷ്യൂ രജിസ്റ്റർ ചെയ്ത് സൂക്ഷിക്കണം. സി-ആപ്റ്റില്‍നിന്നുള്ള ചോദ്യക്കടലാസ് ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നേരിട്ട് ഏറ്റുവാങ്ങണം. ചോദ്യക്കടലാസ് കൈപ്പറ്റുന്നത് വരെ മുഴുവൻ സ്കൂളുകളിലെ മുറിയും അലമാരയും മുദ്രവച്ച് സൂക്ഷിക്കണം. പാക്കറ്റ് കീറിയെങ്കിൽ ജില്ലാ ഓഫീസറെ വിവരമറിയിക്കണം. ചോദ്യക്കടലാസ് വിതരണം ചെയ്യാനുള്ള ക്രമീകരണമുണ്ടാക്കണം. ചോദ്യക്കടലാസ് കൈപ്പറ്റുന്ന അധ്യാപകൻ്റെ പേരും ഫോൺ നമ്പരും ഒപ്പും രജിസ്റ്ററിൽ രേഖപ്പെടുത്തണം. സ്കൂളുകളിൽ രഹസ്യസ്വഭാവത്തോടെ ചോദ്യക്കടലാസുകൾ സൂക്ഷിക്കണം. കുറവോ നാശനഷ്ടമോ ഉണ്ടെങ്കില്‍ ഉടന്‍ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.