PM Internship Scheme 2025: പ്രതിമാസ സഹായം 5000 രൂപ; പിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം രജിസ്‌ട്രേഷന്‍ ഉടൻ, അറിയേണ്ടതെല്ലാം
PM Internship Scheme 2025 Registration: 8 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവർക്കാണ് അവസരം. അപേക്ഷകരുടെ പ്രായം 21നും 24നും ഇടയിലായിരിക്കണം.
പിഎം ഇൻ്റേൺഷിപ്പ് സ്കീം 2025നുള്ള രജിസ്ട്രേഷൻ നടപടികൾ ഉടൻ ആരംഭിക്കും. ഇത് ഇന്ത്യയിൽ ഉടനീളമുള്ള തൊഴിലന്വേഷകർക്ക് ഇന്റേൺഷിപ് അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. 8 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവർക്കാണ് അവസരം. അപേക്ഷകരുടെ പ്രായം 21നും 24നും ഇടയിലായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പോര്‍ട്ടല്‍ വഴി അപേക്ഷ നൽകാം.
10-ാം ക്ലാസ് അല്ലെങ്കില്‍ 12-ാം ക്ലാസ് യോഗ്യത പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കും ബിരുദം, ബിരുദാനന്തര ബിരുദം നേടിയവർക്കും പിഎം ഇന്റേൺഷിപ്പ് സ്കീമിന് അപേക്ഷിക്കാം. എന്നാൽ, പ്രൊഫഷണൽ ബിരുദധാരികൾ, ബി.ടെക്, എംബിഎ, സിഎ തുടങ്ങിയവ പഠിച്ച ഉദ്യോഗാർത്ഥികൾക്ക് ഈ പദ്ധതി മുഖേന അപേക്ഷിക്കാൻ കഴിയില്ല.
സാങ്കേതികവിദ്യാധിഷ്ഠിതമായ പ്രക്രിയയിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. അപേക്ഷകർ സമർപ്പിച്ച മുൻഗണനകളും കമ്പനികൾ പോസ്റ്റ് ചെയ്യുന്ന ആവശ്യകതകളും അടിസ്ഥാനമാക്കിയാണ് ഉദ്യോഗാർത്ഥികളെ ഷോർട്ട്ലിസ്റ്റ് ചെയ്യുന്നത്. 12 മാസമായിരിക്കും ഇന്റേൺഷിപ്പ് കാലയളവ്. ഈ കാലയളവിൽ ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 5,000 രൂപ വീതം സഹായം ലഭിക്കും. ചെറിയ ചെലവുകൾക്ക് ഒറ്റത്തവണ സഹായമായി 6,000 രൂപയും ലഭിക്കുന്നതാണ്.
എങ്ങനെ രജിസ്റ്റർ ചെയ്യാം?
- ഔദ്യോഗിക വെബ്‌സൈറ്റായ internship.mea.gov.in സന്ദർശിക്കുക.
- ഹോംപേജിലെ ‘രജിസ്റ്റർ’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ഇനി ആവശ്യമായ വിവരങ്ങൾ നൽകി രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുക.
- ശേഷം, നിങ്ങളുടെ താത്പര്യങ്ങൾക്കനുസരിച്ച് (സ്ഥലം, മേഖല, പദവി, യോഗ്യത) 5 ഇന്റേൺഷിപ്പ് റോളുകൾക്ക് വരെ അപേക്ഷിക്കാം.
- തുടരാവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു കോപ്പി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.
ALSO READ: നീറ്റ് പിജി പരീക്ഷ; അഡ്മിറ്റ് കാർഡ് എപ്പോൾ പ്രസിദ്ധീകരിക്കും; എവിടെ എങ്ങനെ പരിശോധിക്കാം?
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിൽ നിന്നുള്ള ഒരു കോടി യുവജനങ്ങൾക്ക് ഇന്റേൺഷിപ്പ് അവസരങ്ങൾ നൽകുക എന്നതാണ് പിഎം ഇന്റേൺഷിപ്പ് പദ്ധതിയുടെ ലക്ഷ്യം. അപേക്ഷയുമായി ബന്ധപ്പെട്ട മറ്റ് സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും, അപേക്ഷകർക്ക് pminternship@mca.gov.in എന്ന ഇമെയിൽ വഴിയോ 1800 11 6090 എന്ന ഹെൽപ്പ്ലൈൻ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.