school students’ scholarship : സ്കൂൾ വിദ്യാർത്ഥികൾക്കായി പുതിയ സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു
Vidyaarthi Haritha Sena Scholarship: അഞ്ചുമുതൽ പത്തുവരെ ക്ലാസുകളിലെ പാഠപുസ്തകങ്ങളിലുള്ള തൊഴിൽ വിദ്യാഭ്യാസ ആശയങ്ങൾ ഉൾക്കൊണ്ടാണ് സ്കോളർഷിപ്പ് വിഭാവനം ചെയ്തിട്ടുള്ളത്.
തിരുവനന്തപുരം: പാഴ്‌വസ്തു പരിപാലനത്തിൽ പുതിയ തലമുറയെ പങ്കാളികളാക്കുന്നതിനായി സ്കൂൾ വിദ്യാർഥികൾക്കായി ‘വിദ്യാർഥി ഹരിതസേന സ്കോളർഷിപ്പ്’ പദ്ധതി പ്രഖ്യാപിച്ചു. ‘മാലിന്യമുക്ത നവകേരളം’ പദ്ധതിയുടെ ഭാഗമായാണ് 1500 രൂപയുടെ ഈ പുതിയ ദൗത്യം നടപ്പാക്കുന്നത്.
പൊതുവിദ്യാഭ്യാസ-തദ്ദേശ സ്വയംഭരണ വകുപ്പുകളും ശുചിത്വമിഷനും സംയുക്തമായാണ് ഈ സ്കോളർഷിപ്പ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. മാലിന്യ പരിപാലനത്തിൽ നൂതന ചിന്തയും താത്‌പര്യവുമുള്ള പുതിയ തലമുറയെ വാർത്തെടുക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ആർക്കൊക്കെ അർഹതയുണ്ട്?
അഞ്ചുമുതൽ പത്തുവരെ ക്ലാസുകളിലെ പാഠപുസ്തകങ്ങളിലുള്ള തൊഴിൽ വിദ്യാഭ്യാസ ആശയങ്ങൾ ഉൾക്കൊണ്ടാണ് സ്കോളർഷിപ്പ് വിഭാവനം ചെയ്തിട്ടുള്ളത്. യുപി വിഭാഗത്തിൽ ആറ്, ഏഴ് ക്ലാസുകാർക്കും. ഹൈസ്കൂൾ വിഭാഗത്തിൽ എട്ട്, ഒൻപത് ക്ലാസുകാർക്കുമാണ് അപേക്ഷിക്കാൻ കഴിയുന്നത്.
Also read – ആര്‍ആര്‍ബി എന്‍ടിപിസി ഫലപ്രഖ്യാപനം ഉടനെ; പുതിയ സൂചനകള്‍
ഹയർ സെക്കൻഡറിയിൽ ഒന്നാംവർഷ വിദ്യാർഥികൾക്കും അപേക്ഷ സമർപ്പിക്കാം. ഓരോ വിദ്യാലയത്തിൽനിന്നും ചുരുങ്ങിയത് രണ്ടുകുട്ടികൾക്ക് സ്കോളർഷിപ്പ് നൽകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിൽ നിന്നാണ് ഇതിനുള്ള തുക വിനിയോഗിക്കുക.
എങ്ങനെ തിരഞ്ഞെടുക്കും?
തദ്ദേശ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ എണ്ണം ഇപ്രകാരമാണ്:
- ഗ്രാമപ്പഞ്ചായത്ത്: 50 പേർ.
- മുനിസിപ്പാലിറ്റി: 75 പേർ.
- കോർപ്പറേഷൻ: 100 പേർ.
നവംബർ 14-ന് സ്കൂളുകളിൽ നടക്കുന്ന ഹരിതസഭയിൽ സ്കോളർഷിപ്പിന് അർഹരായ കുട്ടികളുടെ പട്ടിക പ്രഖ്യാപിക്കും.
തുടർ പ്രവർത്തനങ്ങൾ
തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് നവംബർ, ഡിസംബർ മാസങ്ങളിലായി വ്യക്തിഗത, ഗ്രൂപ്പ് പ്രവർത്തനങ്ങൾ നൽകും. ഇവരുടെ മാതൃകാപരമായ പ്രവർത്തനങ്ങളും അനുഭവങ്ങളും പങ്കുവെക്കാൻ ഓരോ തദ്ദേശ സ്ഥാപനത്തിലും റിപ്പബ്ലിക് ദിനത്തിൽ ‘ശുചിത്വ പഠനോത്സവം’ സംഘടിപ്പിക്കും. സെമിനാർ, മുഖാമുഖ ചർച്ച, പ്രദർശനം എന്നിവ ഇതിന്റെ ഭാഗമായി ഉണ്ടാകും. കൂടാതെ, മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വിദ്യാലയങ്ങൾക്ക് പുരസ്കാരവും നൽകും.