Israel-Iran Conflict: യുദ്ധം അവസാനിച്ചുവെന്ന് ട്രംപ്, ഒന്നും തീര്‍ന്നിട്ടില്ലെന്ന് മുന്നറിയിപ്പ് നല്‍കി ഇറാന്‍
Iran Warns US: ഡൊണാള്‍ഡ് ട്രംപിനെ യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം തുടരാനാണ് ഇറാന്റെ തീരുമാനം. സാമ്പത്തികമായ ആഘാതങ്ങളിലൂടെ മാത്രമേ യുദ്ധം അവസാനിക്കൂവെന്ന സൂചനയും ഖരാസി നല്‍കുന്നുണ്ട്.
വാഷിങ്ടണ്‍: ഇറാനെതിരായ യുദ്ധം അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ടെഹ്‌റാനില്‍ ഇനി ഒന്നും അവശേഷിക്കുന്നില്ലെന്നും ഇറാന്റെ നാവികസേന, ആശവിനിമയ സൗകര്യങ്ങള്‍, വ്യോമസേന എല്ലാം നശിച്ചുവെന്നും സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടില്ലെന്നും അതുവഴി കപ്പലുകള്‍ കടന്നുപോകുന്നുണ്ടെന്നും ട്രംപ് അവകാശപ്പെടുന്നു. ഹോര്‍മുസ് കടലിടുക്ക് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചനയിലാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ അമേരിക്കയോടും സഖ്യകക്ഷികളോടും എത്രനാള്‍ വേണമെങ്കിലും യുദ്ധം ചെയ്യാന്‍ തയാറാണെന്നാണ് ഇറാന്റെ പക്ഷം. നിലവില്‍ നയതന്ത്ര ചര്‍ച്ചകളുടെ ആവശ്യമില്ലെന്നും ഇറാന്‍ പരമോന്നത നേതാവിന്റെ വിദേശനയ ഉപദേഷ്ടാവ് കമാല്‍ ഖരാസി പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മേല്‍ കടുത്ത ആക്രമണം തുടരുമെന്ന മുന്നറിയിപ്പും ഇറാന്‍ നല്‍കുന്നുണ്ട്.
ഡൊണാള്‍ഡ് ട്രംപിനെ യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം തുടരാനാണ് ഇറാന്റെ തീരുമാനം. സാമ്പത്തികമായ ആഘാതങ്ങളിലൂടെ മാത്രമേ യുദ്ധം അവസാനിക്കൂവെന്ന സൂചനയും ഖരാസി നല്‍കുന്നുണ്ട്. നേരത്തെ നടന്ന ചര്‍ച്ചകളില്‍ ട്രംപ് പല വാഗ്ദാനങ്ങളും ലംഘിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വിഷയത്തില്‍ മറ്റ് രാജ്യങ്ങള്‍ ഇടപെടണമെന്ന നിലപാടും ഇറാനുണ്ട്.
അതേസമയം, ഇറാനിലെ എണ്ണ സംഭരണശാലകളില്‍ ബോംബിട്ട ഇസ്രായേല്‍ നീക്കം അപ്രതീക്ഷിതമെന്ന് യുഎസ് പ്രതികരണം. സംഭരണശാലകള്‍ ആക്രമിക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് യുഎസിന്റെ നിലപാട്. ഈ നീക്കം സാധാരണക്കാരായ ഇറാന്‍ പൗരന്മാര്‍ക്ക് വെല്ലുവിളിയാകും. മാത്രമല്ല ഭരണകൂടത്തിന് കൂടുതല്‍ പിന്തുണ ലഭിക്കുന്നതിന് വഴിയൊരുക്കുമെന്ന അഭിപ്രായവും യുഎസിനുണ്ട്.
എന്നാല്‍ ആക്രമണങ്ങള്‍ നടത്താന്‍ ഇറാന്റെ സൈനിക സംവിധാനങ്ങള്‍ക്ക് ഇവിടെ നിന്നാണ് എണ്ണ ലഭിക്കുന്നതെന്നും അത് അവസാനിപ്പിക്കാനാണ് ആക്രമണമെന്നുമാണ് ഇസ്രായേലിന്റെ വാദം.