Aadu 3 : വിന്നേഴ്സ് പോത്തുമുക്കിലെ ‘മൂങ്ങ’ എവിടെ? ആട് 3ൽ പകരമെത്തുന്നത് ഫുക്രു
Aadu 3 Cast And Crew : ആടിൻ്റെ ആദ്യ രണ്ട് ഭാഗങ്ങളിലും മുങ്ങ എന്ന കഥാപാത്രം അവതരിപ്പിച്ചത് വിനീത് മോഹൻ എന്ന നടനാണ്. ഈ കഥാപാത്രത്തെ ഒഴിവാക്കി ഷാജി പാപ്പൻ്റെ ഗ്യാങ്ങിലേക്ക് ഫുക്രുവിനെ എത്തിക്കുന്നത്.
ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ഷാജി പാപ്പാനും സംഘവും വീണ്ടുമെത്തുന്ന ആട് 3. സിനിമയുടെ ചിത്രീകരണം ഇപ്പോൾ ഇടുക്കിയിൽ ആരംഭിച്ചിരിക്കുകയാണ്. സിനിമയിൽ ഷാജി പാപ്പാനായി ജയസൂര്യയും ഡ്യൂഡായി വിനായകനും തുടങ്ങി മിക്ക താരങ്ങളും ചിത്രീകരണത്തിൻ്റെ ഭാഗമായി കഴിഞ്ഞു. അങ്ങനെ നിൽക്കെയാണ് ആട് 3ലെ ഷാജി പാപ്പാൻ്റെ ഗ്യാങ്ങിനെ എല്ലാവരും ശ്രദ്ധിക്കുന്നത്, അതിൽ ഒരാൾ ഇല്ല.
സിനിമയുടെ അണിയറപ്രവർത്തകർ പുറത്ത് വിട്ട പുതിയ ചിത്രത്തിലാണ് ഇക്കാര്യം എല്ലാവരും ശ്രദ്ധിച്ചത്. ഷാജി പാപ്പനോടൊപ്പം സൈജു കുറുപ്പ് അവതരിപ്പിക്കുന്ന അറയ്ക്കൽ അബു, ധർമജൻ്റെ ക്യാപ്റ്റൻ ക്ലീറ്റസ്, ഭഗത് അവതരിപ്പിക്കുന്ന കൃഷ്ണ മന്ദാരം, ലോലൻ, ഉണ്ണി രാജൻ പി ദേവ് എന്നിവർക്കൊപ്പം സോഷ്യൽ മീഡിയ താരം ഫുക്രുവിനെയാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ആട് സിനിമയുടെ ആദ്യ രണ്ട് ഭാഗങ്ങളിൽ വിനീത് മോഹൻ അവതരിപ്പിച്ച ‘കുട്ടൻ എന്ന മുങ്ങ’ കഥാപാത്രത്തെയാണ് മൂന്നാം ഭാഗത്തിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്.
വിന്നേഴ്സ് പോത്തുമുക്ക് 3.0 എന്ന കുറിപ്പോടെ ആട് 3ൻ്റെ അണിയറപ്രവർത്തകർ ചിത്രം പങ്കുവെച്ചതോടെ സിനിമയിൽ താരങ്ങളിലെ മാറ്റം എല്ലാവരും ശ്രദ്ധിച്ചത്. മൂങ്ങ ഇല്ലാതെ എന്ത് വിന്നേഴ്സ് പോത്തുമുക്ക് എന്നായിരുന്നു കമൻ്റ് ബോക്സിൽ ആരാധകർ ചോദിക്കുന്നത്.
ആട് 3 സിനിമയുടെ അണിയറപ്രവർത്തകർ പങ്കുവെച്ച ചിത്രം
View this post on Instagram
ആടിൻ്റെ ആദ്യ രണ്ട് ഭാഗങ്ങൾ ഒരുക്കിയ മിഥുൻ മാനുവൽ തോമസാണ് ആട് 3യും എഴുതി സംവിധാനം ചെയ്യുന്നത്. വൻ ക്യാൻവാസിൽ ഒരുക്കുന്ന ചിത്രം വിജയ് ബാബുവിൻ്റെ ഫ്രൈഡേ ഫിലിംസിനൊപ്പം വേണു കുന്നപ്പള്ളിയുടെ കാവ്യ ഫിലിംസ് കൈക്കോർക്കുന്നുണ്ട്. ടൈം ട്രാവൽ, എപിക് ഫാൻ്റസി തുടങ്ങിയ ഴേൺറെയിലാകും സിനിമ ഒരുക്കുക എന്ന തലത്തിൽ റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ചിത്രം 2026 മാർച്ചിൽ തിയറ്ററിൽ എത്തിക്കാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത്.