Amma Controversy: “പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ നസ്‌ലനെപ്പോലുള്ള പുതിയ തലമുറ ‘അമ്മ’യിലേക്ക് വരില്ല”; വിവാദങ്ങളിൽ വ്യക്തത വരുത്തി റോണി ഡേവിഡ്!

"The Next Generation Won't Join Unless Issues Are Resolved": Rony David on AMMA Controversies: സിദ്ദിഖ് നേതൃത്വം നൽകിയ അഡ്‌ഹോക്ക് കമ്മിറ്റിയുടെ കാലത്താണ് സഞ്ജീവനി പദ്ധതി തുടങ്ങുന്നത്. അന്ന് അൻസിബയ്ക്കായിരുന്നു പദ്ധതിയുടെ പൂർണ്ണ ചുമതല. എന്നാൽ ഓഗസ്റ്റിൽ പുതിയ ഭരണസമിതി വന്നപ്പോൾ ഒരു ഡോക്ടർ എന്ന നിലയിൽ തന്നെയും ഇതിൻ്റെ ഭാഗമാക്കുകയായിരുന്നു

Amma Controversy: പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ നസ്‌ലനെപ്പോലുള്ള പുതിയ തലമുറ അമ്മയിലേക്ക് വരില്ല; വിവാദങ്ങളിൽ വ്യക്തത വരുത്തി റോണി ഡേവിഡ്!

റോണി ഡേവിഡ് രാജ്

Published: 

02 Jul 2026 | 01:40 PM

താരസംഘടനയായ ‘അമ്മ’യുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കത്തുന്നതിനിടെ, തനിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം ഉയരുന്ന ആരോപണങ്ങളിൽ വ്യക്തത വരുത്തുകയാണ് നടൻ റോണി ഡേവിഡ്. സഞ്ജീവനി പദ്ധതി ഇപ്പോഴും ഒരു പ്രശ്നവുമില്ലാതെ നടന്നുപോകുന്നുണ്ടെന്നും അൻസിബയെ ചുമതലയിൽ നിന്നും മാറ്റിയത് ഏതെങ്കിലും തരത്തിലുള്ള പൊളിറ്റികിസിൻ്റെ ഭാഗമല്ലെന്നും റോണി പറയുന്നു. സംഘടനയുടെ ഭാവിയെ കുറിച്ച് അമ്മ ജനറൽബോഡി യോഗത്തിൽ താരങ്ങൾ ഉന്നയിച്ച ആശങ്കയെ കുറിച്ചും റോണി ഡേവിഡ് മനസ്സ് തുറന്നു. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

അൻസിബയുടെ മാറ്റത്തിന് കാരണം

സിദ്ദിഖ് നേതൃത്വം നൽകിയ അഡ്‌ഹോക്ക് കമ്മിറ്റിയുടെ കാലത്താണ് സഞ്ജീവനി പദ്ധതി തുടങ്ങുന്നത്. അന്ന് അൻസിബയ്ക്കായിരുന്നു പദ്ധതിയുടെ പൂർണ്ണ ചുമതല. എന്നാൽ ഓഗസ്റ്റിൽ പുതിയ ഭരണസമിതി വന്നപ്പോൾ ഒരു ഡോക്ടർ എന്ന നിലയിൽ തന്നെയും ഇതിൻ്റെ ഭാഗമാക്കുകയായിരുന്നു എന്ന് റോണി പറയുന്നു.

“പുതിയ ഭരണസമിതി വന്നപ്പോൾ ഞാൻ അതിന് അനുയോജ്യനാണെന്ന് അവർക്ക് തോന്നി. എങ്കിലും ഞാനല്ല അതിൻ്റെ ഹെഡ്. ജയൻ ചേർത്തലയ്ക്കാണ് പ്രധാന ചുമതല. അദ്ദേഹത്തിന് കീഴിൽ അഞ്ജലി നായർ, ആശ അരവിന്ദ്, ഞാൻ എന്നിവരടങ്ങുന്ന കമ്മിറ്റിയാണുണ്ടായിരുന്നത്. പുതിയ ഭരണസമിതിയുടെ ആദ്യ മീറ്റിംഗിന് ശേഷമാണ് അൻസിബയെ മാറ്റിയത്. നന്നായി നടത്തിക്കൊണ്ടിരുന്ന ഒരു പ്രൊജക്റ്റിൽ നിന്ന് പെട്ടെന്ന് മാറ്റിയപ്പോൾ അൻസിബക്ക് വിഷമം ഉണ്ടായിട്ടുണ്ട്, അത് ഞങ്ങൾക്ക് അറിയാവുന്ന കാര്യമാണ്,” റോണി വ്യക്തമാക്കി.

വിഷ്ണു ഉണ്ണികൃഷ്ണനെ പുറത്താക്കിയോ? സത്യമിതാണ്!

സഞ്ജീവനി പദ്ധതിയിൽ നിന്ന് നടൻ വിഷ്ണു ഉണ്ണികൃഷ്ണനെ പുറത്താക്കി എന്ന വാർത്തകളെ റോണി പൂർണ്ണമായും തള്ളി. അദ്ദേഹം ഇപ്പോഴും പദ്ധതിയുടെ ഭാഗമാണെന്നും, വിതരണം കൂടുതൽ എളുപ്പമാക്കുന്നതിനായി മൂന്ന് പോയിൻ്റുകളാക്കി മാറ്റിയപ്പോൾ അദ്ദേഹത്തിന് ലഭിച്ചിരുന്ന ബിസിനസിൽ കുറവുണ്ടായിട്ടുണ്ടാകാം എന്നും റോണി കൂട്ടിച്ചേർത്തു. കഴിഞ്ഞ മെയ് മാസത്തിൽ പോലും വിഷ്ണുവിന് ഒരു ലക്ഷത്തിന് മുകളിൽ ബിൽ നൽകിയിട്ടുണ്ട്.

കോഴിക്കോട് നിന്ന് കേരളത്തിൻ്റെ എല്ലാ ഭാഗത്തേക്കും ഇൻസുലിൻ പോലുള്ള മരുന്നുകൾ കൊറിയർ ചെയ്യുമ്പോൾ അത് കേടാകാൻ സാധ്യതയുണ്ട്. പലപ്പോഴും കിട്ടുന്ന മരുന്നുകൾ ഉപയോഗശൂന്യമാണെന്ന് മുതിർന്ന നടൻ ജനാർദ്ദനൻ സാർ ഉൾപ്പടെയുള്ളവർ പറഞ്ഞിരുന്നു. ഈ പ്രായോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് വിതരണം മൂന്ന് കേന്ദ്രങ്ങളിലാക്കിയത്. അൻസിബ കൂടി ഇരിക്കുന്ന മീറ്റിംഗിലാണ് ക്വട്ടേഷൻ അടക്കം പരിശോധിച്ചത്, ഒരുപക്ഷേ അൻസിബ അത് മറന്നുപോയതാകാമെന്നും താരം പറയുന്നു.

Also Read: Actor Dulquer Salman: ദുൽഖറിന്റെ പേരിൽ നിരവധി കാറുകൾ! ഭൂട്ടാൻ കാർ കടത്ത് കേസിൽ നടനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ്

സഞ്ജീവനി കൃത്യമായി തന്നെയാണ് നടന്നുപോകുന്നത്. മഴക്കാലം മുന്നിൽ കണ്ട് ജൂലൈ വരെയുള്ള മരുന്നുകൾ മുൻകൂട്ടി തന്നെ നൽകിയിട്ടുണ്ട്. ഗുണനിലവാരം കുറഞ്ഞ മരുന്നുകളാണ് വിതരണം ചെയ്യുന്നത് എന്ന ആരോപണം തെറ്റാണ്. എല്ലാം ഇൻ്റെർനെറ്റിൽ തിരയാവുന്ന കാലത്ത് അങ്ങനെ ചെയ്യാനാകുമോ എന്ന് റോണി ചോദിക്കുന്നു. അമ്മയിൽ ആർക്കും ഒറ്റയ്ക് ഒരു തീരുമാനം എടുക്കാനാകില്ല എന്നും, കൃത്യമായ വഴികളിലൂടെ കടന്നുപോയി മാത്രമേ ഒരു തീരുമാനം നടപ്പിലാക്കാനാകു എന്നും അദ്ദേഹം പറഞ്ഞു.

അമ്മയിൽ ഇപ്പോൾ ഉണ്ടായത് ചിലർ തമ്മിലുള്ള വ്യക്തിപരമായ പ്രശ്നങ്ങളാണ്. അത് സംഘടനക്കുള്ളിൽ പരിഹരിക്കണമായിരുന്നു പക്ഷേ രണ്ട് കൂട്ടരുടെയും സഹകരണം ഇല്ലാതെ അത് സാധ്യമല്ലെന്നും താരം പറയുന്നു. “ആരു പോയാലും അമ്മ ഇവിടെ ഉണ്ടാകും.” എന്ന് ജനറൽബോഡി യോഗത്തിൽ ലാൽ സാർ പറഞ്ഞു. കാരണം സംഘടന നിലനിൽക്കേണ്ടതിൻ്റെ ആവശ്യകത അദ്ദേഹത്തിന് കൃത്യമായി അറിയാം. മമ്മൂക്ക, ലാൽ സാർ, സുരേഷേട്ടൻ എന്നിവർ ഉള്ളിടത്തോളം കാലം ‘അമ്മ’ എന്ന സംഘടനക്ക് ഒന്നും സംഭവിക്കില്ലെന്നും റോണി ഉറപ്പിച്ചു പറയുന്നു.

ഇത്തവണത്തെ അമ്മയുടെ പരിപാടികളിൽ പൃഥ്വിരാജ്, ഫഹദ് ഫാസിൽ, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, നിവിൻ പോളി, ടൊവിനോ, ആസിഫ് അലി തുടങ്ങിയ മുൻനിര യുവതാരങ്ങളുടെ അസാന്നിധ്യം ജനറൽബോഡി മീറ്റിങ്ങിനിടെ അജു ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോഴുള്ള പ്രശ്നങ്ങൾ രമ്യതയിൽ പരിഹരിച്ച് മുന്നോട്ട് പോയാൽ മാത്രമേ നസ്‌ലൻ ഉൾപ്പടെയുള്ള പുതിയ തലമുറ ‘അമ്മ’യിലേക്ക് കടന്നുവരികയുള്ളൂ എന്ന് അജു വർഗീസ് പറഞ്ഞു. അത് നൂറ് ശതമാനം ശരിയാണ്. അടുത്ത തലമുറയിലേക്ക് ഈ സംഘടന കൈമാറി പോയാൽ മാത്രമേ ഇത് നിലനിൽക്കുകയുള്ളൂ,” റോണി ഡേവിഡ് കൂട്ടിച്ചേർത്തു.

English Summary

Actor Rony David clarified the recent AMMA controversies, explaining that actress Ansiba was removed from the Sanjeevani project due to administrative changes, not internal conflicts. He emphasized that resolving ongoing disputes is crucial for young actors like Naslen to join, while reiterating Mohanlal’s firm belief that AMMA will endure.

Follow Us
വെള്ളം ഒഴിച്ചാണോ ഫ്രിഡ്ജിൽ മീൻ സൂക്ഷിക്കാറ്? ഇതറിയണം!
മലക്കപ്പാറയിലേക്ക് പോയാലോ? ചാലക്കുടിയില്‍ നിന്നുള്ള ബസ് സമയമിതാ
വെറുതെ ഭം​ഗിക്കല്ല! ഇൻഡോർ ചെടികൾ വളർത്തിയാൽ കിട്ടുന്ന ഗുണങ്ങൾ
ഡെങ്കിപ്പനിക്ക് പപ്പായ ഇലയുടെ നീര് ഫലപ്രദമാണോ?
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം
ആന പ്ലാവിൽ കയറി ചക്ക ഇടുന്നത് കണ്ടോ